മൊഗ്രാൽ: (www.kasargodvartha.com) നാടിന് വെളിച്ചമേകുന്ന മത സിരാ കേന്ദ്രങ്ങളായ മസ്ജിദുകളുടെ പരിപാലനം പുണ്യകർമങ്ങളാണെന്നും, അവ പരിപാലിക്കുമ്പോൾ സൂക്ഷ്മത കാത്തുസൂക്ഷിക്കണമെന്നും സമസ്ത കേരള ജംഇയ്യതുൽ ഉലമ സംസ്ഥാന അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. മൊഗ്രാലിലെ ഹൃദയഭാഗത്ത് പുതുക്കിപ്പണിത ശാഫി ജുമാ മസ്ജിദ് പ്രാർഥനയ്ക്കായി തുറന്നുകൊടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിത വിശുദ്ധിയിലേക്കുള്ള സമ്പൂർണ യാത്രയാണ് പള്ളികൾ. തന്റെതെല്ലാം പ്രപഞ്ചനാഥനായ അല്ലാഹുവിനുള്ളതാകുന്നു എന്ന പ്രഖ്യാപനമാണിത്. അതുകൊണ്ട് തന്നെ ചിന്തയിലും, വാക്കിലും, പ്രവൃത്തിയിലും ദോഷങ്ങൾ കലരാതെ സൂക്ഷ്മത പാലിച്ച് കൊണ്ടാകണം പള്ളികളിൽ പ്രാർഥന നടത്തേണ്ടതും, പരിപാലിക്കേണ്ടതെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. മഗ്‌രിബ് നിസ്കാരത്തിന് നേതൃത്വം നൽകി കൊണ്ടാണ് ജിഫ്രി മുത്തുകോയ തങ്ങൾ ജുമാമസ്ജിദ് തുറന്നുകൊടുത്തത്.
സമസ്ത ഉപാധ്യക്ഷൻ യുഎം അബ്ദുർ റഹ്‌മാൻ മൗലവി അധ്യക്ഷത വഹിച്ചു. വഖഫ് പ്രഖ്യാപനവും അദ്ദേഹം നിർവഹിച്ചു. സയ്യിദ് മദനി തങ്ങൾ മൊഗ്രാൽ പ്രാർഥനയ്ക്ക് നേതൃത്വം നൽകി. കെ എസ് അലി തങ്ങൾ കുമ്പോൾ ഇശാ നിസ്കാരത്തിന് നേതൃത്വം നൽകി. സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ, അൻവർ അലി ഹുദവി, ശാഫി ജുമാമസ്ജിദ് ഖത്വീബ് സലാം വാഫി, ഇമാം റിയാസ് അശാഫി, സദർ മുഅല്ലിം ബിവി ഹമീദ് മൗലവി, ജുമാമസ്ജിദ് പ്രസിഡണ്ട് അബൂബകർ ഹാജി ലാൻഡ്മാർക്, സെക്രടറി പിഎ ആസിഫ് തുടങ്ങിയവർ സംബന്ധിച്ചു.
Keywords:
Mogral, Kasaragod, Kerala, News, Top-Headlines, Masjid, Inauguration, Prayer, Jifri Muthukoya Thangal said that meticulousness is important in governance of the Mosque.< !- START disable copy paste -->