തിരുവനന്തപുരം: (www.kasargodvartha.com) കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരം. ബുധനാഴ്ച ചേര്‍ന്ന സംസ്ഥാനമന്ത്രിസഭാ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. കാട്ടുപന്നികളുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി.
സംസ്ഥാനത്തെ 406 സ്ഥലങ്ങളില്‍ കാട്ടുപന്നിയുടെ ആക്രമണം രൂക്ഷമാണെന്നാണ് കണക്ക്. ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള നടപടികളുടെ ഭാഗമായി ഈ പട്ടിക കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് നല്‍കുകയും ചെയ്തിരുന്നു.
വിവിധ ജില്ലകളില്‍ കാട്ടുപന്നികളെ വെടിവച്ച് കൊല്ലുന്നുണ്ട്. എന്നാല്‍ ഇതുവരെ എത്രയെണ്ണത്തെ കൊന്നുവെന്ന കൃത്യമായ കണക്ക് വനംവകുപ്പിന്റെ പക്കലില്ല. ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസുകളില്‍ നേരിട്ട് ചോദിച്ചാല്‍ വിവരം ലഭിക്കും എന്നാണ് മറുപടി. വന്യജീവി ആക്രമണത്തിന്റെ പേരില്‍ നല്‍കിയ നഷ്ടപരിഹാരത്തിന്റെ ഏകീകൃത കണക്കും ലഭ്യമല്ല എന്നാണ് വിവരാവകാശപ്രകാരമുള്ള മറുപടി.
കാട്ടുപന്നിയെ നശിപ്പിക്കാനുള്ള അപേക്ഷയില്‍ 24 മണിക്കൂറിനുള്ളില്‍ നടപടി സ്വീകരിക്കണമെന്ന സര്‍കാര്‍ ഉത്തരവ് പല ജില്ലകളിലും കൃത്യമായി പാലിക്കപ്പെടുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണ് പുതിയ തീരുമാനം. പന്നികളെ കൊല്ലുന്നതില്‍ വനംവകുപ്പ് വഴിയുള്ള നടപടി വൈകുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു.