city-gold-ad-for-blogger
Aster MIMS 10/10/2023

Memories | കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ പി ബി അബ്ദുർ റസാഖ്

/ ഇബ്രാഹിം ചെർക്കള

(www.kasargodvartha.com)
തന്റെ ജീവിത വഴിയില്‍, സേവന പാതകളിലെല്ലാം പാവപ്പെട്ടവന്റെ കൂടെ നിന്ന് പ്രവര്‍ത്തിക്കുകയും രാഷ്ട്രീയ രംഗത്തും അതുപോലെ അധികാര സ്ഥാനങ്ങളിലെല്ലായിടത്തും പ്രവര്‍ത്തനമേഖലയില്‍ മറ്റു പലരിലും കാണാത്ത പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു പി ബി അബ്ദുല്‍ റസാഖിന്റെ ജീവിതം. കഠിനാദ്ധ്വാനവും ലക്ഷ്യബോധവും അദ്ദേഹത്തിന്റെ സവിശേഷതകളായിരുന്നു. പൊതുപ്രവര്‍ത്തനത്തിന് ഒരു മാതൃകയാണ്. സ്ഥാനങ്ങള്‍ ഓരോന്നായി തന്നെ തേടി എത്തുമ്പോള്‍ ജനപക്ഷത്ത് നിന്നുകൊണ്ട് ഇവിടെ മറ്റുള്ളവര്‍ക്ക് വേണ്ടി എന്ത് ചെയ്യാന്‍ പറ്റും എന്ന ചിന്തയിലായിരുന്നു റസാഖ് എന്നും.
  
Memories | കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ പി ബി അബ്ദുർ റസാഖ്

ആലംപാടി ശാഖ യൂത്ത് ലീഗ് ഭാരവാഹിയായിട്ടാണ് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. എന്നാല്‍ ബിസിനസ്സുമായി കര്‍ണ്ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ നാടുകളില്‍ ഏറെ കാലം കഴിഞ്ഞത് കൊണ്ട് പൊതുരംഗത്ത് നിന്നും മാറി നില്‍ക്കേണ്ടി വന്നു. പ്രതിസന്ധികള്‍ നിറഞ്ഞ ഘട്ടങ്ങളില്‍ തന്റെ സേവനവും സ്വാധീനവും മുസ്ലിം ലീഗിന്റെ പ്രവര്‍ത്തനത്തിന് നീക്കി വെക്കാന്‍ പി ബി അബ്ദുല്‍ റസാഖ് തയ്യാറായി എന്ന് മാത്രമല്ല, നാട്ടില്‍ തന്നെ നിന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. 1993 മുതല്‍ ചെങ്കള പഞ്ചായത്ത് ലീഗ് ജനറല്‍ സെക്രട്ടറിയായും തുടര്‍ന്ന് മണ്ഡലം ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 2000 ത്തിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച് ചെങ്കള പഞ്ചായത്തിന്റെ പ്രസിഡന്റായി.

2000-2005 വരെ പഞ്ചായത്തിന്റെ ഭരണസാരഥിയായിരുന്ന കാലത്ത് നാടിന്റെ പുരോഗതിക്ക് വേണ്ടി ഓടി നടന്ന് പ്രവര്‍ത്തിച്ചു എന്നത് ഭംഗി വാക്കല്ല. ഒരു പൊതുപ്രവര്‍ത്തകന്റെ യഥാര്‍ത്ഥ കടമ എന്താണെന്ന് സമൂഹത്തിന് കാണിച്ച് കൊടുക്കാന്‍ അബ്ദുല്‍ റസാഖിന് കഴിഞ്ഞു. ശോചനീയാവസ്ഥയില്‍ കിടന്ന പല ഗ്രാമീണ റോഡുകളും ടാറിംഗ് നടത്തി. പഞ്ചായത്തിന് അനുവദിച്ച ഫണ്ടുകളുടെ അപര്യാപ്തത സര്‍ക്കാറിനെ ബോധിപ്പിച്ച് കൂടുതല്‍ ഫണ്ടുകള്‍ നേടിയെടുത്ത് നാടിന്റെ വികസനം ത്വരിതപ്പെടുത്തി. നിര്‍ദ്ധനരായ ജനവിഭാഗങ്ങളോട് പ്രത്യേകം താല്‍പര്യം കാണിക്കുകയും പട്ടികജാതി കോളനികള്‍ കേന്ദ്രീകരിച്ചും, മറ്റ് പാവപ്പെട്ടവര്‍ക്കിടയിലും ജനസമ്പര്‍ക്ക പരിപാടികള്‍ സംഘടിപ്പിച്ചു. അവരുടെ പരാതികള്‍ കേള്‍ക്കുകയും പല പ്രശ്‌നങ്ങളും പരിഹരിക്കാനുള്ള ധനസഹായ വിതരണം, തടസ്സങ്ങള്‍ കൂടാതെ പെട്ടെന്ന് വിതരണം ചെയ്യാന്‍ അവസരം സൃഷ്ടിക്കുകയും ചെയ്തു. ആയിരത്തിലധികം വീടുകള്‍ ഈ കാലയളവില്‍ നിര്‍മ്മിക്കാനുള്ള പഞ്ചായത്ത് ധനസഹായം നല്‍കി. ഏറെ പഴക്കം ചെന്ന പരിമിതമായ സൗകര്യങ്ങളില്‍ ശ്വാസം മുട്ടിയിരുന്ന ചെങ്കള പഞ്ചായത്ത് ഓഫീസില്‍ പുതിയ കെട്ടിടം എന്ന ലക്ഷ്യത്തിന് തുടക്കം കുറിച്ചത് അബ്ദുല്‍ റസാഖിന്റെ ഭരണകാലത്താണ്.

പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നേരിട്ടു വിലയിരുത്തുക എന്ന പുതിയ ശൈലിയാണ് പ്രസിഡന്റ് നടപ്പില്‍ വരുത്തിയത്. പ്രവൃത്തി നടക്കുന്ന സ്ഥലങ്ങളിലെല്ലാം നേരിട്ട് എത്തി ജനങ്ങളുടെ അഭിപ്രായവും ജോലിയിലെ കാര്യക്ഷമതയും മനസ്സിലാക്കിയ ശേഷമാണ് പണിയുടെ ബില്ലുകള്‍ പാസ്സാക്കി കൊടുത്തത്. ഇതുകൊണ്ട് ആ കാലത്ത് നടന്ന ജോലികള്‍ എല്ലാം ഗുണനിലവാരം നിലനിര്‍ത്താന്‍ സാധിച്ചു. ഉദ്യോഗസ്ഥന്മാരുടെയും സഹപ്രവര്‍ത്തകരുടെയും പൂര്‍ണ്ണ സഹകരണത്തോടെ പഞ്ചായത്തിന്റെ ഓരോ പദ്ധതിയും വളരെ കൃത്യനിഷ്ഠതയോടെ നടപ്പില്‍ വരുത്തി.

ഗവണ്‍മെന്റ് ഫണ്ടുകള്‍ യഥാസമയം അര്‍ഹതപ്പെട്ടവരില്‍ എത്തിക്കുന്നതിലും പ്രസിഡന്റ് നേരിട്ട് തന്നെ നേതൃത്വം നല്‍കി. ഇത് പദ്ധതി നടത്തിപ്പിന്റെ വേഗത കൂട്ടി ജനങ്ങള്‍ക്ക്‌വലിയ സഹായമായി തീരുകയും ചെയ്തു. 2001-2002 വര്‍ഷത്തെ സാമൂഹ്യ ക്ഷേമവകുപ്പ് അവാര്‍ഡ്, 2002-2004 വര്‍ഷത്തെ കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാതല അവാര്‍ഡ്, സമഗ്ര വികസനത്തിന് സംസ്ഥാനതലത്തില്‍ ജില്ലകളിലുള്ള പഞ്ചായത്തുകള്‍ക്ക് നല്‍കുന്ന സെക്കന്റ് സ്വരാജ് അവാര്‍ഡ്, 2004-2005 ലും ഇതേ അവാര്‍ഡ് വീണ്ടും നേടിയെടുക്കാന്‍ പി ബി അബ്ദുല്‍ റസാഖിന്റെ ഭരണത്തിന് കഴിഞ്ഞു. പഞ്ചായത്ത് ഭരണത്തില്‍ കാണിച്ച ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ റസാഖിന് രാഷ്ട്രീയത്തില്‍ മുന്നേറ്റ കുതിപ്പിന് ഊര്‍ജ്ജം പകര്‍ന്നു.

2005 ലെ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്വാധീനമില്ലാതിരുന്ന ദേലംപാടി ഡിവിഷനില്‍ ധൈര്യത്തോടെയും പ്രതീക്ഷയോടെയും മത്സരിക്കുകയും ജില്ലാ പഞ്ചായത്ത് അംഗമായി വിജയിക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായി പ്രവര്‍ത്തിക്കവെ 2009 ല്‍ എല്‍ഡിഎഫിന്റെ ഭരണസമിതിക്കെതിരെ പ്രതിപക്ഷം കൊണ്ട് വന്ന അവിശ്വാസ പ്രമേയം പാസ്സായതോടെ എല്‍ഡിഎഫിന് ഭരണം നഷ്ടപ്പെടുകയും പിബി അബ്ദുല്‍ റസാഖ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ദേലംമ്പാടി, അഡൂര്‍, പള്ളംങ്കോട്, കാറഡുക്ക, മുള്ളേരിയ, മുളിയാര്‍ എന്നീ അവികസിത പ്രദേശങ്ങളില്‍ വികസന ക്ഷേമപദ്ധതികള്‍ നടപ്പിലാക്കാന്‍ ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ട് ജനങ്ങള്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് കടമകള്‍ നിര്‍വ്വഹിച്ചു.

സര്‍ക്കാര്‍ തലത്തിലെ പല സമിതികളിലും ജനപ്രതിനിധിയായി പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടുമ്പോള്‍ പാവപ്പെട്ടവരുടെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ അബ്ദുല്‍ റസാഖ് എപ്പോഴും ശ്രദ്ധിച്ചു. വികസന സമിതിയിലും അതുപോലെ ഭൂമി പതിച്ച് നല്‍കുന്ന കാര്യങ്ങളിലും പലപ്പോഴും നിര്‍ദ്ധനരായവര്‍ക്ക് വേണ്ടി ശക്തമായി നില കൊണ്ടു. മൂന്ന് സെന്റ്, അഞ്ച് സെന്റ് ഭൂമികള്‍ വീടില്ലാത്തവര്‍ക്ക് പതിച്ച് നല്‍കുന്നതിന് തടസ്സം നില്‍ക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ ശക്തമായി പ്രതികരിച്ചു. അങ്ങനെ പാവപ്പെട്ടവന്റെ അവകാശം നേടിക്കൊടുക്കാന്‍ പി ബി അബ്ദുല്‍ റസാഖിന് കഴിഞ്ഞു. വികസന പ്രവര്‍ത്തനങ്ങളിലും പാവപ്പെട്ടവരുടെ സഹായ വിതരണങ്ങളിലും ഒരിക്കലും രാഷ്ട്രീയ, ജാതി-മത ചിന്തകള്‍ക്ക് സ്ഥാനം നല്‍കിയില്ല.

കുറഞ്ഞ കാലമെ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ഇരുന്നുള്ളൂവെങ്കിലും അവികസിത പ്രദേശങ്ങളുടെ പുരോഗതിയുടെ കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഈ സമയം ഉപയോഗപ്പെടുത്തി എന്നത് പി ബി അബ്ദുല്‍ റസാഖ് എന്ന പൊതുപ്രവര്‍ത്തകന്റെ മാനുഷിക പരിഗണനകളുടെ തെളിവാണ്. 2011 ലെ പൊതു തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ നിന്നും ജനവിധി തേടാനുള്ള നിയോഗവും കിട്ടി. 2006 ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയപ്പെട്ട സീറ്റ് പിടിച്ചെടുക്കാനുള്ള രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായി പൊതുജന സമ്മതനായ പി ബി അബ്ദുല്‍ റസാഖിനെ ദൗത്യം ഏല്‍പ്പിക്കുകയായിരുന്നു പാര്‍ട്ടി. പല വികസന പദ്ധതികള്‍ നടപ്പില്‍ വന്നിട്ടുണ്ടെങ്കിലും കുടിവെള്ള പ്രശ്‌നങ്ങളുടെ കാര്യം എന്നും സ്ത്രീകളുടെ മാത്രം പ്രശ്‌നമായി മാറ്റിവെക്കപ്പെട്ടിരുന്നു. സ്ഥാനാര്‍ത്ഥിയുടെ ആദ്യത്തെ മണ്ഡല പര്യടനത്തില്‍ തന്നെ അബ്ദുല്‍ റസാഖിനെ ഒരു ഗ്രാമം നേരിട്ടത് കുടിവെള്ള പ്രശ്‌നം ഉന്നയിച്ചു കൊണ്ടാണ്. അധികം കൂടിയാലോചന നടത്താതെ തന്നെ അദ്ദേഹം അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടു. ഉടനെ തന്നെ ആവശ്യമുള്ള സ്ഥലങ്ങളില്‍ കുഴല്‍ കിണര്‍ കുഴിക്കാനുള്ള ഏര്‍പ്പാട് ചെയ്തു.

അതുവഴി തുടക്കത്തില്‍ തന്നെ ജനമനസ്സില്‍ കയറികൂടാന്‍ അബ്ദുല്‍ റസാഖിന് കഴിഞ്ഞു. തെരഞ്ഞെടുപ്പില്‍ 5500 അധികം വോട്ടിന് ജയിച്ച് എംഎല്‍എ ആയി. മഞ്ചേശ്വരം മണ്ഡലത്തിന്റെ ഓരോ മണ്‍തരിയിലും തന്റെ പ്രവര്‍ത്തന മുദ്ര പതിപ്പിക്കാന്‍ ഓടി നടന്നു. ജനങ്ങളുടെ ആവശ്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുകയും അതിന് വേണ്ടി സര്‍ക്കാരില്‍ പരമാവധി സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. അഞ്ച് വര്‍ഷം കൊണ്ട് ചരിത്രം സൃഷ്ടിക്കുകയായിരുന്നു പി ബി. 800 കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പിലാക്കിയ കേരളത്തിലെ ഏക എംഎല്‍എ എന്ന ബഹുമതി നേടിയെടുക്കാന്‍ സാധിച്ചു.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം ഊഴത്തിന് തയ്യാറായി. എല്ലാ കാലത്തും വാശിയേറിയ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലമാണ് മഞ്ചേശ്വരം. കാരണം ബിജെപി കേരള നിയമസഭയില്‍ എത്താന്‍ ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന സ്ഥലമാണ് ഇത്. അതുകൊണ്ട് തന്നെ എന്ത് വില കൊടുത്തും ജയിക്കാനുള്ള തന്ത്രങ്ങള്‍ ബിജെപി ഇവിടെ നടപ്പില്‍ വരുത്തുന്നു. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് സ്ഥാനാര്‍ത്ഥി. കര്‍ണ്ണാടകയിലെ നേതാക്കള്‍ മാത്രമല്ല കേന്ദ്രമന്ത്രി മുതല്‍ ദേശീയ നേതാക്കള്‍ വരെ എല്ലാം വന്ന് തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയ കേരളത്തിലെ ഏക മണ്ഡലവും ഇതുതന്നെ. ഭാഷയുടെയും, ജാതി-മത-രാഷ്ട്രീയത്തിന്റെയും ശക്തി കേന്ദ്രം കൂടിയാണ് ഈ മണ്ഡലം. 2016 ലെ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ കേവലം 89 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പിബി അബ്ദുല്‍ റസാഖ് ജയിച്ചത്.

വലിയ പ്രതീക്ഷ പുലര്‍ത്തിയ മണ്ഡലം നഷ്ടപ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ തോല്‍വി സമ്മതിക്കാന്‍ തയ്യാറായില്ല. ഫലപ്രഖ്യാപനത്തിന് എതിരെ കേരള ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ആറ് മരിച്ചവരുടെയും 261 വോട്ടുകള്‍ സ്ഥലത്തില്ലാത്തവരുടെയും കള്ളവോട്ടുകള്‍ ചെയ്താണ് 89 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചത് എന്നതാണ് പരാതി. എന്നാല്‍ തന്റെ നിരപരാധിത്വം തെളിയിക്കുന്നതിനും പെട്ടെന്ന് തീര്‍പ്പാക്കുന്നതിനുവേണ്ടി അബ്ദുല്‍ റസാഖ് തന്നെ മുന്നോട്ട് വന്നു. പ്രത്യേക വാഹനത്തില്‍ സാക്ഷികളായ മുഴുവന്‍ വോട്ടര്‍മാരെയും കോടതിയില്‍ എത്തിച്ചു. മരിച്ചവര്‍ എന്ന് രേഖപ്പെടുത്തിയ നാല് പേര്‍ ഹാജരായി മറ്റ് രണ്ടു പേരുടെ വോട്ട് ചെയ്തിരുന്നില്ല. 261 കള്ളവോട്ട് ചെയ്തവര്‍ എന്ന് പറഞ്ഞിരിക്കുന്നവരില്‍ 215 പേരെയും കോടതിയില്‍ എത്തിക്കാന്‍ കഴിഞ്ഞു. മറ്റുള്ളവര്‍ ഗള്‍ഫില്‍ മടങ്ങി പോയതിനാല്‍ എത്തിയില്ല. കെ സുരേന്ദ്രന്റെ വാദം തെറ്റാണ് എന്ന് കോടതിയില്‍ തെളിയിക്കപ്പെട്ടെങ്കിലും കേസ് നീട്ടികൊണ്ടുപോകാനുള്ള വഴികള്‍ അന്വേഷിച്ച് സുരേന്ദ്രന്‍ മുന്നോട്ട് പോയി.

തെരഞ്ഞെടുപ്പ് വിജയത്തിന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്താന്‍ അബ്ദുല്‍ റസാഖിന്റെ കാറിന്റെ നമ്പര്‍ 89 ആക്കി. ചെറിയ പ്രായത്തില്‍ തന്നെ ഇന്ത്യയുടെ പല ഭാഗങ്ങളില്‍ സഞ്ചരിച്ചുള്ള ലോക പരിചയവും കഠിനദ്ധ്വാനവും നല്‍കിയ ജീവിതാനുഭവ പാഠങ്ങളും എവിടെയും നേട്ടങ്ങള്‍ കൊയ്യാനുള്ള കരുത്ത് നല്‍കി. അതുപോലെ എന്നും ജനപക്ഷത്ത് നിന്നു കൊണ്ടുള്ള പ്രവര്‍ത്തന ശൈലിയും വിജയത്തിന്റെ ആക്കം വര്‍ധിപ്പിച്ചു. മലയാളത്തിന് പുറമെ ഹിന്ദി, കന്നഡ, തുളു, തമിഴ്, തെലുങ്ക് എന്നീ ഭാഷകള്‍ അനായാസം സംസാരിച്ചു. അതുപോലെ സാധാരണ ജനങ്ങള്‍ക്കിടയില്‍ ഇഴുകി ചേര്‍ന്ന ജീവിതമായിരുന്നു റസാഖിന്റേത്. നാട്ടിന്‍പ്പുറത്തെ തട്ടുകടയില്‍ നിന്നുവരെ കൂടെ ഇരുന്ന് ചായ കുടിക്കാനും കല്ല്യാണം പോലുള്ള വേദികളില്‍ എല്ലാവരോടും ഒത്തുകൂടി കൈകൊട്ടി പാട്ടുകള്‍ പാടാനും അബ്ദുല്‍ റസാഖിന് വലിയ ആവേശമായിരുന്നു.

വിദ്യാഭ്യാസ രംഗത്ത് വിലപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തി. അവിടെയും എന്നും സാധാരണക്കാരുടെ താല്‍പര്യം തന്നെയായിരുന്നു മുന്നില്‍. എഎന്‍പി സ്‌കൂള്‍ പാടി, എല്‍പി സ്‌കൂള്‍ കൂടാല്‍മെര്‍ക്കള, പിബിഎം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ റഹ്മത്ത് നഗര്‍, പിബിഎം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ നെല്ലിക്കട്ട ഇവിടെയെല്ലാം പാവപ്പെട്ട കുട്ടികളെ ചേര്‍ക്കാന്‍ പ്രത്യേക ഇളവുകള്‍ അനുവദിച്ചിരുന്നു. അതുപോലെ എംഎല്‍എയുടെ മണ്ഡലത്തിലെ പല സ്‌കൂളുകള്‍ക്കും കെട്ടിടങ്ങളും മറ്റു സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാറില്‍ നിന്നും ധാരാളം ഫണ്ട് ചോദിച്ചു വാങ്ങിക്കൊടുത്തു. വിദ്യാഭ്യാസത്തിന് കഴിയുന്ന എല്ലാവിധ പരിഗണനയും നല്‍കിയിരുന്നു. ഉന്നത വിദ്യാഭ്യാസത്തിന് വഴിയില്ലാതെ ബുദ്ധിമുട്ടുന്ന പാവപ്പെട്ടവരുടെ കുട്ടികള്‍ക്ക് തുടര്‍ വിദ്യാഭ്യാസത്തിന് നാട്ടിലെയും മറുനാട്ടിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉപരിപഠനം നടത്തുന്നതിന് സൗകര്യം ഏര്‍പ്പെടുത്തി.

ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് മാതൃകാപരമായ സേവനമാണ് പി ബി അബ്ദുല്‍ റസാഖ് നടത്തിയത്. വീട് ഇല്ലാത്തവരുടെയും വീട് വെക്കാന്‍ സ്ഥലമില്ലാത്തവരുടെയും അതുപോലെ നിര്‍ദ്ധനരായ രോഗികളുടെയും പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹത്തിനും എന്നും വലിയ സഹായങ്ങള്‍ നല്‍കി. പാവപ്പെട്ടവര്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ഏക്കര്‍ കണക്കിന് സ്ഥലം വാങ്ങിയാണ് വീട് വെക്കാന്‍ വീതിച്ച് നല്‍കിയത്. കോയിപ്പാടി, ചന്ദ്രംപാറ, കുടാല്‍മെര്‍ക്കള, പാടി തുടങ്ങിയ സ്ഥലങ്ങളില്‍ അനേകം ആളുകള്‍ക്ക് അഞ്ച്, മൂന്ന് സെന്റ് വീതം ഭൂമി വീട് വെക്കാന്‍ നല്‍കി. അതുപോലെ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍, എംഎല്‍എ എന്നീ സ്ഥാനങ്ങളില്‍ നിന്നും ലഭിച്ചിരുന്ന സര്‍ക്കാര്‍ ശമ്പളവും മറ്റു ആനുകൂല്യങ്ങളും പാവപ്പെട്ടവരുടെ ഉന്നമനത്തിനായി ചെലവഴിക്കാന്‍ നീക്കിവെച്ചു. 2013 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ ജില്ലയില്‍ സ്ഥലം ഇല്ലാത്ത പ്രശ്‌നം പറഞ്ഞപ്പോള്‍ നെക്രാജെ വില്ലേജിലെ പുണ്ടൂരില്‍ ഒരു ഏക്കര്‍ സ്ഥലവും, കുടാല്‍ വില്ലേജിലെ കുടാല്‍മെര്‍ക്കളയില്‍ ഒരു ഏക്കര്‍ സ്ഥലവും സ്വന്തമായി വാങ്ങി സര്‍ക്കാരിന് നല്‍കി പുതിയ മാതൃക സൃഷ്ടിച്ചു.

കാസര്‍കോട്ടെ മത-സാമൂഹിക-രാഷ്ട്രീയ രംഗങ്ങളില്‍ നിറസാന്നിധ്യമായ അബ്ദുല്‍ റസാഖ് നിരവധി സംഘടനകളുടെ സാരഥിയായിരുന്നു. എര്‍മാളം ജുമാ മസ്ജിദ് ജനറല്‍ സെക്രട്ടറി, നീര്‍ച്ചാല്‍ ജുമാ മസ്ജിദ് പ്രസിഡന്റ്, പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്, ക്രൂസ് ഡയറക്ടര്‍, കാസര്‍കോട് സംയുക്ത ജമാഅത്ത് പ്രസിഡന്റ്, റിലയന്‍സ് മൊബൈല്‍ എല്‍എല്‍സി റാക്ക് യുഎഇ പാര്‍ട്ട്ണര്‍ തുടങ്ങി പല മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു. ജനസേവനം കൊണ്ടും കാരുണ്യവും സ്‌നേഹവും സൗഹൃദവും കൊണ്ടും ജനമനസ്സില്‍ എന്നും സ്ഥാനം നിലനിര്‍ത്താന്‍ പി ബി അബ്ദുല്‍ റസാഖിന് കഴിഞ്ഞു. മരണത്തിന് ശേഷം പലരുടെയും ഓര്‍മ്മകളില്‍ നന്മമരമായി ഹരിതം വിതറാന്‍ ആ ജീവിതത്തിലൂടെ സാധിച്ചു. മകന്‍ ഷഫീഖ് ഉപ്പയുടെ പാതയില്‍ സാമൂഹ്യ-സാംസ്‌കാരിക-ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് സജീവമാണ്. കാസര്‍കോട് ജില്ലാ പഞ്ചായത്ത് അംഗമായി സേവനം ചെയ്യുന്നു.

Keywords:  Kasaragod, Article, Ibrahim Cherkala, P.B. Abdul Razak, Political Party, Politics, Muslim-league, Alampady, Youth League, Karnataka, Chengala, Panchayath, UDF, LDF, Government, PB Abdur Razzaq, who has won the hearts of the people with his charitable deeds.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL