പാലക്കാട്: (www.kasargodvartha.com) പറമ്പിക്കുളം അണക്കെട്ടിന്റെ ഷടറിന് തകരാര്‍ സംഭവിച്ചതോടെ ചാലക്കുടി പുഴയിലേക്ക് ശക്തമായ വെള്ളമൊഴുക്ക്. ഈ സാഹചര്യത്തില്‍ പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിന്റെ ഷടറുകള്‍ തുറക്കുന്നതിനാല്‍ ചാലക്കുടി പുഴയോരത്തുള്ളവര്‍ക്ക് ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം.
ബുധനാഴ്ച പുലര്‍ചെയാണ് സാങ്കേതികത്തകരാറിനെത്തുടര്‍ന്ന് പറമ്പിക്കുളം റിസര്‍വോയറിന്റെ മൂന്ന് ഷടറുകളിലൊന്ന് തനിയെ തുറന്നത്. ഇതോടെ സെകന്‍ഡില്‍ 20,000 ഘനയടി വെള്ളമാണ് പെരിങ്ങല്‍കുത്ത് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.
അണക്കെട്ടിന്റെ മൂന്നു ഷടറുകളും 10 സെന്റീമീറ്റര്‍വീതം തുറന്ന് വെള്ളം ഒഴുക്കിക്കളയുന്നുണ്ടായിരുന്നു. അതിനിടയ്ക്കാണ് നടുവിലത്തെ ഷടര്‍ തകരാറിലായത്. 25 അടി നീളമുള്ള ഷടറാണ് പൂര്‍ണമായും തുറന്നത്.
പെരിങ്ങല്‍കുത്ത് അണക്കെട്ടിലെ ആറു ഷടറുകളും തുറന്നതോടെ ചാലക്കുടി പുഴയിലേക്ക് എത്തുന്ന വെള്ളത്തിന്റെ അളവ് കൂടി. ജലനിരപ്പ് 4.5 മീറ്റര്‍ വരെ ഉയരാനിടയുള്ളതിനാല്‍ പരിഭ്രാന്തരാവേണ്ട ആവശ്യമില്ലെങ്കിലും ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ ഹരിത വി കുമാര്‍ അറിയിച്ചു.
അതേസമയം, മീന്‍പിടിക്കാനോ കുളിക്കാനോ മറ്റോ പുഴയില്‍ ഇറങ്ങരുത്. ജലത്തിന്റെ ഒഴുക്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഡിസ്ട്രിക്ട് എമര്‍ജന്‍സി ഓപറേഷന്‍സ് സെന്റര്‍ (ഡിഇഒസി) നിരീക്ഷിച്ചുവരികയാണെന്നും കലക്ടര്‍ അറിയിച്ചു. മന്ത്രിമാര്‍ ഉള്‍പെടെയുള്ളവര്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്.
Keywords: news,Kerala,State,Top-Headlines,Palakkad,ALERT,River,District Collector, Parambikulam Dam Shutter Damaged; Chalakkudy river raises