തലശേരി: (www.kasargodvartha.com) വന്ധ്യതാ ചികിത്സാ കേന്ദ്രം തുടങ്ങുന്നതിനായി തലശ്ശേരിയിലെ ഗൈനകോളജിസ്റ്റ് ഡോ.വേണുഗോപാലിന് സഹായ വാഗ്ദാനം നല്‍കി കബളിപ്പിച്ച് 1.32 കോടി രൂപ കൈക്കലാക്കിയ തട്ടിപ്പ് സംഘത്തിലെ ആറാം പ്രതി നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി തള്ളി.
പൊലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിയുന്ന തൃശൂര്‍ എളന്തുരുത്തിയിലെ കെ പി രാജുവിന്റെ ഹര്‍ജിയാണ് ജില്ലാ ജഡ്ജ് ജോബിന്‍ സെബാസ്റ്റ്യന്‍ തള്ളിയത്. പാമ്പിന്‍ വിഷം കടത്ത് ഉള്‍പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് രാജു.
കുപ്രസിദ്ധമായ കൊടകര കുഴല്‍പണക്കേസിലും മറ്റും പ്രതിയായ തലശ്ശേരി എടത്തിലമ്പലം സ്വദേശിയും ഭാര്യയും കൂട്ടുപ്രതികളാണ്. സ്ത്രീകള്‍ ഉള്‍പെടെ എട്ടു പേരാണ് ഡോക്ടറെ വഞ്ചിച്ച കേസില്‍ കുറ്റാരോപിതരായി ഒളിവില്‍ കഴിയുന്നത്. വന്ധ്യത ക്ലിനിക് തുടങ്ങാനായി തൃശൂരിലെ ബാങ്കില്‍ നിന്ന് വായ്പയെടുത്തു തരാമെന്ന് വിശ്വസിപ്പിച്ചാണ് തലശേരിക്കാര്‍ ഉള്‍പെട്ട തൃശൂര്‍ തട്ടിപ്പ് സംഘം ഡോക്ടര്‍ വേണുഗോപാലിനെ സമര്‍ഥമായി വഞ്ചിച്ചത്.
ഈട് നല്‍കാന്‍ സ്വത്തില്ലെന്ന് പറഞ്ഞപ്പോള്‍ എല്ലാം ഞങ്ങള്‍ ശരിയാക്കാമെന്നും വായ്പയുടെ പകുതി നല്‍കിയാല്‍ മതിയെന്നുമായിരുന്നു ഉപാധി. ഫൈനാന്‍സിയേഴ്സില്‍ നല്‍കാനാണെണ് വിശ്വസിപ്പിച്ച് ഒന്നാം പ്രതി ചെകുകള്‍ വാങ്ങി. ഇത് ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂടര്‍ അഡ്വ. കെ അജിത് കുമാറും പ്രതിഭാഗത്തിനായി അഡ്വ. ജിജേഷ് കുരിക്കളാട്ടുമാണ് ഹാജരായത്.
Keywords: Anticipatory bail denied to the accused in case of defrauding the doctor, News, Cheating, Court, Top-Headlines, Kerala.