ജില്ലയിലെ അഞ്ച് താലൂക് ആശുപത്രികളിൽ ഒരിടത്തുപോലും ശ്വാസകോശ വിദഗ്ധരില്ല. തന്നെയുമല്ല കാസർകോട് ജെനറൽ ആശുപത്രിയിലും, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും ഓരോരുത്തരും മാത്രമാണുള്ളത്. ഇതോടെ സാധാരണക്കാർക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിയാണുള്ളത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഇത് ഏറെ പ്രയാസം സൃഷ്ടിക്കുന്നു. താലൂക് ആശുപത്രികളിൽ സ്പെഷ്യാലിറ്റി യൂനിറ്റ് ഉൾപെടെ 33 ഡോക്ടർമാർ വേണമെന്നാണ് കണക്ക്. എന്നാൽ അതിന്റെ 10 ശതമാനം പോലുമില്ലാതെ കാസർകോട് ജില്ലാ കനത്ത അവഗണന നേരിടുകയാണ്.
മനുഷ്യ ശരീരത്തിൽ പുറംലോകവുമായി ഏറ്റവുമധികം ബന്ധമുള്ള അവയവമാണ് ശ്വാസകോശം. അതിനാൽ കാലാവസ്ഥാ വ്യതിയാനം മൂലം ഏറ്റവുമധികം മാറ്റങ്ങൾ സംഭവിക്കുന്ന അവയവവും ശ്വാസകോശം തന്നെയാണ്. ശ്വാസകോശത്തിലേക്ക് വായുവിനൊപ്പം രോഗാണുക്കൾ മുതൽ മാലിന്യങ്ങൾവരെ എത്തുന്നു. ഇതുമൂലം രോഗാവസ്ഥയിലേക്ക് എത്താനുള്ള സാധ്യത ഏറെയാണ്. ശ്വാസകോശ രോഗങ്ങൾ അനുദിനം വർധിച്ച് വരികയാണ്.
വായു മലിനീകരണം, അന്തരീക്ഷത്തില്‍ നിന്നുണ്ടാകുന്ന പൊടിപടലങ്ങള്‍, വീട്ടിനുള്ളില്‍ നിന്നുമുണ്ടാകുന്ന പൊടിപടലങ്ങൾ, പുകവലിയും തുടങ്ങിയവ ശ്വാസകോശരോഗങ്ങള്‍ക്ക് കാരണമാകുന്നു. പുകവലി മൂലം ശ്വാസകോശാര്‍ബുദത്തിനുള്ള സാധ്യതയും കുറവല്ല. തുടര്‍ച്ചയായി ഉണ്ടാകുന്ന അലര്‍ജി, അണുബാധ ഇവയൊക്കെ ശ്വാസകോശ രോഗങ്ങള്‍ക്ക് ഇടയാക്കിയേക്കാം. നഗരപ്രദേശങ്ങളിൽ 30 ശതമാനത്തോളം പേരും ഗ്രാമപ്രദേശങ്ങളിൽ 20 ശതമാനത്തോളം പേരും ആസ്തമ രോഗം കൊണ്ട് പ്രയാസപ്പെടുന്നു. കൂടാതെ കോവിഡാനന്തരം ചുമയും കഫക്കെട്ടും സാധാരണ ചികിത്സകളിൽ ഭേദമാകുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്. ന്യൂമോണിയയും വ്യാപകമാണ്. ഈസാഹചര്യത്തിൽ ശ്വാസകോശ രോഗ വിദഗ്ധരുടെ സേവനം ഓരോ ആശുപത്രിയിലും അത്യാവശ്യമാണ്. അധികൃതർ അടിയന്തരമായി ഇടപെട്ട് പൊതുജനാരോഗ്യം ഉറപ്പുവരുത്തുന്നതിന് ശ്വാസകോശ രോഗ വിദഗ്ധരെ നിയമിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Keywords: Kasaragod: 5 taluk hospitals do not have pulmonologists, Kerala, Kasaragod,Hospital, News,Top-Headlines,Doctors, Patient's.