city-gold-ad-for-blogger
Aster MIMS 10/10/2023

Pinarayi Vijayan | ഗവര്‍ണറുടെ അസാധാരണ നടപടിക്കെതിരെ വാര്‍ത്താസമ്മേളനത്തില്‍ മറുപടി നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: (www.kasargodvartha.com) സര്‍കാരിനും സിപിഎമിനുമെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവനില്‍ നടത്തിയ അസാധാരണ വാര്‍ത്താ സമ്മേളനത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താസമ്മേളനം വിളിച്ചാണ് മുഖ്യമന്ത്രി ഗവര്‍ണര്‍ക്കെതിരായ നിലപാട് വ്യക്തമാക്കിയത്. ആര്‍എസ്എസ് ബന്ധമുള്ളയാളാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Pinarayi Vijayan | ഗവര്‍ണറുടെ അസാധാരണ നടപടിക്കെതിരെ വാര്‍ത്താസമ്മേളനത്തില്‍ മറുപടി നല്‍കി മുഖ്യമന്ത്രി

വാര്‍ത്താ സമ്മേളനം വിളിച്ച ഗവര്‍ണറുടേത് അസാധാരണ നടപടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാധാരണ 'നിന്ന് പറയുന്നത് ഗവര്‍ണര്‍ ഇരുന്ന്' പറഞ്ഞു. സര്‍കാരുമായുള്ള അഭിപ്രായ വ്യത്യാസം അറിയിക്കുന്നതിനു നിയതമായ രീതികളുണ്ടെന്നും അതിലൂടെ വിയോജിപ്പ് അറിയിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗവര്‍ണര്‍ പരസ്യനിലപാട് എടുക്കുന്നതിനാലാണ് മാധ്യമങ്ങളോട് ഇതു തുറന്നു പറയേണ്ടി വരുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചാണു ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്നാണ് ഭരണഘടനയില്‍ പറയുന്നത്. മന്ത്രിസഭയുടെ ഉപദേശം നിരസിക്കാന്‍ ഗവര്‍ണര്‍ക്ക് അവകാശമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് ഭരണഘടനയാണു പ്രധാനം. ഗവര്‍ണറാണു സംസ്ഥാനത്തിന്റെ ഭരണഘടനാ തലവന്‍. ഭരണനിര്‍വഹണ അധികാരം തിരഞ്ഞെടുക്കപ്പെട്ട സര്‍കാരിനാണ്. മന്ത്രിസഭയുടെ സഹായവും ഉപദേശവും അനുസരിച്ചാണു ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്നാണ് ഭരണഘടന പറയുന്നത്. ഗവര്‍ണര്‍ ഒപ്പിട്ട ഒരു നിയമത്തിനും ഗവര്‍ണര്‍ക്കു വ്യക്തിപരമായ ഉത്തരവാദിത്തമില്ല. ഉത്തരവാദിത്തം സര്‍കാരിനാണ്. മന്ത്രിസഭയുടെ തീരുമാനം നിരസിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് കോടതി ഉത്തരവുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംഘടനകളില്‍നിന്ന് അകലം പാലിക്കേണ്ട ഭരണഘടനാ പദവിയാണു ഗവര്‍ണറുടേത്. ഗവര്‍ണറുടെ ഓഫിസിനെ രാഷ്ട്രീയ ഉപജാപ കേന്ദ്രമാക്കുന്നു എന്ന ആക്ഷേപം ഉയരുന്നു. ആര്‍എസ്എസ് വാട്‌സ് ആപ് ഗ്രൂപില്‍ നിന്നാണോ ഗവര്‍ണര്‍ വിവരം ശേഖരിക്കുന്നത്. തനിക്ക് ആര്‍എസ്എസ് ബന്ധമുണ്ടെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ തന്നെ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഗവര്‍ണര്‍ പ്രശംസയും സ്‌നേഹവും നല്‍കിയത് ആര്‍എസ്എസിനാണ്. ഭരണാഘടനാ സ്ഥാനത്തിരുന്ന് ഇതു പറയാമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

കമ്യൂണിസം വിദേശത്തു നിന്നു കടത്തിയ ആശയമാണെന്നാണ് അദ്ദേഹത്തിന്റെ പരാതി. അങ്ങനെയാണെങ്കില്‍ ഇന്നു ഈ രാജ്യത്തു നില നില്‍ക്കുന്ന മുതലാളിത്ത വ്യവസ്ഥയുടെ ഉത്ഭവം എവിടെയാണ്? അതും വന്നത് യൂറോപില്‍ നിന്നാണ്. അതെങ്ങനെയാണ് വന്നത്? രക്തരൂക്ഷിതമായ അടിച്ചമര്‍ത്തലിന്റെയും അധിനിവേശത്തിന്റെയും കൊള്ളയുടേയും നൂറ്റാണ്ടുകള്‍ നീണ്ട ചരിത്രമാണ് ഇന്‍ഡ്യയ്ക്ക് മുതലാളിത്തവും സാമ്രാജ്യത്വവും സമ്മാനിച്ചിട്ടുള്ളത്.

ആ അധിനിവേശത്തിനും ചൂഷണത്തിനുമെതിരെ നടത്തുന്ന ഇന്നും തുടരുന്ന സമരത്തിന്റെ അഭിമാനകരമായ ചരിത്രമാണ് ഇന്‍ഡ്യയിലെ കമ്യൂണിസ്റ്റുകാര്‍ക്കുള്ളത്. അതുള്‍ക്കൊള്ളാന്‍ അതേ സാമ്രാജ്യത്വത്തിന്റെ തിണ്ണയില്‍ മാപ്പിരക്കാനായി നിരങ്ങിയ പ്രത്യയശാസ്ത്ര ബോധ്യത്തിനു സാധിക്കില്ല എന്നത് നാം കാണണം.

വാര്‍ത്താസമ്മേളനത്തിനായി ഒരു വൈദേശിക ഭാഷയെ ആശ്രയിക്കേണ്ടി വരുന്നു എന്ന ചിന്ത പോലും അദ്ദേഹത്തിനില്ല എന്നത് കൗതുകകരമാണ്. ഗവര്‍ണര്‍ എന്ന തന്റെ പദവിയെ താങ്ങി നിര്‍ത്തുന്ന പാര്‍ലമെന്ററി ഡെമോക്രസി, കാബിനറ്റ് ഫോം ഓഫ് ഡെമോക്രസി എന്നിവയെല്ലാം വിദേശത്ത് നിന്നും കടം കൊണ്ട ആശയങ്ങളാണ് എന്നതും അദ്ദേഹം മറന്നു പോയിരിക്കുന്നു. അതോ വിദേശത്ത് നിന്നും വന്നതുകൊണ്ട് ഇതൊന്നും അംഗീകരിക്കില്ല എന്ന നിലപാടാണോ. അങ്ങനെയെങ്കില്‍ അത് ഏകാധിപത്യ ബോധത്തിന്റെ പ്രതിഫലനമാണെന്നു വേണം കാണാന്‍ എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭരണഘടനയാണ് ഈ രാജ്യത്തിന്റെ സത്ത. നൂറു കണക്കിനു നാട്ടു രാജ്യങ്ങളായും ബ്രിടിഷ് ഭരണപ്രദേശങ്ങളായും ചിതറിക്കിടന്നിരുന്ന അതിവിശാല ഭൂപ്രദേശമാണിത്. അതിന്റെ കണ്ണഞ്ചിക്കും വിധം വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളേയും ഉപദേശീയതകളേയും ഒക്കെ ചേര്‍ത്തു നിര്‍ത്തി ഒരൊറ്റ ഇന്‍ഡ്യയാക്കുന്നത് നമ്മുടെ ഭരണഘടനയാണ്.

ആ ഭരണഘടനയുടെ ആമുഖം പറയുന്നത്, ഇന്‍ഡ്യയിലെ ജനങ്ങളായ നാം, ഇന്‍ഡ്യയെ ഒരു പരമാധികാര സ്ഥിതിസമത്വ മതനിരപേക്ഷ ജനാധിപത്യ റിപബ്ലികായി സംവിധാനം ചെയ്യുന്നതിനെക്കുറിച്ചാണ്. അത്തരത്തില്‍ ഈ രാജ്യത്തെ നിലനിര്‍ത്താനാണ് നമ്മളെല്ലാം പ്രവര്‍ത്തിക്കുന്നത്. അല്ലാതെ ആ സത്തയെ തകര്‍ക്കാനായി വര്‍ഗീയതയുടേയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം പ്രസരിപ്പിക്കാനല്ല.

ജനങ്ങളും ഈ നാടുമാണ് സര്‍കാരിന്റെ പരിഗണനാ വിഷയങ്ങള്‍. അതല്ലാതെ ഏറ്റുമുട്ടലല്ല. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം. അത് പ്രകടിപ്പിക്കാനും പരിഹരിക്കാനും ഭരണഘടനയും നിയമങ്ങളും കീഴ് വഴക്കങ്ങളും അനുശാസിക്കുന്ന രീതികള്‍ ഉണ്ട്. ആ സാധ്യതകളാണ് ഉപയോഗിക്കേണ്ടത് എന്നാണ് ആവര്‍ത്തിച്ചു വ്യക്തമാക്കാനുളളത്.

2019 ഡിസംബര്‍ 28ന് കണ്ണൂര്‍ സര്‍വകലാശാലയില്‍ നടന്ന ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടന പ്രസംഗത്തിനിടെ വസ്തുതാ വിരുദ്ധമായ പരാമര്‍ശം ഗവര്‍ണറുടെ ഭാഗത്തുനിന്നുണ്ടായി. ഗവര്‍ണറുടെ തെറ്റായ പരാമര്‍ശത്തിന് എതിരെയാണ് പ്രതിഷേധം ഉയര്‍ന്നത്. പ്രമുഖ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിനെ ഗുണ്ട എന്നും കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രനെ ക്രിമിനല്‍ എന്നും ഗവര്‍ണര്‍ വിളിച്ചു.

ലോകം അംഗീകരിക്കുന്ന ചരിത്രകാരനാണ് ഇര്‍ഫാന്‍ ഹബീബ്. സംഘപരിവാറിനെതിരെ നിലപാട് സ്വീകരിച്ചവരാണ് ഇര്‍ഫാന്‍ ഹബീവും ഗോപിനാഥ് രവീന്ദ്രനും. ചരിത്രത്തെ തങ്ങള്‍ക്കനുകൂലമായി വ്യാഖ്യാനിക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ഇഷ്ടമുള്ള അജന്‍ഡ നടപ്പാക്കാന്‍ ഗവര്‍ണര്‍ സര്‍വകലാശാലകളെ പരീക്ഷണ കേന്ദ്രങ്ങളാക്കുന്നു. കേരള സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ (VC) നിയമനത്തിനു സമിതിയെ നിയമിച്ചത് നിയമവിരുദ്ധമാണ്. ആര്‍എസ്എസിന്റെ പരീക്ഷണശാലയാകാന്‍ കേരളത്തിലെ സര്‍വകലാശാലകളെ തുറന്നിടാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗവര്‍ണറില്‍ സമ്മര്‍ദം ചെലുത്തി ഒന്നും നേടേണ്ട ആവശ്യം സര്‍കാരിനില്ല. വായിച്ചുപോലും നോക്കാതെ ബിലി(Bill)ല്‍ ഒപ്പിടില്ലെന്നു പറയുന്നതു ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. ബിലുകള്‍ പാസാക്കുന്നത് നിയമസഭയിലെ വിശദമായ ചര്‍ചയ്ക്കുശേഷമാണ്. ഗവര്‍ണര്‍ക്ക് ബിലിന് അനുമതി നല്‍കുകയോ നല്‍കാതിരിക്കുകയോ ചെയ്യാം.

എന്നാല്‍ തിരിച്ചയച്ച ബില്‍ വീണ്ടും പാസാക്കിയാല്‍ അത് ഗവര്‍ണര്‍ ഒപ്പിടേണ്ടിവരും. ജനങ്ങള്‍ക്കും നാടിനും എതിരായി മാറുകയാണു ഗവര്‍ണറുടെ പ്രവര്‍ത്തനമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ നേട്ടങ്ങളെ ഇകഴ്ത്തി കാണിക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.

Keywords: CM Pinarayi Vijayan against Kerala Governor Arif Mohammad Khan in press meet, Thiruvananthapuram, News, Top-Headlines, Press meet, Kerala.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL