ബദിയഡുക്ക: (www.kasargodvartha.com) എഴുന്നേൽക്കാൻ പോലും പറ്റാത്ത വിധത്തിൽ രോഗങ്ങൾ ആക്രമിച്ചപ്പോഴും ആരെയും ബുദ്ധിമുട്ടിക്കരുതെന്ന പ്രകൃതക്കാരനായിരുന്ന മുണ്ട്യത്തടുക്ക പള്ളത്തെ അശ്‌റഫ് (42) വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി. ഞായറാഴ്ച പുലർചെ നാല് മണിയോടെ അശ്റഫിന്റെ മുറിയിൽ നിന്ന് പുക ഉയരുന്നത് കണ്ട് വീട്ടുകാർ പരിശോധിച്ചപ്പോഴാണ് തീപൊള്ളലേറ്റ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
ആറ് വർഷത്തോളമായി അർബുദ ബാധിതനായ അശ്‌റഫ് നേരത്തെ കാസർകോട്ടെയും മംഗ്ളൂറിലെയും വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. അവസാനമായി തളങ്കര മാലിക് ദീനാർ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. എന്നാൽ സ്ഥിതി ഗുരുതരമായിരുന്നു. ഭക്ഷണം കഴിക്കാൻ പോലും ഏറെ ബുദ്ധിമുട്ടിയിരുന്നു. രോഗം കണ്ടെത്താൻ വൈകിയതിനാൽ യഥാസമയത്ത് വിദഗ്ധ ചികിത്സ ലഭ്യമാകാത്തതാണ് പ്രശ്‌നം ഗുരുതരമാക്കിയത്.
കുടുംബത്തിന്റെ സാമ്പത്തിക പ്രയാസങ്ങൾ കണ്ടറിഞ്ഞു സാമൂഹ്യ പ്രവർത്തകരും വിവിധ സംഘടനകളും അശ്റഫിനെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാനായി കൈകോർത്തു. ആശുപത്രികളിലേക്ക് മാറ്റുന്നതിനും ചികിത്സയ്ക്കും സഹായവുമായി അവരുണ്ടായിരുന്നു. ഭാര്യയും മക്കളും ത്യാഗങ്ങൾ സഹിച്ച് അശ്റഫിന് തണലായി ഒപ്പമുണ്ടായി. ഹോടെലിൽ ജോലി ചെയ്യുന്ന കൗമാരക്കാരനായ ഏക മകനായിരുന്നു കുടുംബത്തിന്റെ ആശ്രയം. എന്നാല്‍ ഒന്നിനും കാത്ത് നില്‍ക്കാതെ ഒടുവിൽ അശ്‌റഫ് യാത്രയാവുകയായിരുന്നു.
മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി. തുടർന്ന് നടപടികൾ പൂർത്തിയാക്കി കോട്ടപ്പഞ്ചം ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
ഭാര്യ: സകീന. മക്കൾ: അസ്മീദ്, അസ്മിയ.
Keywords: Young man died, Kerala, Badiyadukka, news, Death, Obituary, Kasaragod, Mangalore, Treatment.