Join Whatsapp Group. Join now!
Aster MIMS 10/10/2023

Illegal fishing | പുതുമഴയിലെ മീന്‍ വേട്ട നിയമ വിരുദ്ധമെന്ന് അധികൃതർ; 'ശുദ്ധജല മത്സ്യസമ്പത്തിന് ഗുരുതര നാശം വിതക്കും'; അനധികൃത മീന്‍പിടിത്തം തടയാന്‍ പ്രത്യേക കമിറ്റി രൂപീകരിച്ചു; കർശന പരിശോധനകൾ നടത്തും

Special committee formed to curb illegal fishing #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com) ജില്ലയില്‍ അനധികൃത മീന്‍പിടിത്തം തടയുന്നതിനായി ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രത്യേക കമിറ്റി രൂപീകരിച്ചു. കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ രാജപുരം എന്നീ മത്സ്യഭവനുകളുടെ നേതൃത്വം ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എം എഫ് പോള്‍ ആണ് വഹിക്കുന്നത്. കമിറ്റിയില്‍ അസിസ്റ്റന്റ് ഫിഷറീസ് എക്‌സിക്യൂടീവ് ഓഫിസര്‍ അലാവുദ്ദീന്‍, പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍മാരായ വി അശ്വിന്‍ കൃഷ്ണന്‍, ഐ പി ആതിര, കെ വീണ എന്നിവര്‍ അംഗങ്ങളാണ്. കാസര്‍കോട്, കുറ്റിക്കോല്‍, കുമ്പള മത്സ്യഭവനുകളുടെ നേതൃത്വം ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എ ജി അനില്‍ കുമാറിനാണ്. അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാരായ എ എ ഷിജു, എസ് എസ് സോഫിയ, പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍മാരായ ലക്ഷ്മിക്കുട്ടി, പി സ്വാതി ലക്ഷ്മി, കെ അവിനാഷ് എന്നിവരാണ് അംഗങ്ങൾ.
             
News, Kerala, Kasaragod, Top-Headlines, Committee, Fisher-workers, District, River, Kanhangad, Trikaripur, Illegal Fishing, Special committee formed to curb illegal fishing.

ചെറുവലകളും കൂടുകളും മറ്റു ഉപകരണങ്ങള്‍ ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനു വിലക്ക് ഏര്‍പെടുത്തും. പൂര്‍ണ വളര്‍ച്ചയിലെത്താത്ത മീൻ പിടിക്കുന്നതും വില്‍പന നടത്തുന്നതും ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ നടപടി സ്വീകരിക്കും. ഫിഷറീസ്, റവന്യൂ, പൊലീസ് ഉദ്യോഗസ്ഥര്‍ക്കും തദ്ദേശസ്ഥാപനങ്ങള്‍ക്കും ഇതേ തുടര്‍ന്ന് നടപടി സ്വീകരിക്കാം. വരും ദിവസങ്ങളില്‍ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലുടനീളം പരിശോധന കര്‍ശനമാക്കുമെന്ന് ഫിഷറീസ് ഡെപ്യൂടി ഡയറക്ടര്‍ പി വി സതീശന്‍ അറിയിച്ചു. ജില്ലയില്‍ അനധികൃത മീന്‍പിടിത്തം ശ്രദ്ധയില്‍പെട്ടാല്‍ 9947625185, 7356114237 എന്ന നമ്പറിൽ അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.

'പുതുമഴയിലെ മീന്‍ വേട്ട നിയമ വിരുദ്ധം'

പുതുമഴയിലെ മീന്‍ വേട്ട നിയമ വിരുദ്ധമാണെന്ന് അധികൃതർ വ്യക്തമാക്കി. പുതുമഴയില്‍ വെള്ളം കുറഞ്ഞ വയലുകളിലേക്കും ചെറു തോടുകളിലേക്കും അരുവികളിലേക്കുമെല്ലാം പുഴയില്‍നിന്നും മറ്റു ജലാശയങ്ങളില്‍നിന്നും മീനുകൾ കൂട്ടത്തോടെ കയറിവരുന്നത് മണ്‍സൂണ്‍ തുടക്കത്തിലെ പതിവു കാഴ്ചയാണ്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ പ്രജനനത്തിനായി ഇങ്ങനെ മീനുകൾ നടത്തുന്ന ദേശാന്തരഗമനത്തെ ഊത്ത എന്നാണ് വിളിക്കുന്നത്. ഈ വര്‍ഷം മെയ് പകുതിയോടെ തന്നെ ഇതാരംഭിച്ചിരിക്കുന്നു.

കേരളത്തിലെ എല്ലാ പുഴതീര ഗ്രാമങ്ങളിലും നഗരങ്ങളിലും ഈ മീൻ പ്രയാണങ്ങള്‍ കാണാം. ഊത്തക്കയറ്റം, ഊത്തയിളക്കം, ഊത്തല്‍, ഏറ്റീന്‍ കയറ്റം എന്നിങ്ങനെ ഊത്തയ്ക്ക് പ്രാദേശിക പേരുകളുണ്ട്. പ്രജനനകാലത്തെ മത്സ്യങ്ങളുടെ ഈ ദേശാന്തരഗമനം ഇന്ന് അവയുടെ നാശത്തിനുതന്നെ കാരണമായിരിക്കുന്നു. കാരണം ഊത്തകയറ്റത്തിന്റെ സമയത്ത് അവയെ പിടിക്കാന്‍ വളരെ എളുപ്പമാണ്. വയര്‍ നിറയെ മുട്ടകളുമായി വെള്ളം കുറഞ്ഞ വയലുകളിലേക്കും മറ്റു ചെറു ജലാശയങ്ങളിലേക്കും പ്രജനനത്തിനായി വരുമ്പോള്‍ മത്സ്യങ്ങള്‍ നിസഹായാവസ്ഥയിലാവും. മറ്റു സമയങ്ങളില്‍ കാണിക്കുന്ന അതിജീവന സാമര്‍ഥ്യങ്ങളൊന്നും ഈ പൂര്‍ണ ഗര്‍ഭാവസ്ഥയില്‍ മത്സ്യങ്ങള്‍ക്ക് സാധ്യമല്ല.

പുതുവെള്ളത്തിലേക്കുള്ള മത്സ്യങ്ങളുടെ പാതകളില്‍ നിന്നാല്‍ എളുപ്പത്തില്‍ ആര്‍ക്കും ഇവയെ പിടിക്കാം. പ്രജനനകാലത്തായതിനാല്‍ ഓരോ മീന്‍വേട്ടയും ആയിരക്കണക്കിന് മത്സ്യങ്ങളുടെ നാശത്തിന് കാരണമാകുന്നു. അതുവഴി പല നാടന്‍ മത്സ്യങ്ങളും ഇന്നു വംശനാശ ഭീഷണിയിലാണ്. എകദേശം 60 ഇനം ഭക്ഷ്യയോഗ്യമായ മത്സ്യങ്ങളും 19 ഇനം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങളും ഊത്തപ്പിടുത്തം വഴി വംശനാശഭീഷണിയിലാണ്.

ഏറെ അപകടം പിടിച്ച രീതിയിലാണ് ഇന്ന് ഊത്തപിടുത്തം നടക്കുന്നത്. മീനുകള്‍ സഞ്ചരിക്കുമ്പോള്‍ അവയുടെ വഴികളെല്ലാം ചിറകെട്ടിയടച്ച്, അവിടെ പത്താഴം എന്നും കൂട് എന്നും വിളിക്കുന്ന കെണിയൊരുക്കി സകല മീനിനെയും പിടിക്കുന്ന രീതിയാണ് ഏറെ അപകടം. പുഴയില്‍നിന്ന് വയലിലേക്ക് മത്സ്യങ്ങള്‍ കയറുന്ന തോടിലാവും ഈ കെണിയൊരുക്കുന്നത് എന്നതിനാല്‍ ഒരൊറ്റ മത്സ്യവും ഇതില്‍നിന്ന് രക്ഷപ്പെടില്ല. ഇത്തരം കെണികളില്ലാത്ത വഴിയിലൂടെ കയറിവന്ന മത്സ്യങ്ങള്‍ പിന്നെ പിടിക്കപ്പെടുന്നത് പ്രധാനമായും ഒറ്റാല്‍, വല, വെട്ട് എന്നീ രീതികളിലാണ്. രാത്രി വെട്ടുകത്തിയും ടോര്‍ച്ചുമായി ഇറങ്ങി വെട്ടിപ്പിടിക്കുന്നവരാണ് ഇന്നു വയലുകളില്‍ കൂടുതലായി കാണുന്നത്.

മുളയും ഈറ്റയും കൊണ്ടു നിര്‍മിച്ച ഒറ്റല്‍ ഉപയോഗിച്ച് തീരെ ആഴംകുറഞ്ഞ ഇടങ്ങളില്‍ മീന്‍ പിടിക്കുന്ന രീതിയും ഇപ്പോള്‍ കണ്ടുവരുന്നു. വലയുടെ ഉപയോഗത്തിലാണ് ഇന്ന് ഏറെ അപകടം പതുങ്ങിയിരിക്കുന്നത്. ആദ്യകാലങ്ങളില്‍ അകന്ന കണ്ണികളുള്ള വലകള്‍ മാത്രമെ മാര്‍ക്കറ്റില്‍ ലഭ്യമായിരുന്നുള്ളു. പ്രധാനമായും അവ കൈകൊണ്ട് നെയ്തെടുക്കുന്നവയായിരുന്നു. ഇന്ന് ഫാക്ടറിയില്‍നിന്ന് നിര്‍മിച്ചെടുക്കുന്ന കൊതുകുവലയ്ക്കു സമാനമായ വലകള്‍ വളരെ വ്യാപകമായി ഉപയോഗിക്കുന്നത് കാണാം. ചെറിയ മീനുകളെപ്പോലും നശിപ്പിക്കുന്ന ഈ വലകള്‍ നിയമം മൂലം നിരോധിച്ചതാണെങ്കിലും ജനങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

നൂറ്റാണ്ടുകളായി തുടരുന്ന മണ്‍സൂണ്‍ കാലത്തെ ഈ മത്സ്യവേട്ട ഇതുവരെ ഒരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ലല്ലോ, അത് കര്‍ഷകരുടെയും പുഴയോരത്തു താമസിക്കുന്നവരുടെയും ഇഷ്ടവിനോദമായി എത്രയോ കാലം തുടര്‍ന്നിട്ടും കുഴപ്പമുണ്ടായിട്ടില്ലോ എന്നാണ് ചോദ്യമെങ്കില്‍, അത് ഇന്നത്തെ നമ്മുടെ സാഹചര്യങ്ങളക്കുറിച്ചുള്ള തിരിച്ചറിവില്ലായ്മയില്‍ നിന്നുണ്ടാകുന്നതാണ്. വിശാലമായ വയലുകളുണ്ടായിരുന്നു ഒരുകാലത്ത് കേരളത്തില്‍. അവ കായലും പുഴയുമായി നൂറുകണക്കിന് തോടുകളാലും അരുവികളാലും പരസ്പരം ബന്ധിക്കപ്പെട്ടിരുന്നു. പുഴയില്‍നിന്ന് വയലിലേക്ക് മുട്ടയിടാനായി കയറാനുണ്ടായിരുന്ന പലവിധ മാര്‍ഗങ്ങളെല്ലാം ഇന്ന് ഇല്ലാതായിരിക്കുന്നു. തോടുകളില്‍ എല്ലായിടത്തും തടയണകള്‍ വന്നു. ചെറിയ ഒരു വിടവിലൂടെ മാത്രമേ തടയണയുള്ള തോടുകളില്‍ മത്സ്യങ്ങള്‍ക്കു മുകളിലേയ്ക്കു കയറാന്‍ പറ്റുകയുള്ളു. പുഴയിലാണെങ്കില്‍ റഗുലേറ്ററുകളും തടയണകളും വ്യാപകമായി. എല്ലാ തടയണകളിലെയും പ്രധാന വഴികളെല്ലാം ഇന്നു പലവിധ വലകളാല്‍ നിറഞ്ഞിരിക്കുന്നു.

വയലിലൂടെ ധാരാളം റോഡുകള്‍ വന്നപ്പോഴാണ് ഏറ്റവും വലിയ തടസം മത്സ്യങ്ങളുടെ ദേശാന്തര ഗമനത്തിന് നേരിടേണ്ടി വന്നത്. ഈ റോഡുകള്‍ക്ക് അപ്പുറവും ഇപ്പുറവുമുള്ള വയലുകളെ ചെറിയ ഓവുചാലുകള്‍ വഴിയോ പൈപ്പുകള്‍ വഴിയോ ആണു ബന്ധിപ്പിച്ചിരിക്കുന്നത്. മത്സ്യങ്ങളുടെ മരണക്കെണിയാണ് ഈ ഓവുചാലുകള്‍. മുകള്‍ഭാഗത്തെ വയലിലേക്ക് കയറുന്ന മത്സ്യങ്ങളെല്ലാം ഓവുപാലത്തിന്റെ ചുവട്ടിലെ കെണിയില്‍ എളുപ്പത്തില്‍ കുടുങ്ങുന്നു. കൂടാതെ നഞ്ചുകലക്കി മൊത്തം മത്സ്യങ്ങളെയും ഇതര ജലജീവികളെയും പിടിക്കുന്നവരും ഇന്നു സര്‍വവ്യാപികളായിരിക്കുന്നു. മൊത്തം ജലജീവികളെ കൊന്നൊടുക്കുന്ന, വിഷം കലക്കിയുള്ള ഈ മത്സ്യബന്ധനരീതി അവശേഷിക്കുന്ന മത്സ്യസമ്പത്തിന്റെ അന്തകനാണ്. കേവല വിനോദത്തിന്റെ പേരില്‍ കേരളത്തിന്റെ ശുദ്ധജല മത്സ്യസമ്പത്തിന് ഗുരുതര നാശം വിതക്കുന്ന തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്തെ മത്സ്യവേട്ട നിയമം മൂലം നിരോധിക്കപ്പെട്ടിട്ടുണ്ടെങ്കിലും കടലില്‍ ട്രോളിങ് നിരോധനം നടപ്പാക്കുന്നതുപോലെ ഇത് സാധ്യമല്ലെന്ന് തിരിച്ചറിയണം. അതിനാല്‍ നിയമം വഴിയുള്ള നിരോധന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനൊപ്പം ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കണം.

നിയമവിരുദ്ധം. ആറു മാസം തടവ് ലഭിക്കുന്ന കുറ്റം

മത്സ്യങ്ങളുടെ പ്രജനനകാലമാണ് ജൂണ്‍ മാസം. മുട്ടയിടാനാണ് മത്സ്യങ്ങള്‍ വയലിലേക്കും പുഴയിലേക്കും കയറി വരുന്നത്. ആ സമയത്ത് വയറ് നിറയെ മുട്ടയുള്ളതിനാല്‍ മത്സ്യങ്ങള്‍ക്ക് രക്ഷപ്പെടാന്‍ കഴിയില്ല അവയെ വ്യാപകമായി വേട്ടയാടുന്നു. അറിയുക, ശുദ്ധജല മത്സ്യങ്ങള്‍ വംശനാശത്തിന്റെ വക്കിലാണ്. ഈ സമയത്തെ മീന്‍പിടുത്തം നിയമവിരുദ്ധമാണ്. കൃത്യമായ നിയമമുണ്ട്. 'പ്രജനന സമയങ്ങളില്‍ സഞ്ചാര പഥങ്ങളില്‍ തടസം വരുത്തി മത്സ്യങ്ങളെ പിടിക്കുന്നതും അനധികൃത ഉപകരണങ്ങള്‍ ഉപയോഗിച്ച് മത്സ്യം പിടിക്കുന്നതും കേരള അക്വാകള്‍ച്ചര്‍ ആന്റ് ഇന്‍ ലാന്‍ഡ് ഫിഷറീസ് ആക്ട് 2010 ചട്ടങ്ങള്‍ അധ്യായം 4, ക്ലോസ് 6, സബ് ക്ലോസ് 3,4,5 പ്രകാരം നിരോധിച്ചിരിക്കുന്നു. അത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 15000 രൂപ പിഴയും 6 മാസം തടവും ലഭിക്കുന്നതാണ്. ഫിഷറീസ്, റവന്യൂ, പൊലീസ് വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനവും ഈ വിഷയത്തില്‍ നടപടികള്‍ സ്വീകരിക്കും.

Keywords: News, Kerala, Kasaragod, Top-Headlines, Committee, Fisher-workers, District, River, Kanhangad, Trikaripur, Illegal Fishing, Special committee formed to curb illegal fishing.
< !- START disable copy paste -->

Post a Comment