കാസർകോട്: (www.kasargodvartha.com) ജില്ലയിൽ രാത്രിയിലും ഇടവിട്ട് ശക്തമായ മഴ. ചിലയിടങ്ങളിൽ മണ്ണിടിഞ്ഞുവീണ് ഗതാഗത തടസം അനുഭവപ്പെട്ടു. മറ്റ് അനിഷ്ട സംഭവങ്ങൾ റിപോർട് ചെയ്തിട്ടില്ല. ഒടയംചാൽ ചെറുപുഴ റോഡിൽ നായ്ക്കയം തട്ടിൽ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. ഏകദേശം 15 മീറ്റർ നീളത്തിൽ മണ്ണും മരങ്ങളും റോഡിലേക്ക് ഇടിഞ്ഞു. കുറ്റിക്കോലിൽ നിന്നും ഫയർഫോഴ്സ് എത്തി ജെസിബി ഉപയോഗിച്ച് ഗതാഗത യോഗ്യമാക്കി.
കാലവർഷം തുടങ്ങിയത് മുതൽ ഏറ്റവും കൂടുതൽ മഴ പെയ്തത് വ്യാഴാഴ്ച രാവിലെ മുതൽ വെള്ളിയാഴ്ച രാവിലെ വരെയാണ്. ശരാശരി 40 മിലി മീറ്റർ മഴ ലഭിച്ചതായാണ് കണക്ക്. ജൂണിൽ കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കാസർകോട് ജില്ലയിലാണ്, 478.3 മിലി മീറ്റർ. എന്നാൽ സാധാരണ ലഭിക്കേണ്ടതിനേക്കാൾ 51% കുറവായിരുന്നു ഇതെന്നാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്. എല്ലായിടങ്ങളിലും തുടർചയായി നാലാം വർഷവും ജൂൺ മാസത്തിൽ മഴ കുറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ മഴ പെയ്തത് ഉപ്പളയിലാണ്. 115 മിലി മീറ്റർ മഴ ലഭിച്ചു. മഞ്ചേശ്വരം, പൈക്ക, പടന്നക്കാട്, പടിയത്തടുക്ക, ബായാർ എന്നിവയാണ് പിന്നാലെയുള്ളത്. ജൂലൈ മൂന്ന് വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് (7-11cm) സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Keywords: Kasaragod, Kerala, News, Top-Headlines, Rain, Weather, Transport, Vehicle, Fire force, Uppala, Heavy rain in Kasaragod.
തകർത്ത് പെയ്ത് മഴ; രാത്രിയിൽ ചിലയിടങ്ങളിൽ മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു; ജൂണിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കാസർകോട്ട്; 24 മണിക്കൂറിനുള്ളിൽ കൂടുതൽ ഉപ്പളയിൽ
Heavy rain in Kasaragod#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ