കണ്ണൂർ: (www.kasargodvartha.com) ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. മൊഗ്രാൽ പുത്തൂരിലെ ഫാസിൽ (27), ഉള്ളാൾ സ്വദേശികളായ അശ്റഫ് (51), അലി അഹ്‌മദ് റാസ് (21) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ അശ്റഫിന് ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഫാസിലിനെ പയ്യന്നൂരിലെ ആശുപത്രിയിലും മറ്റ് രണ്ടുപേരെ പരിയാരത്തെ കണ്ണൂർ ഗവ. മെഡികൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കരിവെള്ളൂർ ദേശീയപാതയിൽ ഓണക്കുന്ന് ചേടിക്കുന്നിൽ ശനിയാഴ്ച വൈകീട്ട് 6.30 മണിയോടെയാണ് അപകടം സംഭവിച്ചത്. വിദേശത്തുനിന്ന് വന്നയാളെയും കൂട്ടിക്കൊണ്ട് കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ഉള്ളാളിലിലേക്ക് പോവുകയായിരുന്നു കാറിലെ യാത്രക്കാർ. ഇതിനിടെ എതിർ ദിശയിൽ നിന്നുവന്ന ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. ഓടിക്കൂടിയ പരിസരവാസികളാണ് പരിക്കേറ്റവരെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് സഹായിച്ചത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Keywords: Tanker lorry and car collided on the national highway, 3 injured, Kerala, Kannur, news,Top-Headlines,Car-Accident,Tanker-Lorry,Injured.