കാഞ്ഞങ്ങാട്: (www.kasargodvartha.com) ജില്ലാ ആശുപത്രിക്ക് മുന്നിൽ തലയുയർത്തി നിന്നിരുന്ന ആൽമരം ഇനിയും വരും തലമുറയ്ക്ക് തണലേകും. ദേശീയപാത വികസനത്തിന്‍റെ ഭാഗമായി പൂർണമായും മുറിച്ചുമാറ്റേണ്ടിയിരുന്ന ആല്‍മരം മറ്റൊരു സ്ഥലത്തേക്ക് മാറ്റി നടുകയായിരുന്നു. ദേശീയപാത വികസന പ്രവൃത്തികൾ തുടങ്ങിയതോടെ കഴിഞ്ഞ ദിവസമാണ് മരം മുറിച്ചു നീക്കിയത്. ശിഖരങ്ങൾ വെട്ടിയൊതുക്കിയ കൂറ്റൻ ആൽമരം, പരിസ്ഥിതി പ്രേമികൾക്ക് നൊമ്പര കാഴ്ചയായി മാറിയിരുന്നു.
തുടർന്ന് മാതൃഭൂമി സീഡും നന്മമരം കാഞ്ഞങ്ങാടും കൈകോർത്തതോടെ ആൽമരത്തെ സംരക്ഷിക്കാനുള്ള വഴികൾ അന്വേഷിച്ചു. റോഡ് നിർമാണത്തിന്റെ കരാർ എടുത്തിരിക്കുന്ന മേഘാ ഗ്രൂപിലെ എൻജിനീയർമാരുമായി സംസാരിച്ച് ആൽമരത്തെ അങ്ങനെ തന്നെ സൗകര്യമുള്ള മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സാധ്യതകൾ ആലോചിച്ചു. അങ്ങനെ പതിറ്റാണ്ടുകൾ ജില്ലാ ആശുപത്രിക്ക് മുന്നിൽ തണൽ വിരിച്ചു നിന്ന അരയാലിനെ കവ്വായി അമ്പലം റോഡിലേക്ക് മാറ്റിസ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു. സമീപത്തെ ഇഎംഎസ് സാംസ്കാരിക വേദി പ്രവർത്തകരും കുടുംബശ്രീ അംഗങ്ങളും പിന്തുണയുമായി എത്തിയതോടെ കാടുപിടിച്ചുകിടന്ന പരിസരം വൃത്തിയാക്കി നിലമൊരുക്കി. റോഡ് വികസനത്തിന്‍റെ ഭാഗമായി നിരവധി മരങ്ങളാണ് നശിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ, മരങ്ങള്‍ സംരക്ഷിക്കണമെന്ന സന്ദേശവുമായാണ് ആൽമരം മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിച്ചത്. വികസനത്തിന്റെ പേരിൽ അകാല ചരമമടയേണ്ടി വരുമായിരുന്ന മരമുത്തശ്ശിക്ക് പുനർജീവൻ നൽകാനായത്തിന്റെ സന്തോഷത്തിലാണ് പരിസ്ഥിതി സ്നേഹികളും പ്രദേശവാസികളും.
Keywords: Kasaragod, News, Kerala, District-Hospital, Road, Top-Headlines, Kudumbasree, Tree replanted to another place.
Tree replanted | ജില്ലാ ആശുപത്രിക്ക് മുന്നിൽ തലയുയർത്തി നിന്നിരുന്ന ആൽമരം ഇനിയും തണലേകും; ദേശീയപാത വികസനത്തിൽ ജീവൻ നഷ്ടപ്പെട്ട മരമുത്തശ്ശിക്ക് പുനർജനി
Tree replanted to another place
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ