കാസർകോട്: (www.kasargodvartha.com) പൊതുജനങ്ങള്‍ക്കുള്ള സേവന സംബന്ധിയായ പ്രശ്‌നങ്ങള്‍ ഏതുമാകട്ടെ. അത് പരിഹരിക്കാന്‍ ജനങ്ങള്‍ക്കിടയിലുണ്ട് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്. വില്ലേജ് ഓഫീസുകള്‍ സന്ദര്‍ശിച്ചുള്ള ജില്ലാ കളക്ടറുടെ പരാതി പരിഹാര നടപടികള്‍ മാതൃകയാവുകയാണ്. ഒക്ടോബര്‍ ആറ് മുതല്‍ എല്ലാ ആഴ്ചയിലും രണ്ട് ദിവസം തിരക്കുകള്‍ മാറ്റിവെച്ച് വില്ലേജ് ഓഫീസ് സന്ദര്‍ശനത്തിനും പരാതികള്‍ അറിയാനും സമയം കണ്ടെത്തുകയാണ് കളക്ടർ. കാസര്‍കോട്, ഹൊസ്ദുര്‍ഗ് താലൂക്കുകളിലെ വില്ലേജ് ഓഫീസുകളാണ് ഇപ്പോള്‍ സന്ദര്‍ശിക്കുന്നത്. വില്ലേജ് ഓഫീസര്‍മാരോട് വില്ലേജ് പരിധിയിലെ പ്രശ്നങ്ങള്‍ ചോദിച്ചറിയുന്നതിനൊപ്പം ജനങ്ങളുടെ പരാതികളും അപ്പപ്പോള്‍ സ്വീകരിക്കുന്നുണ്ട്.
ചെങ്കള, പാടി, നെക്രാജെ, കളനാട്, തളങ്കര, കുഡ്ലു, മധൂര്‍, ഉദുമ, ബാരെ, പനയാല്‍, പെരിയ വില്ലേജ് ഓഫീസുകള്‍ ഇതുവരെ സന്ദര്‍ശിച്ചു. അതിര്‍ത്തി നിര്‍ണയം, വീട് നിര്‍മാണം, കരം അടവ് തുടങ്ങി നിരവധി പ്രശ്നങ്ങള്‍ കളക്ടര്‍ക്ക് മുന്നിലെത്തി. വില്ലേജ് ഓഫീസ് സന്ദര്‍ശനത്തിനൊപ്പം വില്ലേജ് പരിധിയില്‍ വിവിധ കാരണങ്ങള്‍ കൊണ്ട് ജീവിതം വഴിമുട്ടി നില്‍ക്കുന്നവരെയും അതിദാരിദ്ര്യ പട്ടികയില്‍ ഉള്‍പ്പെട്ടവരെയും സന്ദര്‍ശിക്കാന്‍ കളക്ടര്‍ മറക്കുന്നില്ല. പരാതി സ്വീകരിച്ച് പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞ് കുറിച്ചെടുക്കും. പൊതുജനങ്ങളില്‍ നിന്നും ലഭിക്കുന്ന പരാതികളില്‍ വേഗത്തില്‍ തീര്‍പ്പുകല്‍പ്പിക്കാവുന്നവക്ക് ഉടനടി പരിഹാരം കാണുന്നുണ്ട്. അല്ലാത്തവ അതാത് വകുപ്പ് മേധാവികള്‍ കൈമാറുന്നുണ്ട്.
കോട്ടിക്കുളം, പള്ളിക്കര വില്ലേജ് ഓഫീസുകള്‍ സന്ദര്‍ശിച്ചു
വെള്ളിയാഴ്ച കോട്ടിക്കുളം, പള്ളിക്കര വില്ലേജ് ഓഫീസുകള്‍ ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു. കോട്ടിക്കുളം വില്ലേജ് ഓഫീസില്‍ കരം ഒടുക്കല്‍, അതിര്‍ത്തി പുനര്‍ നിര്‍ണയം എന്നിവ സംബന്ധിച്ച് അഞ്ച് പരാതികള്‍ ലഭിച്ചു. വില്ലേജ് പരിധിയിലുള്ള ശാരീരിക വെല്ലുവിളി നേരിടുന്ന കരിപ്പോടി സ്വദേശിനി ലക്ഷ്മി മുച്ചക്ര വാഹനം ആവശ്യപ്പെട്ടു. തിരുവക്കോളിയില്‍ മാനസിക വെല്ലുവിളി നേരിടുന്നയാളുടെ കുടുംബം പ്രശ്നങ്ങള്‍ അവതരിപ്പിച്ചു. സ്ട്രോക് മൂലം ചലനശേഷി നഷ്ടപ്പെട്ട ആറാട്ട് കടവ് സ്വദേശിനിക്ക് ചികിത്സാ സഹായം നല്‍കുന്നത് സംബന്ധിച്ചുള്ള ആവശ്യം കളക്ടര്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന് തിരുവക്കോളി ഗവ.എല്‍.പി സ്‌കൂളും തിരുവക്കോളി കുടുംബക്ഷേമ ഉപകേന്ദ്രവും സന്ദര്‍ശിച്ചു. വില്ലേജ് ഓഫീസിലെ കുടിവെള്ള പ്രശ്നവും ജീവനക്കാരുടെ ക്ഷാമവും വില്ലേജ് ഓഫീസര്‍ കളക്ടറെ അറിയിച്ചു.
പള്ളിക്കര വില്ലേജ് ഓഫീസിലെത്തിയ ജില്ലാ കളക്ടര്‍ക്ക് അതിര്‍ത്തി തര്‍ക്കം, റീസര്‍വെ എന്നിവ സംബന്ധിച്ച് ആറ് പരാതികള്‍ ലഭിച്ചു. തുടര്‍ന്ന് പള്ളിക്കര ഗ്രാമ പഞ്ചായത്ത് ഓഫീസും പള്ളിക്കര അക്ഷയ കേന്ദ്രവും സന്ദര്‍ശിച്ചു. വില്ലേജ് ഓഫീസിന് പരിസരത്ത് കെ.എസ്.ടി.പി റോഡില്‍ അപകടകരമാം വിധമുള്ള മണ്‍തിട്ട കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി. ഒക്ടോബര്‍ ആറിന് തുടങ്ങിയ ജില്ലാ കളക്ടറുടെ വില്ലേജ് ഓഫീസ് സന്ദര്‍ശനം ഡിസംബര്‍ 23 വരെ തുടരും. അടുത്ത സന്ദര്‍ശനം ഒക്ടോബര്‍ 28നാണ് തീരുമാനിച്ചിരിക്കുന്നത്. അജാനൂര്‍, ബല്ല വില്ലേജ് ഓഫീസുകള്‍ സന്ദര്‍ശിക്കും. സന്ദര്‍ശനത്തിനു മുന്നോടിയായി പൊതുജനങ്ങള്‍ക്ക് പരാതികള്‍ നേരിട്ടോ സന്ദര്‍ശനത്തിന് മുമ്പോ നല്‍കാം.
Keywords: Kasaragod, Kerala, News, Top-Headlines, Latest-News, District Collector, Village Office, Complaint, Collector visits village offices.
Collector | പരാതികളുണ്ടോ? പരിഹാരം കാണാം, കലക്ടര്‍ നിങ്ങളെ കേള്‍ക്കും; വിലേജ് ഓഫീസുകൾ സന്ദർശിച്ച് സ്വാഗത് ഭണ്ഡാരി രണ്‍വീര്‍ചന്ദ്; എല്ലാ ആഴ്ചയിലും 2 ദിവസം തിരക്കുകള്‍ മാറ്റിവെച്ച് സന്ദര്‍ശനം
Collector visits village offices#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ