ഇടുക്കി: (www.kasargodvartha.com) സംരക്ഷിത വനങ്ങള്‍ക്കുചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖല നിര്‍ബന്ധമെന്ന സുപ്രീംകോടതി ഉത്തരവിനെതിരെ ഇടുക്കിയില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍. എല്‍ഡിഎഫ് ആണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
സുപ്രീംകോടതി ഉത്തരവിനെതിരെ പ്രതിഷേധവുമായി യുഡിഎഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ 16-നാണ് യുഡിഎഫിന്റെ ഹര്‍ത്താലാഹ്വാനം. സുപ്രീംകോടതി ഉത്തരവ് മറികടക്കാന്‍ കേന്ദ്രസര്‍കാര്‍ പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ഇരുമുന്നണികളും ആവശ്യപ്പെടുന്നു.
ജനവാസമേഖലകളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച വയനാട് ജില്ലയില്‍ എല്‍ഡിഎഫ് മനുഷ്യമതില്‍ സംഘടിപ്പിക്കും. മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ ബത്തേരി നഗരസഭാ പരിധിയില്‍ ചൊവ്വാഴ്ച ഹര്‍ത്താലും പ്രഖ്യാപിച്ചു.
എന്നാല്‍ സമരമാര്‍ഗങ്ങള്‍ ഒഴിവാക്കി സംസ്ഥാന സര്‍കാറിന്റെ ശ്രമങ്ങള്‍ക്ക് ശക്തിപകരണമെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്‍ പ്രതികരിച്ചു. ഉത്തരവിനെ മറികടക്കാന്‍ കേന്ദ്രത്തെയും സുപ്രീംകോടതിയെയും സമീപിക്കാനാണ് സര്‍കാരിന്റെ നീക്കം.
അതിനിടെ പരിസ്ഥിതിലോല മേഖല സംബന്ധിച്ച സുപ്രീം കോടതി ഉത്തരവില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിയമപരിശോധന തുടങ്ങിക്കഴിഞ്ഞു. സംസ്ഥാനങ്ങളുടെ ആശങ്കയില്‍ അനുഭാവപൂര്‍വമായ പരിഗണനയെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. അന്തിമ ഉത്തരവിനെച്ചൊല്ലി സുപ്രീംകോടതിയില്‍ തന്നെ പുനഃപരിശോധന ഹര്‍ജി നല്‍കുന്നതടക്കം ചര്‍ച ചെയ്യുന്നതായി വനം പരിസ്ഥിതി മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നുവെന്ന് ഡെല്‍ഹി ബ്യൂറോ റിപോര്‍ട് ചെയ്തു.
പരിസ്ഥിതി ലോല മേഖല സംബന്ധിച്ച് ഉത്തരവ് പുറത്ത വന്നതിന് പിന്നാലെ വലിയ ആശങ്കയാണ് ജനവാസമേഖലകളെ സംബന്ധിച്ച് ഉയരുന്നത്. എന്നാല്‍ ഈ ആശങ്കയില്‍ അനുഭാവപൂര്‍വമായ സമീപനമാണെന്നാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കുന്നത്. ഉത്തരവ് മന്ത്രാലയത്തിന്റെ നിയമവിഭാഗം പരിശോധിക്കുകയാണ്. ഇതില്‍ കേന്ദ്രത്തിന് പിടിവാശിയില്ലെന്നും പരാമവധി സംസ്ഥാനങ്ങള്‍ക്ക് അനൂകൂലമായ നിലപാട് സുപ്രീം കോടതിയില്‍ നിന്നും നേടാനുള്ള ഇടപെടലുണ്ടാകുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു.
ഉന്നതാധികാരസമിതി വഴിയോ കേന്ദ്രം നേരിട്ടോ സുപ്രീം കോടതിയെ സമീപിക്കും. അന്തിമ ഉത്തരവില്‍ പുന:പരിശോധന ഹര്‍ജി കേന്ദ്രം നേരിട്ടു നല്‍കുന്ന കാര്യവും പരിഗണനയിലാണ്. ഉത്തരവ് പ്രായോഗികമായി നടപ്പാക്കുന്നതില്‍ വലിയ വെല്ലുവിളിയുണ്ടെന്നാണ് വനം പരിസ്ഥിതി മന്ത്രിയുടെയും വിലയിരുത്തല്‍.
ഉത്തരവ് നടപ്പാക്കുന്നത് മുംബൈ, ചെന്നൈ, ഡെല്‍ഹി, ഭുവനേശ്വര്‍ അടക്കമുള്ള നഗരങ്ങളുടെ തുടര്‍വികസനത്തെ തടസപ്പെടുത്തുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു. അതേസമയം കേരളത്തിലെ ആശങ്ക സംബന്ധിച്ച് രേഖാമൂലം അറിയിപ്പൊന്നും സര്‍കാര്‍ തലത്തില്‍ നിന്ന് കിട്ടിയിട്ടില്ലെന്നും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.