കാസര്‍കോട്: (www.kasargodvartha.com) എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് മതിയായ ചികിത്സ ലഭിക്കണമെന്ന ഹര്‍ജിയില്‍ കേരള സര്‍കാര്‍ സുപ്രീം കോടതിയില്‍ സമര്‍പിച്ച സത്യവാങ്മൂലത്തില്‍ അസത്യങ്ങുളുടെ പെരുമഴ. കാസര്‍കോട്ടെ ജനറൽ ആശുപത്രിയും കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയും സൂപര്‍ സ്പെഷ്യാലിറ്റി നിലവാരത്തിലാണെന്നാണ് സത്യവാങ്മൂലത്തിലെ അവകാശവാദം.
2017 ഏപ്രില്‍ 22ലെ സര്‍കാര്‍ ഉത്തരവ് പ്രകാരം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയും കാസര്‍കോട് ജനറൽ ആശുപത്രിയും ന്യൂറോളജിയില്‍ സൂപര്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍ നടപ്പിലാക്കി എന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. എന്നാല്‍ രണ്ട് ആശുപത്രികളിലും ഓരോ ന്യൂറോളജിസ്റ്റിന്റെ തസ്തിക സൃഷ്ടിക്കുക മാത്രമേ ചെയ്തിട്ടുള്ളു.
2021 ജൂലൈ ഒന്നിന് ഇലക്ട്രോഎന്‍സെഫലോഗ്രാം മഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനാവശ്യമായ ടെക്നീഷ്യന്മാരെ നിയമിച്ചിട്ടില്ല. ഒരു ന്യൂറോളജി യൂനിറ്റിന് 24 മണിക്കൂറും സൂപര്‍ സ്പെഷ്യാലിറ്റി സേവനം നല്‍കുന്നതിന് മൂന്ന് ന്യൂറോളജിസ്റ്റിനെ എങ്കിലും നിയമിക്കുകയും ഒരു ഇന്റര്‍വെന്‍ഷനല്‍ സ്ട്രോക് കെയര്‍ ലാബും ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഇത്തരത്തിലുള്ള പരിചരണ കേന്ദ്രം ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ ഉള്‍പെടെ ഒരു ആശുപത്രികളിലും ഇല്ല.
ജില്ലാ ആശുപത്രിയില്‍ 2021 ഫെബ്രുവരിയില്‍ ഒമ്പത് കോടി രൂപ ചിലവില്‍ കാത് ലാബ് നിര്‍മിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഹൃദ്രോഗ വിദഗ്ധരെ നിയമിച്ചിട്ടില്ല. കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയില്‍ ഫോറന്‍സിക് സര്‍ജനേയും നിയമിച്ചിട്ടില്ല. കാസര്‍കോട് ജനറൽ ആശുപത്രിയില്‍ ഒരു ഫോറന്‍സിക് സര്‍ജനെ നിയമിച്ചിട്ടുണ്ടെങ്കിലും രാത്രിയും പകലും പോസ്റ്റ്മോര്‍ടം നടത്തണമെങ്കില്‍ കൂടുതല്‍ സര്‍ജന്മാരെ നിയമിക്കേണ്ടതുണ്ട്.
ജില്ലാ ആശുപത്രിയില്‍ യൂറോളജിസ്റ്റ്, മെഡികല്‍ ഓങ്കോളജിസ്റ്റ്, കാര്‍ഡിയോ തെറാപിക് സര്‍ജന്‍, പീഡിയാട്രിക് സര്‍ജന്‍, ഗാസ്ട്രോ എന്‍ട്രോളജിസ്റ്റ് ഡോക്ടര്‍മാര്‍ പോലുമില്ല. എന്‍ഡോസ്‌കോപി ചെയ്യാനുള്ള സംവിധാനം പോലും ഇവിടെയില്ലെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു.
കമ്യൂനിറ്റി ഹെല്‍ത് സെന്ററുകളായിരുന്ന മംഗല്‍പാടി, പനത്തടി എന്നിവ താലൂക് ആശുപത്രികളായി പ്രഖ്യാപിച്ചതല്ലാതെ ഇവിടേക്ക് വേണ്ടുന്ന ഒരു സംവിധാനവും ഏര്‍പ്പെടുത്തിയിട്ടില്ല. ജില്ലയിലെ നാല് താലൂക് ആശുപത്രികളായ മംഗല്‍പാടി, പനത്തടി, നിലേശ്വരം, തൃക്കരിപ്പൂര്‍ എന്നിവയില്‍ ഒരു ആശുപത്രികളിലും ഗൈനകോളജിസ്റ്റോ അനസ്തേഷ്യ വിദഗ്ധരോ ഇല്ലാത്തതിനാല്‍ പ്രസവ ചികിത്സകള്‍ നടക്കുന്നില്ല. ഓരോ താലൂക് ആശുപത്രികളിലും മൂന്ന് ഗൈനകോളജിസ്റ്റുകളും രണ്ട് അനസ്തേഷ്യ വിദഗ്ധരും ഉണ്ടായിരുന്നാല്‍ മാത്രമേ ചികിത്സ കൃത്യമായി നടത്താന്‍ കഴിയുകയുള്ളു എന്ന് ജില്ലയിലെ ഒരു മുതിര്‍ന്ന ഡോക്ടര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഇപ്പോള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും കാസര്‍കോട് ജനറൽ ആശുപത്രിയിലും മാത്രമാണ് പ്രസവ ചികിത്സ നടത്തി വരുന്നത്.
പട്ടി കടിച്ചാല്‍ നല്‍കേണ്ട പേവിഷബാധ കുത്തിവയ്പിനുള്ള മരുന്നു പോലും ഇല്ലാത്തതിനാല്‍ താലൂക് ആശുപത്രകളില്‍ പട്ടികളുടെ കടിയേറ്റാല്‍ പോലും ജില്ലാ ആശുപത്രിയിലേക്കും ജനറൽ ആശുപത്രിയിലേക്കും റഫര്‍ ചെയ്യുകയാണ് ചെയ്യുന്നത്. ദേശീയ പാതയോരത്തെ താലൂക് ആശുപത്രികളില്‍ ട്രോമ കെയര്‍ സെന്ററുകള്‍ വേണ്ടതാണെങ്കിലും അത് പോലും നിലവിലില്ല.
എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് ത്രിതീയ പരിചരണ ചികിത്സ നല്‍കുന്നതിന് കര്‍ണാടക മംഗ്‌ളൂറിലെ മൂന്ന് സ്വകാര്യ സൂപര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ ഉള്‍പ്പെടെ 17 ആശുപത്രികള്‍ എംപാനല്‍ ചെയ്തിട്ടുണ്ട്. മള്‍ടി സ്‌പെഷ്യാലിറ്റി ക്രിടികല്‍ കെയര്‍ കാന്‍സര്‍ ചികിത്സ, കാര്‍ഡിയാക്, ന്യൂറോളജി പരിചരണം എന്നിവയാണ് പ്രധാനമായും നല്‍കുന്നത്. രോഗികള്‍ അവരുടെ ചികിത്സയ്ക്കായി ജില്ലയ്ക്ക് പുറത്തുള്ള ഈ സ്വകാര്യ ആശുപത്രികള്‍ കൂടി ആശ്രയിക്കുന്നത് കൊണ്ടാണ് അവരുടെ ജീവന്‍ നിലനില്‍ക്കുന്നത്.
ത്രിതീയ പരിചരണ ചികിത്സ നല്‍കുന്നതിന് രണ്ട് സര്‍കാര്‍ മെഡികല്‍ കോളജ് ഉണ്ടെന്നും പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് കാസര്‍കോട് ജില്ലാ അതിര്‍ത്തിയില്‍ നിന്ന് 22 കിലോമിറ്റർ മാത്രമേ ഉള്ളുവെന്നും സര്‍കാറിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു. കാസര്‍കോട്ടെ സര്‍കാര്‍ മെഡികല്‍ കോളജ് എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശത്താണ് സ്ഥിതി ചെയ്യുന്നതെന്നും പൊതു ജനങ്ങള്‍ക്കായുള്ള ഒ പി സേവനങ്ങള്‍ 2021 ജനുവരി മൂന്നിന് ആരംഭിച്ചതായും ന്യൂറോളജിയും നെഫ്രോളജിയും ഉള്‍പ്പെടെ എല്ലാ സ്‌പെഷ്യാലിറ്റി ഒപിഡിയും സൂപര്‍ സ്‌പെഷ്യാലിറ്റി ഒപിഡിയും അവിടെ ലഭ്യമാണെന്നും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ചികിത്സയ്ക്ക് പ്രത്യേക പരിഗണന നല്‍കുന്നുണ്ടെന്നും സര്‍കാര്‍ അവകാശപ്പെടുന്നു. എന്നാല്‍ കണ്ണൂര്‍ ജില്ലയിലെ പരിയാരത്തുള്ള സര്‍കാര്‍ മെഡികല്‍ കോളജിലേക്ക് കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയില്‍ നിന്നും രോഗിയെ റഫര്‍ ചെയ്യുമ്പോള്‍ 40 കി.മി ദൂരം സഞ്ചരിക്കേണ്ടതുണ്ട്. അല്ലാതെ 22 കി.മി അല്ല സഞ്ചരിക്കേണ്ടത്. എന്‍മകജെ പഞ്ചായത് പോലെ ദൂരെയുള്ള എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശത്തെ രോഗികള്‍ക്ക് 90 മുതല്‍ 100 കി. മി വരെ സഞ്ചരിക്കേണ്ട സാഹചര്യമാണ് ഉള്ളത്. ഇതെല്ലാം മറച്ചുവെച്ചാണ് സത്യവാങ്മൂലത്തില്‍ അസത്യ പ്രചരണം നടത്തുന്നത്.
കാസര്‍കോട് മെഡികല്‍ കോളജ് നിലവില്‍ പ്രവര്‍ത്തനക്ഷമമല്ല. 10 സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരെ 2022 ജനുവരി മുതല്‍ ഒപി കണ്‍സള്‍ടേഷനുകള്‍ നല്‍കാനായി നിയമിച്ചിട്ടുണ്ടെന്നാണ് സര്‍കാര്‍ അവകാശവാദം. എന്നാല്‍ ഒപി കണ്‍സള്‍ടേഷന്‍ വേണ്ടുന്ന അടിസ്ഥാന പരമായ ഒരു സാഹചര്യവും ഒരുക്കിയിട്ടില്ല. 2022 നവംബറില്‍ പ്രവര്‍ത്തനമാരംഭിച്ച കാസര്‍കോട് മെഡികല്‍ കോളജില്‍ മെയ് മാസത്തോടെ രോഗികളെ പ്രവേശിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചിരുന്നെങ്കിലും ആശുപത്രി എന്ന നിലയിലുള്ള ഒരു പ്രവര്‍ത്തനവും നടക്കുന്നില്ല.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും കാസര്‍കോട് ജനറൽ ആശുപത്രിയിലും ഓങ്കോളജി വിഭാഗം പ്രവര്‍ത്തന ക്ഷമമാക്കും എന്നാണ് സര്‍കാര്‍ അവകാശവാദം. എന്നാല്‍ സ്വകാര്യ മേഖലയിലോ സര്‍കാര്‍ മേഖലയിലോ റേഡിയേഷന്‍ തെറാപി ഇല്ലാത്ത ഏക ജില്ലയാണ് കാസര്‍കോട്. ജില്ലയില്‍ മെഡികല്‍ ഓങ്കോളജിസ്റ്റുമില്ല. കീമോ തെറാപി നല്‍കുന്ന ഒരു റോഡിയോ തെറാപിസ്റ്റും ഉണ്ട്. ചില ഘട്ടങ്ങളില്‍ കീമോ തെറാപിയും റോഡിയേഷനും ആവശ്യമായി വരുമ്പോള്‍ അവര്‍ക്ക് ചികിത്സ ലഭിക്കില്ല. കാഞ്ഞങ്ങാട്ടെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലേക്ക് 12 തസ്തികകള്‍ സൃഷ്ടിച്ചു. ഏഴ് സ്റ്റാഫ് നഴ്‌സുമാര്‍ രണ്ട് ഫാര്‍മസിസ്റ്റുകള്‍, രണ്ട് ക്ലര്‍കുമാര്‍ ഒരു ഓഫീസ് അസിസ്റ്റിന്റിനേയുമാണ് നിയമിച്ചത്. എന്നാല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട ആശുപത്രി ഇപ്പോഴും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുള്ള 11 പഞ്ചായതുകളില്‍ മെഡികല്‍ സൗകര്യത്തോടുകൂടിയുള്ള ഫിസിയോതെറാപി യൂനിറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഫിസിയൊതെറാപിസ്റ്റുകളുടെ നിശ്ചിത ദിവസത്തെ ഫീല്‍ഡ് സന്ദര്‍ശനങ്ങള്‍ നടത്തി വരുന്നുണ്ടെന്നുമാണ് സത്യവാങ്മൂലത്തിലെ അവകാശവാദം. എന്നാല്‍ എന്‍ഡോസള്‍ഫാന്‍ ബാധിതരായ മൂന്ന് പഞ്ചായതുകളിലെ ഫിസിയോതെറാപിസ്റ്റുകള്‍ പ്രസവ അവധിയായതിനാല്‍ പകരം ആളെ വെച്ചിട്ടില്ല. ഇത് കൂടാതെ അനുയാത്ര മൊബൈല്‍ യൂനിറ്റ് എന്ന പേരില്‍ എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശങ്ങളിലെ 18 വയസ്സിന് താഴെയുള്ള ഭിന്ന ശേഷിയുള്ള കുട്ടികള്‍ക്ക് ഇടയിലുള്ള ആരോഗ്യ പരിപാലന സേവനങ്ങള്‍ വീട്ടില്‍ എത്തിച്ച് നല്‍കിന്നതിനായി 2017 നവംബറില്‍ ആരംഭിച്ചിരുന്നു. ഫിസിയോതെറാപിസ്റ്റ്, സ്പീച് തെറാപിസ്റ്റ്, സൈകോളജിസ്റ്റ്, സ്‌പെഷ്യല്‍ എഡ്യൂകേറ്റര്‍ എന്നിവരടങ്ങുന്ന സംഘമാണിത്. എന്നാല്‍ ഈ പദ്ധതിയെല്ലാം കടലാസില്‍ മാത്രമാണ്. സര്‍കാര്‍ അവകാശപ്പെടുന്നത് പോലെ സ്പീച് തെറാപിസ്റ്റും, സൈകോളജിസ്റ്റും, സ്‌പെഷ്യല്‍ എഡ്യൂകേറ്ററും യൂനിറ്റില്‍ ഇല്ലെന്നാണ് യാഥാര്‍ഥ്യം.
99 ശതമാനം എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്കും നഷ്ടപരിഹാരം നല്‍കിയതായി സര്‍കാര്‍ പറയുന്നുണ്ട്. 3667 രോഗികള്‍ക്ക് ജില്ലാ ഭരണകൂടം അഞ്ച് ലക്ഷം രൂപം നഷ്ടപരിഹാരം നല്‍കിയതായി സംസ്ഥാന സര്‍കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ഇനി 47 പേര്‍ക്ക് കൂടി നഷ്ടപരിഹാരം ലഭിക്കാനുണ്ട്. ഇതില്‍ 25 ഇരകളുടെ അപേക്ഷകള്‍ വിലേജ് ഓഫീസുകളിലും കലക്ടേറ്റുകളിലുമായി തീര്‍പ്പാകാനുണ്ട്. 22 രോഗികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
ഇവരെ കണ്ടെത്താനുള്ള നടപടികള്‍ ജില്ലാ കലക്ടര്‍ സ്വാഗത് ഭണ്ഡാരി രണ്‍വീര്‍ചന്ദിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. കലക്ടറേറ്റ്, താലൂക് ഓഫീസുകള്‍, വിലേജ് ഓഫീസുകള്‍, പഞ്ചായത് ഓഫീസുകള്‍ എന്നിവിടങ്ങളിലും പത്രങ്ങളിലൂടെ അറിയിപ്പുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വ്യക്തികളെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താന്‍ എന്‍ജിഒകള്‍, ആശ വര്‍കര്‍മാര്‍, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിശ്രമം നടത്തിവരികയാണ്.
Keywords: Kerala, Kasaragod, News, Top-Headlines, Endosulfan, Treatment, Kanhangad, General-hospital, Health, Doctor, Kerala government claims that Kasargod government hospitals are in super specialty standard.
< !- START disable copy paste -->