കാസര്‍കോട്ടും, മഞ്ചേശ്വരത്തും, ഹൊസങ്കടിയിലും ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. നേരത്തേ പാര്‍ടിയെ വെല്ലുവിളിച്ച് ഒരു വിഭാഗം പ്രവര്‍ത്തകരും നോതാക്കളും ജില്ലാ കമിറ്റി ഓഫീസിന് മുമ്പില്‍ നടത്തിയ പ്രതിഷേധത്തിൻ്റെ തുടര്‍ച്ചയായാണ് ഫ്‌ലക്‌സ് ബോര്‍ഡെന്നാണ് സൂചന. മുന്‍ ജില്ലാ പ്രസിഡൻ്റും ഇപ്പോഴത്തെ സംസ്ഥാന സെക്രടറിയുമായ അഡ്വ. കെ ശ്രീകാന്ത്, മുന്‍ ജില്ലാ പ്രസിഡന്റ് സുരേഷ്‌കുമാര്‍ ഷെട്ടി, കെ മണികണ്ഠ റൈ എന്നിവര്‍ക്കെതിരെ നടപടിയെടുക്കാത്തതാണ് ഇപ്പോഴത്തെ പടപ്പുറപ്പാടെന്നാണ് വിവരം.
കുമ്പള ഗ്രാമപഞ്ചായതില്‍ ബിജെപി പിന്തുണയോടെ സിപിഎം അംഗം കൊഗ്ഗു സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടതാണ് ബിജെപിയില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമായിരുന്നത്. കുമ്പള കോയിപ്പാടിയിലെ വിനുവിനെ കൊലപ്പെടുത്തിയെന്ന കേസില്‍ കൊഗ്ഗു അടക്കമുള്ളവരെ ജില്ലാ സെഷന്‍സ് കോടതി ഏഴു വര്‍ഷം വരെ കഠിന തടവിന് ശിക്ഷിച്ചതോടെയാണ് ബിജെപിയില്‍ വിവാദം കനത്തത്. ഇതേ പ്രശ്നം ഉന്നയിച്ച് ജില്ലാ വൈസ് പ്രസിഡന്റ് പി രമേശ് രാജിവെക്കുകയും ഇതിനിടയില്‍ ബിജെപി പ്രവര്‍ത്തകന്‍ ജെ പി കോളനിയിലെ ജ്യോതിഷ് ആത്മഹത്യ ചെയ്തതും ഒരുവിഭാഗം അണികളെ പ്രകോപിതരാക്കിയിരുന്നു. കുമ്പളയിലെ ബിജെപി സ്റ്റാന്‍ഡിങ് കമിറ്റി അംഗങ്ങള്‍ രാജിവെച്ചതും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടെ, ബിജെപി പിന്തുണയുണ്ടായിരുന്ന കൊഗ്ഗു സ്ഥാനം രാജിവെച്ചതും പ്രശ്‌നം കെട്ടടങ്ങാന്‍ കാരണമായിരുന്നു.
ഇതിനിടയില്‍ കഴിഞ്ഞ ദിവസം കാസര്‍ക്കോട്ടെത്തിയ കെ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പാര്‍ടിക്കുള്ളിലെ പ്രശ്‌നങ്ങളെ കുറിച്ച് ചോദ്യങ്ങളുണ്ടായപ്പോള്‍ പ്രശ്‌നങ്ങളൊന്നും തന്നെ പാര്‍ടിയിലില്ലെന്നും പ്രതിഷേധം നടത്തിയവരെവിടെയെന്നും ചോദിച്ചതാണ് ഫ്‌ലക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെടാന്‍ ഇടയാക്കിയതെന്ന് ഒരു വിഭാഗം സൂചന നൽകി. എന്നാൽ സ്ഥാനമാനങ്ങൾ രാജിവച്ചുപോയവർ തിരികെ വരാനുള്ള അടവുകളുടെ ഭാഗമാണ് ബോർഡ് സ്ഥാപിച്ചതെന്ന് മറുവിഭാഗവും പറയുന്നു..
'തന്റെ സ്വര്‍ഥതയ്ക്ക് വേണ്ടി കാസര്‍കോട് ജില്ലയില്‍ ബിജെപിയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ബിജെപി മുന്‍ ജില്ലാ അധ്യക്ഷന്‍ അഡ്വ. കെ ശ്രീകാന്തിന് പാര്‍ടി പ്രവര്‍ത്തകര്‍ നല്‍കിയ ആദരം' എന്നെഴുതിയ ഫ്ലക്സ് ബോര്‍ഡുകളാണ് ചെരുപ്പ് മാലയിട്ട് ഏതാണ്ട് ഒരേസമയം കാസര്‍കോട്, മഞ്ചേശ്വരം, ഹൊസങ്കടി എന്നിവിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.
ഫ്‌ലക്‌സ് ബോർഡ് സ്ഥാപിച്ചത് ആരാണെന്ന് അതിലില്ലാത്തത് കൊണ്ട് എന്ത് നടപടിയാണ് പാര്‍ടിക്ക് സ്വീകരിക്കാന്‍ കഴിയുകയെന്ന് ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി ചോദിച്ചു. പാര്‍ടി പ്രവര്‍ത്തകരല്ല ഇത് സ്ഥാപിച്ചതെന്നാണ് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്തായാലും ഇതെങ്ങനെ സ്ഥാപിക്കപ്പെട്ടു എന്നതിനെ കുറിച്ച് പാര്‍ടി തലത്തില്‍ അന്വേഷണം നടത്താനാണ് തീരുമാനം. ഇരുളിന്റെ മറവില്‍ ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. ശ്രീകാന്ത് തന്നെ ഫ്‌ലക്‌സ് ബോര്‍ഡിനെ കുറിച്ച് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിച്ചതായും എന്നാൽ ഇത് സംബന്ധിച്ച് പാർടിക്ക് പരാതിയൊന്നും നൽകിയില്ലെന്നുമാണ് സൂചന. ഇത് കൂടാതെ കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന കമിറ്റി യോഗത്തില്‍ ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വത്തെ വിഷയം ധരിപ്പിച്ചിട്ടുണ്ടെന്നും രവീശ തന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം ഇത് സംബന്ധിച്ച് പ്രതികരിക്കാൻ അഡ്വ. ശ്രീകാന്ത് തയാറായില്ല.
Keywords: News, Issue, BJP, Panchayath, Hosangadi, Top-Headlines, Flex board K. Surendran, Investigation, Kasaragod, Politics, Controversy, Manjeshwaram, Kerala, Political party, Kumbala, Flex Board against BJP State Secretary; Inquiry started at the party level, says district president.