കുമ്പള: (www.kasargodvartha.com) ദേശീയപാത വികസന പ്രവൃത്തികൾ പുരോഗമിക്കുന്നതിനിടെ പെറുവാഡ് ജൻക്ഷനിൽ അടിപ്പാത നിർമിക്കണമെന്ന ആവശ്യം ശക്തമായി. ഇവിടെ അടിപ്പാത നിർമിക്കാമെന്ന അധികൃതരുടെ വാഗ്ദാനം പാലിക്കാതെ നാടിനെ രണ്ടായി വെട്ടിമുറിച്ച്, അറുന്നുറോളം കുടുംബങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നതായി ആരോപിച്ച് പ്രദേശവാസികൾ സമര രംഗത്തിറങ്ങി. പെറുവാഡ് ജൻക്ഷനിൽ ചേർന്ന പ്രതിഷേധ യോഗത്തിൽ ഇരുന്നുറോളം ആളുകൾ പങ്കെടുത്തു.
കുമ്പളയ്ക്കും കാസർകോടിനും ഇടയിലുള്ള പ്രധാനപ്പെട്ട പ്രദേശമായ പെർവാഡിൽ അറുന്നൂറോളം കുടുംബങ്ങളാണ് താമസിക്കുന്നത്. എല്ലാ ഫാസ്റ്റ്, എക്സ്പ്രസ് ബസുകളും ഇവിടെ നിർത്തുന്നുണ്ട്. ക്ഷേത്രം, മസ്ജിദ്, ആയിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന ഇൻഗ്ലീഷ് മീഡിയം സ്‌കൂൾ, അനവധി പേരെത്തുന്ന വിവാഹ- കൺവെൻഷൻ സെന്റർ, ബാങ്ക്, വ്യവസായ യൂനിറ്റുകൾ തുടങ്ങിയവ പെർവാഡ് ജൻക്ഷനിലുണ്ട്.
രണ്ട് പ്രധാന റോഡുകൾ ഇവിടെ ദേശീയ പാതയിലേക്ക് ചേരുന്നുണ്ട്. 300 ഓളം മീൻ തൊഴിലാളികൾക്കുള്ള സഞ്ചാര പാതയാണ് ഈ പോകറ്റ് റോഡുകൾ. ഇത്രയും പ്രധാനപ്പെട്ട ജൻക്ഷനിൽ ദേശീയ പാതയ്ക്ക് കുറുകെ അടിപ്പാത അത്യാവശ്യമാണെന്ന് നാട്ടുകാർ പറയുന്നു.
ഫലം കാണുന്നത് വരെയും സമര രംഗത്തിറങ്ങാനാണ് പ്രദേശവാസികളുടെ തീരുമാനം. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ നിർമാണ കംപനിയുടെ ഓഫീസിലേക്ക് ജനകീയ മാർച് നടത്തും. പ്രതിഷേധം ശക്തമാക്കുന്നതിനായി ആക്ഷൻ കമിറ്റിയും രൂപവത്കരിച്ചിട്ടുണ്ട്. ആക്ഷൻ കമിറ്റി ഭാരവാഹികൾ: അശ്റഫ് കർള (ചെയർമാൻ), സിഎം മുഹമ്മദ്, അനിൽ, സബൂറ, ഖൗലത്, ഹമീദ് ബി എൻ (വൈസ് ചെയർമാന്മാർ), നിസാർ പെറുവാഡ് (ജനറൽ കൺവീനർ), ഇബ്രാഹിം കെപി (കൺവീനർ), കൃഷ്ണ ഗട്ടി (ട്രഷറർ).
ഇബ്രാഹിം, സുഭാകരൻ, ചന്ദ്രശേഖര, സത്താർ ആരിക്കാടി, സഹദേവൻ, സുമിത്ര , ഹിൽടോപ് അബ്ദുല്ല, അഡ്വ. എംസിഎം അക്ബർ, ലത്വീഫ് ജെഎച്എൽ, റംല പി എച്, സകീന അക്ബർ, അശ്റഫ് പെറുവാഡ്, അബ്ദുൽ അസീസ് എഎം, അബ്ദുല്ല പിഎച്, ഫിർശാദ് കോട്ട, സാജു ഗഫൂർ (പ്രവർത്തക സമിതി അംഗങ്ങൾ).