കൊച്ചി: (www.kasargodvartha.com) സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴിയുടെയും സത്യവാങ്മൂലത്തിന്റെയും പകര്‍പിനായി ക്രൈംബ്രാഞ്ചും വിജിലന്‍സും നല്‍കിയ ഹര്‍ജികള്‍ എറണാകുളം പ്രിന്‍സിപല്‍ സെഷന്‍സ് കോടതി തള്ളി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) രെജിസ്റ്റര്‍ ചെയ്ത കള്ളപ്പണക്കേസിലാണ് സ്വപ്ന രഹസ്യമൊഴി നല്‍കിയത്.
അതുകൊണ്ടുതന്നെ ഈ മൊഴിയും അനുബന്ധ സത്യവാങ്മൂലവും ലഭിക്കാനുള്ള നിയമപരമായ അവകാശം ഈ കേസ് അന്വേഷിക്കുന്ന ഇഡി ഓഫിസര്‍ക്ക് മാത്രമാണെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദം അംഗീകരിച്ചാണ് ജഡ്ജി ഹണി എം വര്‍ഗീസ് ഹര്‍ജികള്‍ തള്ളിയത്. ഇഡി ഉദ്യോഗസ്ഥന് രഹസ്യമൊഴിയുടെ പകര്‍പ് കൈമാറിയിരുന്നു.
വ്യാജ ആരോപണങ്ങളിലൂടെ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനാണ് സ്വപ്ന രഹസ്യമൊഴി നല്‍കിയതെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് രെജിസ്റ്റര്‍ ചെയ്ത ഗൂഢാലോചനക്കേസിന്റെ അന്വേഷണത്തിനായാണ് അവര്‍ സത്യവാങ്മൂലത്തിന്റെ പകര്‍പ് ആവശ്യപ്പെട്ടത്. എന്നാല്‍ വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസിലെ അന്വേഷണത്തിനാണ് വിജിലന്‍സ് പകര്‍പ് തേടിയത്.
അതേസമയം അന്വേഷണത്തെ വഴിതെറ്റിക്കാനായി പ്രതിഭാഗം ഗൂഢാലോചന നടത്തി രഹസ്യ മൊഴിയെ ആയുധമാക്കുകയാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതിഭാഗം തന്നെ മൊഴികളിലെ വിവരങ്ങള്‍ ചോര്‍ത്തുകയാണ്. ദേശവിരുദ്ധ കുറ്റകൃത്യങ്ങളില്‍ പ്രതികളായവര്‍ നിയമവ്യവസ്ഥയെ ദുര്‍ബലമാക്കുന്ന കീഴ്വഴക്കം സൃഷ്ടിക്കുന്നുവെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു.
എന്നാല്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ ചോര്‍ന്നതായി പറഞ്ഞ് കോടതിയെക്കൂടി പ്രോസിക്യൂഷന്‍ ഇതില്‍ കക്ഷിയാക്കുകയാണെന്ന് പ്രതിഭാഗം വാദിച്ചു. എന്നാല്‍, കോടതിയില്‍ നിന്നാണ് മൊഴി ചോര്‍ന്നതെന്ന് കരുതുന്നില്ലെന്ന് പ്രോസിക്യൂഷന്‍ വിശദീകരിച്ചു.
Keywords: Kerala court rejects police’s plea seeking copy of Swapna’s statement, Kochi, News, Trending, Court, Crime branch, Vigilance, Top-Headlines, Kerala.