മേല്‍പറമ്പ്: (www.kasargodvartha.com) കട്ടക്കാല്‍ പെട്രോള്‍ പമ്പിന് മുമ്പില്‍ മൂന്ന് കാറുകളും ഓടോറിക്ഷയും കൂട്ടിയിടിച്ച് ഓടോറിക്ഷ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മേല്‍പറമ്പ് വള്ളിയോട് സ്വദേശി മുജീബിനാണ് പരിക്കേറ്റത്. മുജീബിനെ ആദ്യം കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചിരുന്നെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് മംഗ്‌ളൂറിലെ ആശുപത്രിയിലേക്ക് മാറ്റി.
ശനിയാഴ്ച വൈകീട്ട് 4.30 മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ പെട്ട രണ്ട് കാറുകളുടേയും ഓടോറിക്ഷയുടെയും മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. മറ്റൊരു കാറിന്റെ മുന്‍ഭാഗത്തെ ബംബറിന് കേടുപാടുകള്‍ സംഭവിച്ചു. മഴയുള്ള സമയത്താണ് അപകടം നടന്നത്. മറികടക്കുമ്പോൾ വാഹനങ്ങൾ കൂട്ടിയിടിച്ചതാകാമെന്നാണ് കരുതുന്നത്.
അപകട വിവരമറിഞ്ഞു മേൽപറമ്പ് പൊലീസ് സ്ഥലത്തെത്തി ഗതാഗത തടസം പരിഹരിച്ചു.