കാസര്‍കോട്: (www.kasargodvartha.com) നഗരസഭയുടെ നോടീസ് ബോര്‍ഡ് കാണാതായി ആഴ്ചകള്‍ക്ക് ശേഷം അന്വേഷണ റിപോര്‍ടിന്റെ അടിസ്ഥാനത്തിലുള്ള പരാതി പൊലീസിന് കൈമാറി. പരാതി പൊലീസിന് കൈമാറാന്‍ വൈകിയതിന് എതിരെ നഗരസഭ യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉണ്ടായത്. ഇതിന് പിന്നാലെയാണ് പരാതി പൊലീസിന് നല്‍കാന്‍ തീരുമാനിച്ചത്.
15-ാം വാര്‍ഡായ കൊല്ലമ്പാടിയില്‍ സ്ഥാപിച്ച നോടീസ് ബോര്‍ഡാണ് ആഴ്ചകള്‍ക്ക് മുമ്പ് കാണാതായത്. നഗരസഭയുടെ വിവിധ പദ്ധതികളുടേയും വാര്‍ഡ് സഭ പോലുള്ള അറിയിപ്പുകളും പ്രസിദ്ധീകരിച്ച് വന്നിരുന്ന നോടീസ് ബോര്‍ഡാണ് ഈ മാസം ആദ്യം കാണാതായത്. അണങ്കൂര്‍-ചാല-പെരുമ്പളകടവ് റോഡില്‍ അണങ്കൂര്‍ ബദര്‍ ജുമാ മസ്ജിദിന് സമീപം ഇരുമ്പു കമ്പിയില്‍ സ്ഥാപിച്ച നോടീസ് ബോര്‍ഡാണ് അടി ഭാഗത്ത് നിന്നും മുറിച്ച് മാറ്റി കൊണ്ട് പോയത്.
സംഭവം വിവാദമായതോടെ മുറിച്ചുമാറ്റിയ ബോര്‍ഡ് സമീപത്തെ വാര്‍ഡായ ടിപു നഗറില്‍ സ്ഥാപിച്ചതായി കണ്ടെത്തി. സംഭവത്തില്‍ പ്രദേശവാസികള്‍ സംയുക്തമായി പരാതി നല്‍കിയതിനെ തുടര്‍ന്ന് നഗരസഭാ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് അന്വേഷണം നടത്തുകയും ബോര്‍ഡ് പുനര്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ ആഴ്ചകള്‍ പിന്നിട്ടിട്ടും ബോര്‍ഡ് പഴയ സ്ഥലത്ത് പുനര്‍ സ്ഥാപിക്കുകയോ നഗരസഭാ ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തി കണ്ടെത്തിയ വസ്തുത പ്രകാരം പൊലീസില്‍ പരാതി നല്‍കുകയോ ചെയ്യാതിരുന്നതോടെയാണ് ചൊവ്വാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നത്.
വാര്‍ഡ് കൗണ്‍സിലര്‍ മജീദ് കൊല്ലമ്പാടി വിഷയം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിച്ചതോടെ ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഒന്നടങ്കം ഉദ്യോഗസ്ഥരുടെ വീഴ്ചകളെ ചോദ്യം ചെയ്തു. നഗരസഭാ ഓഫീസില്‍ വിവിധ ആവശ്യങ്ങളുമായി എത്തുന്നവരെ പൊതുജനങ്ങളെ നിസാര കാര്യങ്ങള്‍ക്ക് പോലും വട്ടംകറക്കുന്നതായുള്ള ആക്ഷേപമാണ് ഉന്നയിക്കപ്പെട്ടത്.
നഗരസഭയുടെ പൊതുമുതലായ നോടീസ് ബോര്‍ഡ് കാണാതായ കാര്യം പൊലീസില്‍ പരാതിപ്പെടാതെ അന്വേഷണ റിപോര്‍ട് അടക്കം പൂഴ്ത്തിവെച്ചത് ചോദ്യം ചെയ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് ബുധനാഴ്ച രാവിലെ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയത്. നോടീസ് ബോര്‍ഡ് സ്ഥാപിച്ചിരുന്ന സ്ഥലത്തെ റോഡ് കയ്യേറി ചുറ്റുമതില്‍ കെട്ടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് മുറിച്ചുമാറ്റിയതെന്നാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത്. സ്ഥലം കയ്യേറുന്നതിന് നോടീസ് ബോര്‍ഡ് തടസ്സമായിരുന്നു. ഇതാണ് ഇരുളിന്റെ മറവില്‍ നോടീസ് ബോര്‍ഡ് മുറിച്ച് മാറ്റാന്‍ കാരണമായത്.
സംഭവത്തില്‍ പൊതുമരാമത്ത് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് നോടീസ് ബോര്‍ഡ് നീക്കം ചെയ്തതായി കണ്ടെത്തിയത്. ബോര്‍ഡ് നീക്കം ചെയ്തവര്‍ കുറ്റസമ്മതം നടത്തുകയും ബോര്‍ഡ് പഴയത് പോലെ സ്ഥാപിക്കുമെന്നും അറിയിച്ചതിനാലാണ് പരാതി നല്‍കാന്‍ വൈകിയതെന്നാണ് നഗരസഭാ സെക്രടറി പറയുന്നത്. വാഗ്ദാനം ലംഘിച്ചത് കൊണ്ടാണ് ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നതെന്നും സെക്രടറി കൂട്ടിചേര്‍ത്തു. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായതായി കരുതുന്നില്ലെന്നും സെക്രടറി പറഞ്ഞു.
Keywords: Complaint filed weeks after municipality's notice board went missing, Kerala,Kasaragod,news,Top-Headlines,complaint,Police,Report,Investigation.