ബേക്കല്‍ കോട്ടയുടെ ടൂറിസം സാധ്യതകള്‍മനസ്സിലാക്കി കാല്‍ നൂറ്റാണ്ട് മുമ്പ് ആരംഭിച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ വിജയപ്രദമാക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ബേക്കലിന്റെ സൗന്ദര്യവും സാധ്യതകളും വേണ്ടത്ര പ്രയോജനപ്പെടുത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ബേക്കല്‍ ബീചിനോട് അനുബന്ധിച്ച് അഞ്ചിലധികം പഞ്ചനക്ഷത്ര ഹോടല്‍ സമുച്ചയങ്ങളുണ്ടെങ്കിലും വിദേശ വിനോദ സഞ്ചാരികളെ ഇങ്ങോട്ടേയ്ക്ക് വേണ്ടത്ര ആകര്‍ഷിക്കാനായിട്ടില്ല. ബേക്കല്‍ കോട്ടയുടെ സൗന്ദര്യം തദ്ദേശീയവും, വിദേശീയവുമായ സഞ്ചാരികളിലെത്തിക്കാന്‍ വിപുലമായ പദ്ധതി ആവിഷ്‌ക്കരിച്ചതായി ഡി ടി പി സി സെക്രടെറി ലിജോ ജോസഫ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
അന്താരാഷ്ട്ര വിനോദസഞ്ചാര ദിനമായ ചൊവ്വാഴ്ച മുതല്‍ വിപുലമായ പരിപാടികളാണ് ബീചില്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നത്. ബേക്കല്‍ ടൂറിസം വികസനത്തിന് മാത്രമായി നിയമിച്ച ബി ആര്‍ ഡി സി യുടെ മേല്‍നോട്ടത്തിലാണ് തുടക്കം മുതല്‍ ബീച് ഉള്‍പെടെയുള്ള സ്ഥലങ്ങളിലെ സൗന്ദര്യവത്കരണം ഉള്‍പെടെ നടത്തിയത്.
ബേക്കല്‍ കോട്ട കാണാനെത്തുന്നവരെ ജില്ലയിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കൂടി എത്തിക്കാനുള്ള പദ്ധതികളാണ് ടൂറിസം വകുപ്പ് ആവിഷ്‌ക്കരിയിട്ടുള്ളതെന്ന് ഡിടിപിസി സെക്രടെറി വിശദീകരിച്ചു. മഞ്ഞം പൊതിക്കുന്ന്, പൊസഡിഗുംബെ, റാണിപുരം, കോട്ടഞ്ചേരി തുടങ്ങിയ പരിസ്ഥി സൗഹൃദ വിനോദസഞ്ചാര കേന്ദ്രങ്ങളെയും ബേക്കല്‍ കോട്ടയുമായി ബന്ധിപ്പിക്കുന്നതാണ് പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്.
ബേക്കല്‍ കോട്ട ഉള്‍പെടെ കാണാനെത്തുന്നവര്‍ ജില്ലയില്‍ മൂന്ന് ദിവസമെങ്കിലും തങ്ങി ജില്ലയിലെ തനത് കലകളും, കരകൗശല ഉത്പന്നങ്ങളും പരിചയപ്പെടുന്നതിനും സംവിധാനമൊരുക്കുന്നുണ്ട്. പുരാതന കാലംതൊട്ടേ കടല്‍കടന്ന തളങ്കര തൊപ്പി, ഇതിനകം തന്നെ പ്രശസ്തമായ കാസര്‍കോട് സാരി തുടങ്ങിയവയുടെ മഹിമ വിനോദസഞ്ചാരികളിലെത്തിക്കാനും, വാണിജ്യ സാധ്യത വര്‍ധിപ്പിക്കാനും ഡി ടി പി സി ആലോചിക്കുന്നുണ്ട്.
വലിയപറമ്പ്, നീലേശ്വരം കോടപ്പുറം തുടങ്ങിയ പ്രദേശങ്ങളെ ബന്ധിപ്പിച്ച് ജല ടൂറിസം സാധ്യതയും വിപുലമാക്കും. നിലവില്‍ ഇരുപതിലധികം ഹൗസ് ബോടുകളാണ് ടൂറിസ്റ്റുകള്‍ക്കായി സജ്ജമായിട്ടുള്ളത്. ഗോവ, തമിഴ്നാട്, കര്‍ണാടകം തുടങ്ങിയ സംസ്ഥാനങ്ങളിലെ സഞ്ചാരികള്‍ കാസര്‍കോട് പോലെ അത്ര ജലവിനോദസഞ്ചാര സാധ്യതയുള്ള ജില്ല കടന്ന് ആലപ്പുഴയും, എറണാകുളം ഉള്‍പ്പെടെ പോകുമ്പോള്‍ ജില്ലയുടെ സാധ്യതകള്‍ എങ്ങനെ പ്രയോജനപ്പെടുത്താമെന്നാണ് ഡി ടി പി സി ആലോചിക്കുന്നത്.
ബേക്കല്‍ ബീചിന്റെ സൗന്ദര്യം ഒപ്പിയെടുത്ത ബോംബെ സിനിമയിലെ അണിയറ ശില്പികളെയും, നടീ നടന്മാരെയും ബേക്കല്‍ ബീചിലെത്തിക്കാന്‍ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് തന്നെ മുന്‍കൈയ്യെടുത്ത് ശ്രമം നടത്തുന്നുണ്ട്. ബേക്കല്‍ അടക്കമുള്ള ജില്ലയിലെ ടൂറിസം സാധ്യതകള്‍ ജനങ്ങളിലെത്തിക്കുന്നതിന് വിപുലമായ കര്‍മപദ്ധതികളാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്. സഞ്ചാരികള്‍ക്കായി ഡിസംബറില്‍ ഇതിനായി ബീച് ഫെസ്റ്റ് തന്നെ സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ കാഞ്ഞങ്ങാട് നഗരസഭാ പരിധിയില്‍വരുന്ന മഞ്ഞംപൊതിക്കുന്ന് വിനോദസഞ്ചാര കേന്ദ്രത്തിന്റെ വികസനത്തിന് അഞ്ച് കോടിയുടെ പദ്ധതി ടൂറിസം വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ട്. കാസര്‍കോട് മാത്രം നൂറിലധികം ഉത്തരവാദിത്ത ടൂറിസം പ്രൊജക്ടുകളാണ് ഡി ടി പി സിക്ക് സമര്‍പിച്ചിട്ടുള്ളത്. ഇതില്‍ പലതിന്റെയും പ്രവര്‍ത്തനങ്ങളും തുടങ്ങി.
ലോക ടൂറിസം ദിനത്തില്‍ റീ തിങ്കിംഗ് ടൂറിസത്തിന്റെ ഭാഗമായി ചെവ്വാഴ്ച രാവിലെ ഒമ്പത് മണിക്ക് ബേക്കല്‍ ബീചില്‍ ഹെറിറ്റേജ് വാക് സംഘടിപ്പിച്ചിട്ടുണ്ട്. പ്രമുഖ ചരിത്രകാരന്‍ ഡോ സി ബാലനാണ് നയിക്കുന്നത്. കേരള ടൂറിസം അക്രെഡിറ്റഡ് ടൂര്‍ ഗൈഡ് പി എന്‍ നിര്‍മേഷ്‌കുമാറാണ് സംഘാടകന്‍. ബീചിന്റെ സൗന്ദര്യം നുകരാന്‍ പരവനടുക്കത്ത് നിന്നും റെഡ്മൂണ്‍ ബീചിലേക്ക് വയോജനങ്ങളുമെത്തും. ബെറ്റര്‍ ലൈഫ് ഫൗണ്‍ഡേഷന്‍, ഡി ടി പി സി, സാമൂഹ്യ ക്ഷേമ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് വയോജനങ്ങളെ ബേക്കല്‍ റെഡ് മൂണ്‍ ബീചിലെത്തിക്കുന്നത്.
പരവനടുക്കം ഓള്‍ഡ് ഏജ് ഹോമിലെ അന്തേവാസികളാണ് രാവിലെ 8.30 ഓടെ ബീചിലെത്തുക. തങ്ങളുടെ വാര്‍ധക്യത്തിന്റെ അവശതകളും, ഒറ്റപ്പെടലുകളും മറക്കാനൊരു അവസരമൊരുക്കാനാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. ജില്ലയിലേക്ക് ആഭ്യന്തര- തദ്ദേശ ടൂറിസ്റ്റുകള്‍ കൂടുതലായി എത്തുന്നുണ്ടെങ്കിലും വിദേശ വിനോദ സഞ്ചാരികളെ ബേക്കലിലേക്കും അവിടെ നിന്നും മറ്റ് ടൂറിസം കേന്ദ്രങ്ങളിലേക്കും എത്തിക്കുകയെന്ന മഹാ ദൗത്യമാണ് ഡി ടി പി സി യുടെയും ബി ആര്‍ ഡി സി യുടെയും മുമ്പിലുള്ളത്. കോവിഡിന് ശേഷം വിനോദ സഞ്ചാര മേഖല പതുക്കെ കരകയറുകയാണ്.
Keywords: Kerala, Kasaragod, News, Bekal, Tourism, Kasargodvartha, World Tourism Day; New projects are coming up in Kasaragod.