കാസർകോട്: (www.kasargodvartha.com) സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമായി. അക്ഷരമുറ്റത്ത് എത്തിയ പുതിയ കൂട്ടുകാരെയും പുതിയ അധ്യയന വർഷത്തെയും വിദ്യാർഥികളും സ്കൂളുകളും ആഘോഷമായാണ് വരവേറ്റത്. പുത്തനുടുപ്പം ബാഗും കുടയുമായി അറിവിന്റെ പുതിയ കിരണങ്ങള്‍ക്കായി കുട്ടികളെത്തിയപ്പോൾ അത് കോവിഡിന് മുമ്പുള്ള കാലത്തേക്ക് കൂട്ടിക്കൊണ്ട് പോയി. മഹാമാരിയുടെ വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി അടഞ്ഞും പാതി തുറന്നും കിതച്ചിരുന്ന വിദ്യാഭ്യാസമേഖലയാണ് വീണ്ടും സജീവമാകുന്നത്.
കാസർകോട് ജില്ലാതല പ്രവേശനോത്സവം ചായ്യോത്ത് ഗവ. ഹയർ സെകൻഡറി സ്‌കൂളിൽ മന്ത്രി അഹ്‌മദ് ദേവർ കോവിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഉപജില്ലാ തലത്തിലും പരിപാടികള്‍ സംഘടിപ്പിച്ചു.
ജില്ലയിൽ ഒന്നാം ക്ലാസിലേക്ക് 12027 പുതിയ കൂട്ടുകാരാണ് എത്തിയത്. കളിചിരികളും ആട്ടവും പാട്ടുമായി കുഞ്ഞുങ്ങളെ വിദ്യാലയങ്ങളിൽ സ്വീകരിച്ചത് . കോവിഡിന്റെ ഭീതി വിട്ടുമാറാത്തതിനാല്‍ സാനിറ്റൈസറും മാസ്‌കുമായാണ് വിദ്യാർഥികളും അധ്യാപകരുമെത്തിയത്. രണ്ട് ലക്ഷത്തിലധികം വിദ്യാർഥികളാണ് ആദ്യ ദിവസം ജില്ലയിലെ സ്‌കൂളികളിലെത്തിയത്.
കോവിഡ് മാനദണ്ഡങ്ങള്‍പാലിച്ചാവും ക്ലാസുകള്‍ ക്രമീകരിക്കുക. സ്കൂള്‍വാഹനങ്ങളുടെ ക്രമീകരണം, സ്കൂളുകളിലെയും പരിസരങ്ങളിലെയും സുരക്ഷ എന്നിവക്കും മുന്‍ഗണന നല്‍കിയിട്ടുണ്ട്. പുതിയ സ്കൂള്‍ വര്‍ഷത്തില്‍ സ്കൂള്‍ കലോത്സവം, കായികമേള, പ്രവൃത്തിപരിചയമേള എന്നിവ നടത്തും. വിക്ടേഴ്സ് ചാനല്‍ വഴിയുളള ഓണ്‍ലൈന്‍ ക്ലാസുകളും തുടരും.
New academic year | അറിവിന്റെ പുതിയ കിരണങ്ങള്‍ക്കായി വിദ്യാർഥികൾ അക്ഷരമുറ്റത്തെത്തി; സ്‌കൂളുകളിൽ പുതിയ അധ്യയന വര്‍ഷത്തിന് വർണാഭമായ തുടക്കം
New academic year began#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ