കാസർകോട്: (www.kasargodvartha.com) കുടുംബസ്വത്തിലെ കുരുമുളക് വള്ളിയിൽ നിന്ന് ഒരു പിടി കുരുമുളക് പറിച്ച വിരോധത്തിൽ സ്വന്തം ജ്യേഷ്ഠസഹോദരനായ ബുദ്ധനായ്ക്കിനെ (42) ഭാര്യയുടെയും മക്കളുടെയും മുന്നിൽ വെച്ച് നിഷ്ഠൂരമായി കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കൃഷ്ണ നായ്ക് എന്ന ബിജു (40) വിനെയാണ് കാസർകോട് അഡീഷണൽ സെഷൻസ് കോടതി (3) ജഡ്‌ജ് എവി ഉണ്ണികൃഷ്ണൻ ജീവപര്യന്തം തടവിനും അര ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത്. കൂടാതെ വീട്ടിൽ അതിക്രമിച്ചു കയറി ബുദ്ധനായ്ക്കിൻ്റെ ഭാര്യയെയും മകനെയും കയ്യേറ്റം ചെയ്‌തെന്ന കേസിൽ വിവിധ വകുപ്പുകൾ പ്രകാരം അഞ്ച് വർഷം തടവും 12,500 രൂപ പിഴയും പ്രത്യേകം വിധിച്ചിട്ടുണ്ട്.
2014 ഡിസംബർ മാസം 22 ന് രാത്രി ഏഴ് മണിയോടെയാണ് സംഭവം. പ്രതിയും കൊല്ലപ്പെട്ട ബുദ്ധനായ്ക്കും അഡൂർ ചാമക്കൊച്ചിയിൽ അടുത്തടുത്ത വീടുകളിലാണ് താമസം. അച്ഛൻ ദേവപ്പനായ്ക്കിൻ്റെ മരണശേഷം സ്വത്ത് ഭാഗം ചെയ്തിരുന്നില്ല. സംഭവത്തിന് മുമ്പ് ബുദ്ധനായ്ക് വീടിൻ്റെ മുന്നിലെ കുരുമുളക് തയ്യിൽ നിന്നും കുരുമുളക് പറിച്ചിരുന്നതായും ആ വിവരമറിഞ്ഞ് മദ്യപിച്ചെത്തിയ പ്രതി വീട്ടിൽ അതിക്രമിച്ചു കയറി ബുദ്ധനായ്ക്കിനെയും ഭാര്യ സീതമ്മയെയും ആക്രമിച്ചെന്നുമാണ് പരാതി.
അതിനിടയിൽ പ്രതിയുടെ മൊബൈൽ ഫോൺ വീട്ടിനകത്തു വീണിരുന്നതായും അതുതിരിച്ച് കൊടുക്കാൻ ബുദ്ധനായിക്കിൻ്റെ മകൻ രാജേഷിനോട് പ്രതി ആവശ്യപ്പെട്ടതായും മൊബൈൽ ഫോൺ നൽകാനായി പ്രതിയുടെ വീട്ടുമുറ്റത്തെത്തിയ രാജേഷിനെ പ്രതി കയ്യിലുണ്ടായിരുന്ന കത്തി കഴുത്തിനു പിടിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ഇതുകണ്ട് നിലവിളിച്ചുകൊണ്ട് ഓടിയെത്തിയ ബുദ്ധനായ്ക്കിനെ പ്രതി കഴുത്തിനും തലക്കും പുറത്തുമായി ആഞ്ഞു കുത്തുകയായിരുന്നുവെന്നാണ് കേസ്.
കുത്തുകൊണ്ട ബുദ്ധനായ്ക് പ്രാണരക്ഷാർത്ഥം ഓടി സ്വന്തം വീടിൻ്റെ ചായ്പിൽ വീഴുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് ബുദ്ധനായ്ക്കിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു. മകൻ രാജേഷിൻ്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ച ആദൂർ പൊലീസ് കൃത്യം നടന്ന് മൂന്നാം ദിവസം പ്രതിയെ അറസ്റ്റ് ചെയ്ത് കൊലക്കത്തി ബന്തവസിലെടുക്കാൻ സാധിച്ചത് നിർണായകമായി.
വിചാരണ വേളയിൽ അയൽപക്കക്കാരായ സാക്ഷികൾ കൂറുമാറിയെങ്കിലും ബുദ്ധനായ്കിന്റെ ഭാര്യയുടെയും മക്കളുടെയും മൊഴി സംശയാതീതമായി കേസ് തെളിയിക്കാൻ സഹായകരമായി.
സംഭവ സമയം താൻ മാരിപ്പടുപ്പ് അയ്യപ്പഭജനമന്ദിരത്തിലായിരുന്നുവെന്നും ബുദ്ധനായ്കിനെ രാഷ്ട്രീയ എതിരാളികൾ കൊല ചെയ്തതാണെന്നുമുള്ള പ്രതിയുടെ വാദം കോടതി തള്ളിക്കളഞ്ഞു. പിഴ തുകയ്ക്ക് പുറമെ കൊല്ലപ്പെട്ട ബുദ്ധനായ്ക്കിൻ്റെ കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ലീഗൽ സർവീസ് അതോറിറ്റിയോട് കോടതി നിർദേശിച്ചിട്ടുണ്ട്. ആദൂർ പൊലീസ് ഇൻസ്പെക്ടറായിരുന്ന സതീഷ് കുമാർ എ ആണ് കേസന്വേഷിച്ച് കുറ്റപത്രം സമർപിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂടർ അഡ്വ. കെ ബാലകൃഷ്ണൻ ഹാജരായി.
Keywords: Murder case: Youth gets life imprisonment and fine, Kerala,kasaragod,news,Top-Headlines,court,Verdict,Murder-case,Police, Complaint.