Join Whatsapp Group. Join now!
Aster MIMS 10/10/2023

Retirement | കാസർകോട്ടുകാരുടെ ജനകീയ ഡോക്ടർ ഇനി പുതിയ കർമപഥത്തിലേക്ക്; ദീർഘകാലത്തെ ആതുര സേവനത്തിന് ശേഷം ഡോ. ബി നാരായണ നായിക് വിരമിക്കുന്നു; സംഘടനാ രംഗത്തും തിളങ്ങിയ സാമൂഹ്യ പ്രവർത്തകൻ

Dr. B Narayana Naik retires #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com) ദീർഘകാലത്തെ ആതുര സേവനത്തിന് ശേഷം കാസർകോട്ടുകാരുടെ ജനകീയ ഡോക്ടർ ബി നാരായണ നായിക് ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുന്നു. പീഡിയാട്രിക്സ് സീനിയർ കൺസൾടന്റായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം ഡിസംബർ 31ന് കാസർകോട് ജെനറൽ ആശുപത്രിയുടെ പടവുകളിറങ്ങും. ഡോക്ടർ എന്ന നിലയിൽ മാത്രമല്ല, സാമൂഹ്യ പ്രവർത്തനങ്ങളിലും ജനങ്ങളോടൊപ്പം നിറഞ്ഞുനിന്നിരുന്ന വ്യക്തിയാണ് ബി നാരായണ നായിക്. ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചാലും പ്രിയങ്കരനായ ഈ കുട്ടികളുടെ ഡോക്ടർ ജനങ്ങളുടെ പ്രശ്നങ്ങളിൽ ഓടിയെത്തും.
           
Dr. B Narayana Naik retires, Kerala,Kasaragod,news,Top-Headlines,Retired,Doctor.

ബി നാരായണ നായികിന്റെ ഔദ്യോഗിക ജീവിതം കാസർകോട് ജെനറൽ ആശുപത്രിയുടെ ചരിത്രത്തിന്റെ കൂടി ഭാഗമാണ്. 2008ൽ കാസർകോട് താലൂക് ആശുപത്രിയുടെ ചുമതലയുള്ള സൂപ്രണ്ടായി അദ്ദേഹം പ്രവർത്തിച്ച സമയത്താണ് താലൂക് ആശുപത്രി ജെനറൽ ആശുപത്രിയായി ഉയർത്തിയത്. ഏഴ് നില നില കെട്ടിടം ജെനറൽ ആശുപത്രിയാക്കി മാറ്റുന്നതിൽ നിർണായക പങ്കാണ് അദ്ദേഹം വഹിച്ചത്. ആരോഗ്യമേഖലയിൽ ഏറെ പിന്നാക്കം നിൽക്കുന്ന കാസർകോടിനെ സംബന്ധിച്ചിടത്തോളം അതൊരു വലിയ നേട്ടമായിരുന്നു.
             
Dr. B Narayana Naik retires, Kerala,Kasaragod,news,Top-Headlines,Retired,Doctor.

പെർളയിലെ ഏൽക്കാന ബിലിഗുളി സ്വദേശിയായ പരേതനായ രമ നായിക് - ലക്ഷ്മി ദമ്പതികളുടെ മകനായി 1962 ഡിസംബർ ഏഴിനാണ് നാരായണ നായിക് ജനിച്ചത്. 1979ൽ പെർള എസ്എൻഎച്എസിൽ നിന്ന് ക്ലാസ് ടോപറായി എസ്എസ്എൽസി വിജയിച്ചു. 1979-81 ൽ കാസർകോട് ഗവ. കോളജിൽ നിന്ന് പ്രീഡിഗ്രി പൂർത്തിയാക്കി 1982ൽ കോഴിക്കോട് ഗവ. കോളജിലെ ആദ്യ എംബിബിഎസ്‌ എൻട്രൻസ് ബാചിൽ പ്രവേശനം നേടി. 1990ൽ ചൈൽഡ് ഹെൽതിൽ ഡിപ്ലോമ (DCH) നേടി സേവന മേഖലയിലേക്കിറങ്ങി.

1990 മുതൽ 1993 വരെ മലപ്പുറത്ത് എടപ്പാൾ ഹോസ്പിറ്റൽ പ്രൈവറ്റ് ലിമിറ്റഡിൽ ജോലി ചെയ്തു. 1993 നവംബറിൽ സംസ്ഥാന ആരോഗ്യ വകുപ്പിൽ ചേർന്നു. പുത്തിഗെ പി എച് സി, കുമ്പള സി എച് സി, കുമ്പള

കുഷ്ഠരോഗ നിയന്ത്രണ യൂണിറ്റ്, മൊഗ്രാൽ പുത്തൂർ പി എച് സി, മധൂർ പി എച് സി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു. 2007-ൽ കാസർകോട് താലൂക് ആശുപത്രിയിലേക്ക് മാറി. 2008ൽ താലൂക് ആശുപത്രിയുടെ ചുമതലയുള്ള സൂപ്രണ്ടായി പ്രവർത്തിച്ച അദ്ദേഹം 2009ൽ പീഡിയാട്രിക്സ് കൺസൾടന്റും 2018ൽ സീനിയർ കൺസൾടന്റുമായി. കുറച്ചുകാലം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കോഴിക്കോട് ഡബ്ല്യു ആൻഡ് സി എന്നിവിടങ്ങളിലും പ്രവർത്തിച്ചു.

സംഘടനാ രംഗത്തും നേതൃപാടവം തെളിയിക്കാൻ അദ്ദേഹത്തിനായി. 2017ലും 2018ലും ഇൻഡ്യൻ അകാഡമി ഓഫ് പീഡിയാട്രിക്സ് (IAP) കാസർകോട് യൂണിറ്റ് പ്രസിഡന്റായിരുന്നു. 2019-ൽ കെജിഎംഒഎ പ്രസിഡന്റായി. ഈ കാലയളവിൽ കെജിഎംഒഎ പ്രസിഡൻറ്സ് അപ്രീസിയേഷൻ അവാർഡും കരസ്ഥമാക്കി. 2020-21, 2021-22 ൽ ഐഎംഎ കാസർകോട് ബ്രാഞ്ചിന്റെ പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചു. മികച്ച ബ്രാഞ്ച് പ്രസിഡന്റിനുള്ള സംസ്ഥാന പ്രസിഡന്റിന്റെ അപ്രീസിയേഷൻ അവാർഡ് അദ്ദേഹം നേടി.

കൂടാതെ അദ്ദേഹത്തിന്റെ ഭരണകാലത്ത് സംസ്ഥാന തലത്തിൽ 13 അവാർഡുകളും കരസ്ഥമാക്കി.

ദേശീയ തലത്തിലും അംഗീകാരങ്ങൾ കരസ്ഥമാക്കാനായി. ഐഎപി സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുള്ള നാരായണ നായിക് നിലവിൽ അതിന്റെ കാസർകോട് യൂണിറ്റ് സെക്രടറിയാണ്. 2024-25 വർഷത്തിൽ റോടറി ക്ലബ് കാസർകോട് പ്രസിഡന്റ് സ്ഥാനം അദ്ദേഹത്തെ കാത്തിരിപ്പുണ്ട്.

സർവീസിലിരിക്കെ തന്നെ 1993 മുതൽ സാമൂഹിക പ്രവർത്തനങ്ങളിൽ അതീവ താത്പര്യത്തോടെ അദ്ദേഹം സമൂഹത്തിലേക്കിറങ്ങി. 2020 മാർച് മുതൽ കോവിഡ് പ്രവർത്തനങ്ങളിൽ വിശ്രമമില്ലാതെ പ്രവർത്തിച്ച് വരുന്നു. കാസർകോട് ജെനറൽ ആശുപത്രിയിലെ കോവിഡ് പരിശീലന ടീമിന്റെ കോർഡിനേറ്ററാണ്. ഈ കാലയളവിൽ സർകാർ-സ്വകാര്യ ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം നൽകുകയും റോടറി, സേവാഭാരതി തുടങ്ങിയ സന്നദ്ധസംഘടനകൾക്കൊപ്പം കോവിഡ് വാക്സിനേഷൻ കാംപ് സംഘടിപ്പിക്കുന്നതിൽ സജീവമായി പങ്കെടുക്കുകയും ചെയ്തു.

മഞ്ചേശ്വരത്തെ എട്ട് മുതൽ 12 വരെയുള്ള വിദ്യാർഥികൾക്ക് നിരവധി ആരോഗ്യ, കൗൺസിലിംഗ് ക്ലാസുകളും കാസർകോടും പരിസരവുമുള്ള വിവിധ ക്ലബുകൾക്കും റസിഡൻഷ്യൽ അസോസിയേഷനുകൾക്കും ആരോഗ്യ വിദ്യാഭ്യാസ ക്ലാസുകളും നടത്തി. ബിഎൽഎസ്, ബിഎൻആർപി പരിശീലനങ്ങളുടെ ജില്ലാ കോർഡിനേറ്റർ കൂടിയായ നാരായണ നായിക് ഈ മേഖലയിലും നിരവധി പരിശീലനങ്ങൾക്ക് നേതൃത്വം നൽകി. സ്വകാര്യ ജീവിതത്തിൽ ടെറസ് ഗാർഡനിങ് അദ്ദേഹത്തിന്റെ ഹോബിയാണ്. മഞ്ചേശ്വരം മണ്ഡലം പരിധിയിലെ പാവപ്പെട്ട കുടുംബത്തിന് വീടൊരുക്കാൻ നേതൃത്വം നൽകിയത് അടക്കമുള്ള എത്രയോ കാരുണ്യ പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ പ്രവർത്തന മികവ് തെളിയിക്കുന്നു.

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ കൺസൾടന്റ് ഗൈനകോളജിസ്റ്റ് ഡോ. ജ്യോതിയാണ് ഭാര്യ. മക്കൾ: ഡോ. ജ്യോത്സന (എംഡി സൈക്യാട്രി, വിദ്യാനഗർ ചൈത്ര മെഡികൽ സെന്റർ), ഡോ. കാവ്യ (എംഡി ഗൈനകോളജി, ഉഡുപി എസ്ഡിഎം ആയുർവേദ മെഡികൽ കോളജ്). മരുമക്കൾ: ഡോ. പ്രദീപ് കുമാർ (എംഡി റേഡിയോളജി, പ്രൈം സ്കാൻ സെന്റർ അണങ്കൂർ), ഡോ. രാകേഷ് (അസി. പ്രൊഫസർ, ശാരദ ആയുർവേദ മെഡികൽ കോളജ് തലപ്പാടി, മംഗ്ളുറു).

Keywords: Dr. B Narayana Naik retires, Kerala,Kasaragod,news,Top-Headlines,Retired,Doctor.

Post a Comment