മംഗ്‌ളൂരു: (www.kasargodvartha.com) സൂറത്കല്‍ ടോള്‍ ബൂത് നിറുത്തലാക്കണം എന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച സമരസമിതി മാര്‍ച് നടത്തും. എട്ട് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ബൂത് വഴി ഇതിനകം 400 കോടി രൂപ ചുങ്കം പിരിച്ചെടുത്ത നിര്‍മാണ കംപനിക്കെതിരെ സുപ്രീം കോടതി വിധിച്ചിട്ടും പിരിവ് തുടരുകയാണ്.
ചൊവ്വാഴ്ച സമരം നയിക്കേണ്ട കോണ്‍ഗ്രസ് നേതാവും മംഗ്‌ളൂരു കോര്‍പറേഷന്‍ കൗണ്‍സിലറുമായ പ്രതിഭ കുളൈ, സിപിഎം സംസ്ഥാന കമിറ്റി അംഗവും ഡിവൈഎഫ്എ സംസ്ഥാന പ്രസിഡന്റുമായ മുനീര്‍ കാട്ടിപ്പള്ള തുടങ്ങിയ നേതാക്കളുടെ വീടുകളില്‍ അര്‍ധരാത്രി നോടീസ് നല്‍കിയ പൊലീസ് നടപടി വലിയ പ്രതിഷേധത്തിനിടയാക്കി. ടോള്‍ബൂത് സമരം ഉപേക്ഷിക്കുന്നത് സംബന്ധിച്ച് സംസാരിക്കാന്‍ ജില്ലാ ഡെപ്യൂടി കമീഷണര്‍ മുമ്പാകെ ഹാജരാവാന്‍ ആവശ്യപ്പെട്ടാണ് നോടീസ്. പൊലീസ് നടപടിയില്‍ പ്രതിഭ ഫെയ്‌സ്ബുക് പോസ്റ്റിലൂടെ പ്രതിഷേധിച്ചു.
താന്‍ വീട്ടില്‍ ഇല്ലാത്ത രാത്രി 11.45നാണ് സൂറത്കല്‍ സ്റ്റേഷനിലെ അഞ്ച് പൊലീസുകാര്‍ നോടീസുമായി എത്തിയത് എന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മനസ്സിലാവുന്നത്. 74വയസ്സുള്ള ഭര്‍തൃമാതാവ് അസമയത്ത് പൊലീസ് സംഘത്തെ കണ്ട് ഭയന്നു. നട്ടപ്പാതിര നേരത്താണോ വനിത പൊതുപ്രവര്‍ത്തകയുടെ വീട്ടില്‍ നോടീസുമായി കയറേണ്ടത് എന്ന് പ്രതിഭ ആരാഞ്ഞു.
തന്റേയും പ്രതിഭ കുളൈ, ബി കെ ഇംതിയാസ്, രാഘവേന്ദ്ര റാവു തുടങ്ങിയവരുടേയും വീടുകളില്‍ അര്‍ധരാത്രിയാണ് പൊലീസ് നോടീസുമായി കയറിയതെന്ന് മുനീര്‍ കാട്ടിപ്പള്ള പറഞ്ഞു. ഇത് ഏത് തരം ജനാധിപത്യമാണെന്ന് മനസ്സിലാവുന്നില്ല. മംഗ്‌ളൂറുവിലെ ബിജെപി എംഎല്‍എമാരായ ഭരത് ഷെട്ടി, ഉമാകാന്ത് കൊട്ട്യന്‍, വേദവ്യാസ് കാമത്ത് എന്നിവര്‍ക്ക് ഈ വിഷയത്തില്‍ എന്താണ് പറയാനുള്ളത് എന്നറിയേണ്ടതുണ്ട്.
പൊലീസ് നടപടിയില്‍ വിവിധ സംഘടനാ പ്രതിനിധികള്‍ തിങ്കളാഴ്ച വൈകുന്നേരം മംഗ്‌ളൂരുവില്‍ പ്രതിഷേധിച്ചു.
ഐവന്‍ ഡിസൂസ, എം ജി ഹെഗ്‌ഡെ എന്നിവര്‍ പ്രസംഗിച്ചു. പൊതുപ്രവര്‍ത്തകര്‍ക്ക് അര്‍ധരാത്രി നോടീസ് നല്‍കി ജനകീയ പ്രക്ഷോഭം തടയാന്‍ കൂട്ടുനിന്ന മംഗ്‌ളൂരു സിറ്റി പൊലീസ് കമീഷണര്‍ എന്‍ ശശികുമാറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാവ് ഐവന്‍ ഡിസൂസ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
Keywords: Mangalore, Karnataka, News, Latest-News, Top-Headlines, Supreme Court of India, Protest, Congress, Protest against toll booth on Tuesday.