Join Whatsapp Group. Join now!
Aster MIMS 10/10/2023

റൂറല്‍ ഇന്‍ഡ്യ ബിസിനസ് ഉച്ചകോടി ജൂണ്‍ 11ന് സിപിസിആര്‍ഐയില്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Rural India Business Summit on June 11#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) കേരള സ്റ്റാര്‍ടപ് മിഷനും സിപിസിആര്‍ഐ കാസര്‍കോടും സംയുക്തമായി സംഘടിപ്പിക്കുന്ന റൂറല്‍ ഇന്‍ഡ്യ ബിസിനസ് ഉച്ചകോടിക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അന്തര്‍ദേശീയ പ്രശസ്തി നേടിയ 20 ലധികം പ്രഭാഷകരാണ് ജൂണ്‍ 11, 12 തിയതികളില്‍ കാസര്‍കോട് സിപിസിആര്‍ഐയില്‍ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കുക.
  
Kasaragod, Kerala, News, Top-Headlines, Press Meet, Video, Development Project, Rural India Business Summit on June 11.

സാമൂഹികമായി സ്വാധീനം ചെലുത്തുന്ന ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കേരളത്തില്‍ നിന്നുള്ള അഞ്ച് സ്റ്റാര്‍ടപുകള്‍ക്ക് ധനസഹായം നല്‍കാന്‍ ബംഗ്ളുരു ആസ്ഥാനമായുള്ള ഇന്‍കുബേറ്ററായ സോഷ്യല്‍ ആല്‍ഫ നടത്തുന്ന പിചിംഗും ഉച്ചകോടിയുടെ ഭാഗമായി നടക്കും.

ഫ്രഷ് ടു ഹോമിന്റെ സഹസ്ഥാപകന്‍ മാത്യൂ ജോസഫ്, ആഗോള അംഗീകാരം നേടിയ ഉത്തരവാദിത്ത ടൂറിസത്തിന്റെ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കെ രൂപേഷ് കുമാര്‍, ഏന്‍ജെല്‍ നിക്ഷേപകന്‍ നാഗരാജ പ്രകാശം, ഐസിഎആര്‍-സിപിസിആര്‍ഐ ഡയറക്ടര്‍ ഡോ. അനിത കരുണ്‍, എന്‍ട്രി ആപ് സഹസ്ഥാപകന്‍ മുഹമ്മദ് ഹിസാമുദ്ദീന്‍, ടിസിഎസ് റാപിഡ് ലാബ് മേധാവി റോബിന്‍ ടോമി, വൃദ്ധി സിടിഎസിന്റെ മാനേജിംഗ് പാര്‍ട്ണര്‍ അജയന്‍ കെ അനാത്ത്, സിദ്ദ്സ് ഫാമിന്റെ സഹസ്ഥാപകന്‍ കിഷോര്‍ ഇന്ദുകൂരി, ഹാപി ഹെന്‍സിന്റെ സ്ഥാപകന്‍ മഞ്ജുനാഥ് മാരപ്പന്‍, ഐസിഎആര്‍ ശാസ്ത്രജ്ഞരായ ഡോ. കെ ശ്രീനിവാസ്, ഡോ. സുധ മൈസൂര്‍, ഇസാഫ് റിടെയിലിന്റെ ഡയറക്ടര്‍ തോമസ് കെ ടി എന്നിവരാണ് രണ്ട് ദിവസത്തെ ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുക.

ഇന്‍ഡ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെയും വിദഗ്ദ്ധരുടെയും സ്റ്റാര്‍ടപ് സ്ഥാപകരുടെയും പങ്കാളിത്തം കൊണ്ട് 2020ല്‍ നടന്ന ആദ്യ ഉച്ചകോടി ശ്രദ്ധേയമായിരുന്നു. ഈ വര്‍ഷം ഇന്‍ഡ്യയിലെ പ്രമുഖ നിക്ഷേപകരായ സോഷ്യല്‍ ആല്‍ഫ, സ്റ്റാര്‍ടപ് ഇന്‍ഡ്യ, സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി, എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളജ്, കേരള കാര്‍ഷിക കോളജ് തുടങ്ങി ജില്ലയിലെ പ്രധാനപ്പെട്ട സ്ഥാപനങ്ങളുടെ പിന്തുണയോടെ വിപുലമായ രീതിയിലാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.

ഗ്രാമീണ ഇന്‍ഡ്യയുടെ വളര്‍ച്ചയ്ക്കു സാങ്കേതികത എങ്ങനെ പ്രയോജനപ്പെടുത്താം എന്നതാണ് രണ്ടാം ഉച്ചകോടിയുടെ പ്രമേയം. ഇന്‍ഡ്യയിലെ പ്രമുഖ സ്റ്റാര്‍ടപ് സംരംഭങ്ങളുടെ സ്ഥാപകരുടെ പങ്കാളിത്തം, കാര്‍ഷിക-ഭക്ഷ്യോത്പാദന മേഖലകളിലെ സാങ്കേതിക വളര്‍ച്ചയും സാധ്യതകളും വിശദീകരിക്കുന്ന സെഷനുകള്‍, ഗ്രാമീണ ഇന്‍ഡ്യയുടെ സാദ്ധ്യതകളെക്കുറിച്ചുള്ള പാനല്‍ ചര്‍ചകള്‍, കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രമുള്‍പ്പടെ കേന്ദ്ര-സംസ്ഥാന സര്‍കാരിന്റെ കീഴില്‍ ഉള്ള സ്ഥാപനങ്ങള്‍ വികസിപ്പിച്ചെടുത്ത വിപണിസാധ്യതയുള്ള സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തല്‍ തുടങ്ങിയവ ഉച്ചകോടിയില്‍ നടക്കും.

ജൂണ്‍ 11ന് രാവിലെ 10 മണിക്ക് ഔദ്യോഗികമായ കോണ്‍ക്ലേവ് ഉല്‍ഘാടനം നടക്കും. ജില്ലയിലെ ജനപ്രതിനിധികള്‍ക്ക് പുറമെ സെന്‍ട്രല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ ടി എച് വെങ്കടേശ്വരലു, കമോഡിറ്റി ബോര്‍ഡ് എക്സിക്യൂടീവ് ഹെഡ് വെങ്കടേഷ് ഹുബ്ബള്ളി, ഡോ ഹോമി ചെറിയാന്‍ എന്നിവര്‍ പങ്കെടുക്കും. കേരള സ്റ്റാര്‍ടപ് മിഷന്‍ സിഇഒ ജോണ്‍ എം തോമസ്, സിപിസിആര്‍ഐ ഡയറക്ടര്‍ ഡോ. അനിത കരുണ്‍, ഐസിഎആര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറലായ ഡോ. ബി കെ പാണ്ഡെ, ഡോ. കെ ശ്രീനിവാസ്, കേരള സ്റ്റാര്‍ടപ് മിഷന്‍ പ്രൊജക്ട് ഡയറക്ടര്‍ റിയാസ് പി എം, സീനിയര്‍ ഇന്‍ക്യൂബേഷന്‍ മാനേജര്‍ അശോക് കുരിയന്‍, അഗ്രി ഇനോവേറ്റ് സിഇഒ ഡോ. സുധാ മൈസൂര്‍ എന്നിവര്‍ പങ്കെടുക്കും.

കോണ്‍ക്ലേവിന്റെ ഭാഗമായി നടക്കുന്ന റൂറല്‍-അഗ്രിടെക് ഹാകതോണ്‍ ആണ് പരിപാടിയുടെ മറ്റൊരു പ്രധാനപ്പെട്ട ആകര്‍ഷണം. കാര്‍ഷിക മേഖലകള്‍ക്കു ആവശ്യമായ സാങ്കേതിക പരിഹാരങ്ങളും, ഗ്രാമീണ ഇന്‍ഡ്യയുടെ ടൂറിസം സാധ്യതകള്‍ പരിപോഷിപ്പിക്കാന്‍ ആവശ്യമായ സാങ്കേതിക വിദ്യകളും വികസിപ്പിച്ചെടുക്കുന്നതിനു വേണ്ടിയുള്ള ഹാകതോണില്‍ പങ്കെടുക്കാന്‍ 100 ഇല്‍ അധികം ടീമുകള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞിട്ടുണ്ട്. 2 ദിവസത്തെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് https://startupmission(dot)in/rural_business_conclave/ എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ അനിതാ കരുണ്‍, സയ്യിദ് സവാദ് എന്‍ എസ്, കെ മുരളീധരന്‍, കെ ശ്യാമ പ്രസാദ് എന്നിവര്‍ പങ്കെടുത്തു.


Keywords: Kasaragod, Kerala, News, Top-Headlines, Press Meet, Video, Development Project, Rural India Business Summit on June 11.
< !- START disable copy paste -->

Post a Comment