റിയാദ്: (www.kasargodvartha.com) ഫിഫ ലോകകപ് നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ ഖത്വറില്‍ ആരംഭിക്കാനിരിക്കെ ഫുട്‌ബോള്‍ പ്രേമികള്‍ യാത്രയ്ക്കായി ഒരുങ്ങുകയാണ്. മത്സരങ്ങള്‍ കാണാന്‍ സഊദിയില്‍നിന്ന് ഖത്വറിലേക്ക് പോകുന്നവര്‍ക്ക് സേവനം നല്‍കാന്‍ സജ്ജമാണെന്ന് സഊദി ജവാസാത്ത് (ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്) അറിയിച്ചു.
നിങ്ങള്‍ മത്സരങ്ങള്‍ നേരിട്ട് കാണാന്‍ യാത്ര ചെയ്യുകയാണെങ്കില്‍ നിരവധി നിര്‍ദിഷ്ട എന്‍ട്രി അറിഞ്ഞിരിക്കേണ്ടതുണ്ട്. ഫാന്‍ ഐഡി കാര്‍ഡുകള്‍ മുതല്‍ മദ്യം, നികോടിന്‍ എന്നിവയെ ചുറ്റിപ്പറ്റിയുള്ള നിയമങ്ങളും നിയന്ത്രണങ്ങളും വരെ അറിഞ്ഞിരുന്നില്ലെങ്കില്‍ പിടിക്കപ്പെടാന്‍ എളുപ്പമാണ്.
കര, വ്യോമമാര്‍ഗങ്ങളിലൂടെ ദോഹ ലക്ഷ്യമാക്കി പുറപ്പെടുന്നവര്‍ക്ക് എമിഗ്രേഷന്‍ അടക്കമുള്ള സേവനങ്ങള്‍ നല്‍കാന്‍ എല്ലാ അന്തര്‍ദേശീയ വിമാനത്താവളങ്ങളിലും അതിര്‍ത്തി ചെക് പോയന്റുകളിലും ആവശ്യത്തിന് ഉദ്യോഗസ്ഥരെ ആധുനിക സാങ്കേതിക സംവിധാനങ്ങളോടെ സജ്ജമാക്കിയതായാണ് ജവാസാത്ത് അധികൃതര്‍ അറിയിച്ചത്. യാത്രക്കാര്‍ പുറപ്പെടുമ്പോള്‍ മുതല്‍ മടങ്ങിയെത്തും വരേയ്ക്കും ഈ സംവിധാനം നിലനില്‍ക്കുമെന്ന് സഊദി പ്രസ് ഏജന്‍സി റിപോര്‍ട് ചെയ്തു.
കര, വ്യോമ മാര്‍ഗങ്ങളിലൂടെ നവംബര്‍ ഒന്നിനും ഡിസംബര്‍ 23നും ഇടയില്‍ ഹയ്യ പോര്‍ടലില്‍ രെജിസ്റ്റര്‍ ചെയ്ത പാസ്‌പോര്‍ട് ഉപയോഗിച്ച് മാത്രമേ സഊദി അറേബ്യയില്‍നിന്ന് ഖത്വറിലേക്ക് യാത്ര അനുവദിക്കൂ എന്നും ജവാസാത്ത് വ്യക്തമാക്കിയിട്ടുണ്ട്. ഖത്വര്‍ പൗരന്മാരേയും ഖത്വര്‍ ഐഡി കാര്‍ഡ് കൈവശമുള്ള വിദേശികളെയും ഈ നിബന്ധനയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
'ഹയ്യ' കാര്‍ഡുള്ളവര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ലോകകപില്‍ പങ്കെടുക്കാന്‍ ഖത്വറിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ഏകീകൃത സുരക്ഷ പ്രവര്‍ത്തന കേന്ദ്രവുമായി 911 എന്ന നമ്പറില്‍ ബന്ധപ്പെടാം. ലോകകപ് കാലയളവില്‍ സഊദിയിലേക്കും തിരിച്ചും യാത്രചെയ്യുന്നവര്‍ക്ക് സുഗമമായ യാത്ര ഉറപ്പാക്കാന്‍ ആവശ്യമായ വിവരങ്ങള്‍ക്ക് https://hereforyou(dot)sa/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.