പയ്യന്നൂർ: (www.kasargodvartha.com) സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട അദൃശ്യ കാമുകിയായ 14കാരിയെ തേടി സമ്മാന പൊതികളുമായി ഇടുക്കിയിൽ നിന്നും 386 കിലോമീറ്റർ സഞ്ചരിച്ചെത്തിയ കൗമാരക്കാരനായ കാമുകനേയും കൂട്ടുകാരനെയും സംശയം തോന്നിയ പരിസരവാസികൾ പിടികൂടി പയ്യന്നൂർ പൊലീസിലേൽച്ചു. പയ്യന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗ്രാമത്തിലാണ് സംഭവം നടന്നത്.
സോഷ്യൽ മീഡിയ ചാറ്റിങ്ങിലൂടെ അടുപ്പത്തിലായ കാമുകിയെ തേടിയെത്തിയ കൗമാരക്കാരനും രണ്ട് കൂട്ടുകാരും ശനിയാഴ്ച വൈകുന്നേരം മൂന്നരമണിയോടെ സ്കൂളിന് സമീപത്തെ ബസ് സ്റ്റോപിൽ കാത്തുനിൽക്കുകയായിരുന്നു. മൂന്നു ബസുകൾ പോയിട്ടും ഇവർ ബസിൽ കയറാത്തതാണ് പരിസരവാസികൾക്ക് സംശയം ജനിപ്പിച്ചത്. പിന്നീട്, അവർ തങ്ങളെ ശ്രദ്ധിക്കുന്നുവെന്ന് മനസിലാക്കിയ മൂന്നു പേരും അവിടെ നിന്ന് പെട്ടെന്ന് സ്ഥലം വിടാൻ ഒരുങ്ങിയെങ്കിലും പരിസരവാസികൾ പിന്തുടർന്ന് ഇവരെ പിടികൂടുകയായിരുന്നു.
കൗമാരക്കാരെ ചോദ്യം ചെയ്തപ്പോഴാണ് നാട്ടിലെത്തിയതിന്റെ രഹസ്യം പുറത്തായത്. സോഷ്യൽ മീഡിയ ചാറ്റിങ്ങിലൂടെ പരിചയപ്പെടുകയും അടുപ്പത്തിലാവുകയും ചെയ്ത എട്ടാം ക്ലാസിൽ പഠിക്കുന്ന കാമുകിയെ തേടി ഇടുക്കിയിൽ നിന്നാണ് ഇവരെത്തിയതെന്ന് മനസിലാക്കിയ പരിസരവാസികൾ പയ്യന്നൂർ പൊലീസിൽ വിവരമറിയിച്ചു.
പൊലീസെത്തി കൗമാരക്കാരെ സ്റ്റേഷനിലെത്തിച്ച് ഇടുക്കിയിലുള്ള വീട്ടുകാരെ വിവരമറിയിച്ചു. വീട്ടുകാരെ വിളിച്ചുവരുത്തി പിന്നീട് അവർക്കൊപ്പം നാട്ടിലേക്ക് പറഞ്ഞുവിട്ടു. മീശ മുളക്കാത്ത ചെക്കനും എട്ടും പൊട്ടും തിരിയാത്ത പെണ്ണും തമ്മിലുള്ള ചാറ്റ് പരിശോധിച്ച പൊലീസ് മൂക്കത്ത് വിരൽ വെച്ചിരിപ്പാണ്. ഉള്ളടക്കം പുറത്ത് വിടാൻ പൊലീസ് തയ്യാറായില്ല.