അങ്കമാലിയിൽ ചായക്കടയിൽ ജോലി ചെയ്യുന്ന യുവാവ്, ഒരാഴ്ച മുമ്പ് കൂട്ടുകാരനെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവിട്ട് ഇരുചക്രവാഹനത്തിൽ തിരിച്ചുവരുന്നതിനിടെ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് അപകടത്തിൽ പെടുകയായിരുന്നു. തുടർന്ന് യുവാവിനെ അങ്കമാലിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കാലിനും മറ്റും പരുക്കേറ്റ യുവാവിന് ശസ്ത്രക്രിയ അടക്കമുള്ള ചികിത്സകൾ പൂർത്തിയതോടെ ആശുപത്രിയിൽ തന്നെ വൻ തുക അടക്കാനുള്ള ബിൽ ആണ് ലഭിച്ചത്.
നിർധന കുടുംബത്തിന് ഇത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ബന്ധുക്കളും കൂട്ടുകാരും മറ്റും പണം സ്വരൂപിച്ചാണ് ആശുപത്രി ബിൽ അടയ്ക്കാനായത്. എന്നാൽ അപ്പോഴും നാട്ടിലേക്ക് പോകുന്നതിന് യുവാവിന് മുന്നിൽ പ്രതിസന്ധി നേരിട്ടു. ബസിലോ ട്രെയിനിലോ പോകാവുന്ന അവസ്ഥയിലായിരുന്നില്ല യുവാവ്. ആംബുലൻസിൽ പോവുക മാത്രമായിരുന്നു വഴി. സ്വന്തമായി ആംബുലൻസ് ഒരുക്കുന്നതിനുള്ള പണമൊന്നും ഇവരുടെ പക്കൽ ഉണ്ടായിരുന്നില്ല. വിവിധ സംഘടനകളുമായും ബന്ധപ്പെട്ടെങ്കിലും ആ സമയം ആരിൽ നിന്നും അനുകൂല തീരുമാനം ഉണ്ടായില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.
അതിനിടെയാണ് കുടുംബത്തിന്റെ ദയനീയാവസ്ഥ ആസ്റ്ററിന്റെ ശ്രദ്ധയിൽ പെടുന്നത്. ഉടൻ തന്നെ ആസ്റ്റർ ഹോസ്പിറ്റൽസ് ഒമാൻ ആൻഡ് കേരള റീജിയണൽ ഡയറക്ടർ ഫർഹാൻ യാസീൻ ഇടപെടുകയും വിഷയം ഗൗരവമായി എടുക്കുകയും വീടുവരെ എത്തിക്കുന്നതിന് സൗജന്യമായി ആംബുലൻസ് സൗകര്യം ഒരുക്കുകയും ചെയ്തു. ആംബുലൻസ് അയക്കുന്നത് മുതൽ യുവാവ് വീട്ടിലേക്ക് എത്തുന്നത് വരെയുള്ള കാര്യങ്ങൾ ഫർഹാൻ യാസീൻ സസൂക്ഷ്‌മം നിയന്ത്രിച്ചു. നേരത്തെയും ആസ്റ്റർ വഴി നിരവധി ജീവകാര്യണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിന്റെ അനുഭവ കരുത്തുമായാണ് ഫർഹാൻ യാസീൻ പുതിയൊരു ദൗത്യം കൂടി പൂർത്തീകരിച്ചത്.
പാതിരാവിലും ഉറങ്ങാതെയായിരുന്നു ആസ്റ്ററിന്റെ കാരുണ്യമെന്നതായിരുന്നു മറ്റൊരു പ്രത്യേകത. ശനിയാഴ്ച പുലർചെ രണ്ടര മണിയോടെ യുവാവുമായി അങ്കമാലിയിൽ നിന്ന് പുറപ്പെട്ട ആംബുലൻസ് രാവിലെയോടെ വീട്ടിലെത്തി. യാതൊരു ഉപാധികളുമില്ലാതെ തികച്ചും മനുഷത്വപരമായാണ് ആസ്റ്റർ ഇടപെട്ടതെന്നും ആസ്റ്ററിന്റെ കാരുണ്യം ഏറെ ആശ്വാസമാണ് കുടുംബത്തിന് നൽകിയതെന്നും യുവാവിനൊപ്പം കൂട്ടിന് ഉണ്ടായിരുന്ന സഹോദരൻ കാസർകോട് വാർത്തയോട് പറഞ്ഞു.
Keywords: Aster provided free ambulance facility to poor youth, Kerala,kasaragod,news,Top-Headlines,Injured,hospital,Ambulance,Ernakulam.