ജിദ്ദ: (www.kasargodvartha.com) നോവല്‍ പരമ്പരയില്‍ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരിക്കുള്ള ഗിനസ് വേള്‍ഡ് റെകോര്‍ഡ് സ്വന്തമാക്കി സഊദി പെണ്‍കുട്ടി. 14 കാരിയായ റിതാജ് അല്‍ ഹസ്മിയാണ് ആ മിടുക്കി.
2019 മുതല്‍ തുടര്‍ചയായി ഇന്‍ഗ്ലീഷില്‍ മൂന്ന് നോവലുകള്‍ പ്രസിദ്ധീകരിച്ചാണ് റെകോര്‍ഡ് സ്വന്തമാക്കിയത്.
2019ല്‍ 'ട്രഷര്‍ ഓഫ് ദി ലോസ്റ്റ് സീ' എഴുതി. അടുത്ത വര്‍ഷം 'പോര്‍ടല്‍ ഓഫ് ദി ഹിഡന്‍ വേള്‍ഡ്', കഴിഞ്ഞ വര്‍ഷം 'ബിയോന്‍ഡ് ദ ഫ്യൂചര്‍ വേള്‍ഡ്' എന്ന നോവലും പ്രസിദ്ധീകരിച്ചു. പുതിയ നോവല്‍ ദി പാസേജ് ടു ദി അണ്‍നോണ്‍ രചന പൂര്‍ത്തിയാക്കി. ഇത് ഉടന്‍ പുറത്തിറങ്ങും.
കാലാവസ്ഥാ വ്യതിയാനം മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ പ്രമേയമാക്കി ദി ഡെ ബിഫോര്‍ 2050 സയന്‍സ് ഫിക്ഷന്‍ നോവലിന്റെ പണിപ്പുരയിലാണ് റിതാജ് ഇപ്പോള്‍.
കുട്ടിക്കാലം മുതല്‍ എഴുത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്ന റിതാജ് ആറ് വയസ് മുതല്‍ എഴുതി തുടങ്ങിയതായി പിതാവ് ഹുസൈന്‍ അല്‍ ഹസ്മി പറഞ്ഞു. ഗിനസ് റെകോര്‍ഡ് നേടിയതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.