മംഗ്‌ളുറു: (www.kasargodvartha.com) സൂറത് കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ മംഗളപേട്ടയിൽ മുഹമ്മദ് ഫാസിലിനെ (24) വെട്ടിക്കൊന്ന സംഭവം ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമെന്ന് പൊലീസ്. ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്ത ആറുപ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇക്കാര്യം വെളിവായത്. ദക്ഷിണ കന്നഡ ജില്ലയിലെ സുഹാസ് ഷെട്ടി (29), മോഹൻ സിങ് (26), ഗിരിധർ (23), അഭിഷേക് (23), ദീക്ഷിത് (21), ശ്രീനിവാസ് (26) എന്നിവരാണ് അറസ്റ്റിലായത്.
ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണെന്ന് മംഗ്‌ളുറു സിറ്റി പൊലീസ് കമീഷണർ എൻ ശശികുമാർ പറഞ്ഞു. 'ജൂലൈ 28ന് വൈകുന്നേരമാണ് ഫാസിൽ കൊല്ലപ്പെട്ടത്. ഹിന്ദുസ്താൻ പെട്രോളിയം കെമികൽസ് ബുള്ളറ്റ് ടാങ്കർ പാർടൈം ക്ലീനിംഗ് തൊഴിലാളിയാണ് ഫാസിൽ. സംഭവദിവസം റെഡിമെയ്ഡ് വസ്ത്ര കടയുടെ മുന്നിൽ നിൽക്കുമ്പോഴാണ് അക്രമത്തിനിരയായത്. സുഹാസ് ഷെട്ടിയാണ് ആരെയെങ്കിലും കൊല്ലുക എന്ന ആശയം അഭിഷേകുമായി ചർച ചെയ്തത്.
കൊല്ലാവുന്ന ആറ്-ഏഴ് പേരുടെ പട്ടിക ഗിരിധറുമായി ചേർന്ന് തയാറാക്കി. ആയുധങ്ങളും കാറും സംഘടിപ്പിക്കുന്ന കാര്യം മോഹനുമായി ആലോചിച്ചു. അയാൾ തന്റെ രണ്ടു സുഹൃത്തുക്കളുടെ സഹായം തേടി. കൊല നടന്നതിന്റെ തലേദിവസം അജിത് ക്രാസ്റ്റയുടെ കാർ മൂന്ന് ദിവസത്തേക്ക് 15000 രൂപ നിശ്ചയിച്ച് സംഘടിപ്പിച്ചു. സംഭവത്തലേന്ന് സുഹാസ് മംഗ്‌ളുറു കാവൂരിൽ സുഹൃത്തിന്റെ വീട്ടിൽ തങ്ങിയാണ് പദ്ധതി ആസൂത്രണം ചെയ്തത്. രാവിലെ ആയുധങ്ങളുമായി ബണ്ട് വാൾ കരിഞ്ചേശ്വര ക്ഷേത്രം സന്ദർശിച്ചു. നേരത്തെ തയ്യാറാക്കിയ പട്ടികയിൽ നിന്ന് ഫാസിലിന്റെ പേര് ഉറപ്പിച്ചു.
മോഹനാണ് കാർ ഓടിച്ചുകൊണ്ടുവന്നത്. സൂറത്കലിൽ കാന്റീനിൽ നിന്ന് ഭക്ഷണവും കിണ്ണിഗോളിയിലെ ബാറിൽ നിന്ന് മദ്യവും കഴിച്ച സംഘം ഫാസിലിന്റെ നീക്കങ്ങൾ നിരീക്ഷിച്ചുകൊണ്ടിരുന്നു. അവസരം ഒത്തുവന്നപ്പോൾ സുഹാസ്, മോഹൻ, അഭിഷേക് എന്നിവർ ഫാസിലിനെ അക്രമിച്ചു. ഗിരിധർ കാറിന്റെ ഡ്രൈവർ സീറ്റിലും ദീക്ഷിത് പിറകിലും ഇരുന്നു. നാട്ടുകാരിൽ നിന്ന് അക്രമികളെ രക്ഷിക്കുന്നതിലാണ് ശ്രീനിവാസ് ശ്രദ്ധിച്ചത്. അറസ്റ്റിലായ എല്ലാവരും ക്രിമിനൽ പശ്ചാത്തലം ഉള്ളവരും കേസുകളിൽ പ്രതികളുമാണ്', കമീഷണർ വിശദീകരിച്ചു.
Keywords: Mangalore, Police, Accuse, Accused, Murder, Murder-case, News, Top-Headlines, Karnataka, Fazil's murder was pre-planned; list of 7 people has been prepared, says police.< !- START disable copy paste -->