ഉളിയത്തടുക്ക: (www.kasargodvartha.com) നബിദിന പരിപാടിയിൽ തനിക്ക് സമ്മാനമായി ലഭിച്ച സൈകിൾ അതേവേദിയിൽ പാവപ്പെട്ട കുട്ടിക്ക് കൈമാറി വിദ്യാർഥി വേറിട്ട മാതൃകയായി. ഉളിയത്തടുക്ക ഇസ്സത്ത് നഗറിലെ മുഹമ്മദ് ശഫീഖിന്റെ മകൻ മുഹമ്മദ് അസാനാണ് നന്മയാർന്ന പ്രവർത്തനത്തിലൂടെ ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയത്. ഇസ്സത്ത് നഗർ നൂറുൽ ഹുദാ മദ്റസയിൽ നടന്ന നബിദിന പരിപാടിയിൽ കലാപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് അസാന് സൈകിൾ സമ്മാനമായി ലഭിച്ചത്.
പ്രസംഗത്തിലും ഗാനങ്ങളിലും ഒരുപോലെ തിളങ്ങി മൂന്ന് ഒന്നാം സ്ഥാനവും ഒരു രണ്ടാം സ്ഥാനവും നേടിയായിരുന്നു അസാൻറെ കലാപ്രതിഭാ നേട്ടം. ഇസ്സത്ത് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബാണ് വിജയികൾക്ക് സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്. സമ്മാന ദാന ചടങ്ങിൽ അസാനെ സ്റ്റേജിലേക്ക് വിളിച്ച് സൈകിൾ കൈമാറി. എന്നാൽ അതേ സ്റ്റേജിൽ വെച്ച് ഒരു പാവപ്പെട്ട കുട്ടിക്ക് തനിക്ക് കിട്ടിയ സമ്മാനം ദാനം ചെയ്ത് മുഹമ്മദ് അസാൻ സദസ്സിനെ ഞെട്ടിക്കുകയായിരുന്നു.
കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പങ്കുവെക്കലിന്റെയും പാഠങ്ങൾ പാടാനും പ്രസംഗിക്കാനും മാത്രമല്ലെന്ന് കാണിച്ച് കൊടുത്ത അസാൻറെ പ്രവൃത്തി ഏറെ സന്തോഷിപ്പിക്കുന്നുവെന്ന് മദ്റസ അധ്യാപകൻ മജീദ് ഫാളിലി കുണ്ടാർ കാസർകോട് വാർത്തയോട് പറഞ്ഞു. ചെറുപ്രായത്തിൽ തന്നെ അസാൻ കാണിച്ച കരുണയുടെ മനസിനെ അഭിന്ദിക്കുകയാണ് നാട്ടുകാരും ഇപ്പോൾ.
Keywords: Student handed over bicycle to poor child, Kerala,kasaragod,Uliyathaduka,news,Top-Headlines,Student,Bicycle, Teacher, Programme.
< !- START disable copy paste -->
Model Student | നബിദിനപരിപാടിയിൽ കലാപ്രതിഭയായി; സമ്മാനമായി ലഭിച്ച സൈകിൾ അതേവേദിയിൽ പാവപ്പെട്ട കുട്ടിക്ക് കൈമാറി വിദ്യാർഥിയുടെ വേറിട്ട മാതൃക; താരമായി മുഹമ്മദ് അസാൻ
Student handed over bicycle to poor child
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ