Join Whatsapp Group. Join now!
Aster MIMS 10/10/2023

Protest | പേപറിന്റെ വിലയിലും ജി എസ് ടി നിരക്കിലും വൻ വർധനവ്: കേരള പ്രിന്റേര്‍സ് അസോസിയേഷന്റെ ധര്‍ണ വ്യാഴാഴ്ച വിദ്യാനഗറില്‍

Kerala Printers Association's dharna on Thursday in Vidyanagar #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) അനിയന്ത്രിതമായ പേപര്‍ വിലവര്‍ധനവിനും ക്ഷാമത്തിനും അച്ചടി അനുബന്ധ സാമഗ്രികളുടെ വിലക്കയറ്റത്തിനും ജി എസ് ടി നിരക്ക് വര്‍ധനവിനുമെതിരെ കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ സംസ്ഥാന കമിറ്റിയുടെ ആഹ്വാന പ്രകാരം സംസ്ഥാന വ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ പ്രസുകള്‍ അടച്ചിട്ടു കൊണ്ട് ജീവനക്കാരും കുടുംബാംഗങ്ങളുമുള്‍പെടെ മെയ് 19ന് രാവിലെ 10 മണി മുതല്‍ വിദ്യാനഗര്‍ ബി സി റോഡ് ജംഗ്ഷനില്‍ പ്രതിഷേധ ധര്‍ണ നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. സാമൂഹ്യ, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിക്കും.

      
Kerala Printers Association's dharna on Thursday in Vidyanagar, Kerala, Kasaragod, News, Top-Headlines, Protest, Vidya Nagar, District, Road, MLA, India, Lockdown, Social-Media, COVID-19, Newspaper, Print, President, Secretary.


കഴിഞ്ഞ ആറ് മാസങ്ങള്‍ക്കുള്ളില്‍ വിവിധയിനം പേപറുകള്‍ക്ക് 50%-ത്തിലേറെ വിലവര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ന്യൂസ് പ്രിന്റ് വില ഇരട്ടിയോളമായി. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ നോട് ബുക്, പാഠ പുസ്തകങ്ങള്‍ മുതലായ എല്ലാ കടലാസ് നിര്‍മിത ഉത്പന്നങ്ങളുടെയും വില വലിയ തോതിയില്‍ വര്‍ധിക്കാന്‍ ഇത് ഇടയാക്കും. എല്ലാ വിഭാഗം ജനങ്ങളെയും ദോഷകരമായി ബാധിക്കുന്നതാണ് ഈ വിലക്കയറ്റം. കേരളത്തിലെ മാത്രമല്ല, ഇൻഡ്യയിലെത്തന്നെ അച്ചടി വ്യവസായം വര്‍ഷങ്ങളായി വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്.

2018-ലുണ്ടായ പ്രളയവും 2019-ലെ മഹാമാരിയും അച്ചടി മേഖലയെ സാരമായി ബാധിച്ചിരുന്നു. തുടര്‍ചയായ ലോക്ഡൗണുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും തുറക്കാതിരുന്നത്, പൊതുപരിപാടികള്‍ക്കുള്ള നിയന്ത്രണങ്ങള്‍, ഈ കാലയളവില്‍ സജീവമായ സമൂഹമാധ്യമങ്ങള്‍ എന്നിവയെല്ലാം അച്ചടി മാധ്യമത്തിന് വലിയ പ്രഹരമാണ് ഏല്‍പിച്ചത്. കോവിഡിന്റെ ആഘാതത്തില്‍ നിന്ന് മോചിതമായിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് കടലാസിന്റേയും, മഷി, കെമികല്‍സ്, പ്ലേറ്റുകള്‍ തുടങ്ങിയ അച്ചടി അനുബന്ധ സാമഗ്രികളുടേയും അസംസ്‌കൃത വസ്തുക്കളുടേയും വില യാതൊരു നിയന്ത്രണവുമില്ലാതെ കുതിച്ചു കയറിക്കൊണ്ടിരിക്കുന്നത്. ഇവയുടെ വില ക്രമാതീതമായി വര്‍ധിക്കുന്നു എന്നു മാത്രമല്ല, ഏതാനും നാളുകളായി ആവശ്യാനുസരണം ലഭ്യമാകുന്നുമില്ല.

ദീര്‍ഘകാല കരാര്‍ ഏറ്റെടുത്തിട്ടുള്ള പ്രസുകളെ ഇത് ഭീമമായ സാമ്പത്തിക ബാധ്യതയിലേയ്ക്കാണ് എത്തിച്ചിട്ടുള്ളത്. കടലാസിന്റെ അമിത വിലക്കയറ്റവും രൂക്ഷ ക്ഷാമവും കാരണം കിട്ടാനുള്ള വന്‍തുകകള്‍ പോലും ഉപേക്ഷിച്ച് കരാറില്‍ നിന്ന് പിന്നാക്കം പോകുന്ന അവസ്ഥയാണ് ഉള്ളത്. ചെറുകിട പ്രസുകാര്‍ പലരും മുന്നോട്ടു പോകാനാകാതെ സ്ഥാപനങ്ങള്‍ പൂട്ടി ഈ രംഗത്തു നിന്ന് പിന്‍മാറുകയാണ്. ന്യൂസ് പ്രിന്റ് വില ഇരട്ടിയായതോടെ വര്‍ത്തമാന പത്രങ്ങളും വലിയ പ്രതിസന്ധിയിലാണ്. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ പലതും അടച്ചുപൂട്ടലിന്റെ വക്കിലാണ്. മലയാളിക്ക് സാക്ഷരതയും പുരോഗമന ചിന്താഗതിയും സാമൂഹ്യാവബോധവും വളര്‍ത്തുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന ഇവ അസ്തമിക്കുന്നത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.

കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ അടിയന്തിരമായി ഇടപെട്ട് കടലാസ് ഇറക്കുമതി വര്‍ധിപ്പിക്കുക, ഇൻഡ്യയില്‍ ഉല്‍പാദിപ്പിക്കുന്ന പേപറുകളുടെ വില നിയന്ത്രിക്കുക, അവ യഥേഷ്ടം ലഭ്യമാക്കുക, വര്‍ധിപ്പിച്ച ജി എസ് ടി നിരക്ക് കുറക്കുക, ചെറുകിട പ്രസുകളെ പരിപോഷിപ്പിക്കാന്‍ സഹായ പദ്ധതികള്‍ പ്രഖ്യാപിക്കുക മുതലായവയാണ് അസോസിയേഷന്‍ ഈ സമരത്തിലൂടെ ആവശ്യപ്പെടുന്നത്. നികുതി വിമുക്തമായിരുന്ന അച്ചടി മേഖലയില്‍ 2005-ല്‍ വാറ്റ് നടപ്പാക്കിയപ്പോള്‍ അഞ്ച് ശതമാനം നികുതി ഏര്‍പെടുത്തി. 2017-ല്‍ ജി എസ് ടി വന്നപ്പോള്‍ മുതല്‍ കൃത്യമായ ധാരണയും വ്യക്തതയുമില്ലാതെയുള്ള നിരക്കുകളാണ് ഈ മേഖലയില്‍ നടപ്പിലാക്കിയത്. 5%, 12% എന്നതായിരുന്നു ഭൂരിപക്ഷം അച്ചടി ഉല്‍പ്പന്നങ്ങളുടേയും നികുതി നിരക്ക്. 2021 ഒക്ടോബര്‍ ഒന്നു മുതല്‍ നിരക്ക് 18% ആക്കി കുത്തനെ കൂട്ടി. അച്ചടി വ്യവസായത്തിനും ഉപഭോക്താക്കള്‍ക്കും ഇത് കനത്ത ആഘാതം ഏല്‍പിച്ചിരിക്കുകയാണ്.

പേപര്‍ലെസ് പോളിസിയുടെ ഭാഗമായി വിവിധ സര്‍കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും, ഡയറികളും കലൻഡറുകളും തുടര്‍ന്ന് അച്ചടിപ്പിക്കേണ്ടതില്ല എന്ന നിലപാടിലേക്ക് പോകുന്നതും അച്ചടി മേഖലയെ തകര്‍ക്കാന്‍ പ്രേരകമാണ്. കടലാസ് പ്രകൃതിക്ക് നാശമുണ്ടാക്കുന്നതാണെന്നും കടലാസ് ഉല്‍പാദനത്തിനായി മരങ്ങള്‍ വെട്ടി നശിപ്പിക്കുന്നു എന്നുമുള്ള അസത്യ പ്രചരണവും ഈ മേഖലയെ കുറേയേറെ ബാധിക്കുന്നുണ്ട്. പൂര്‍ണമായും മണ്ണില്‍ ലയിച്ചു ചേരുന്ന കടലാസ് തികച്ചും പ്രകൃതി സൗഹൃദമാണ്. പ്രത്യേകം വച്ചുപിടിപ്പിക്കുന്ന പാഴ്മരങ്ങളാണ് കടലാസ് ഉല്‍പാദനത്തിനായി ഉപയോഗിക്കുന്നത്. അതിനാല്‍ കടലാസിന്റെ ഉപഭോഗം വനവല്‍ക്കരണത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. യഥാര്‍ഥത്തില്‍ ഇ-വേസ്റ്റ്, പ്ലാസ്റ്റിക് മുതലായവയാണ് പ്രകൃതിക്കു ഹാനികരമായിട്ടുള്ളത്.

സംസ്ഥാന ഗവണ്‍മെന്റ് ഏറ്റെടുത്ത എച് എന്‍ എല്‍ എന്ന സ്ഥാപനം, കേരള പേപര്‍ പ്രൊഡക്ട്‌സ് ലിമിറ്റഡ് (കെപിപിഎല്‍) എന്ന് പുനര്‍ നാമകരണം ചെയ്ത് പുനരുദ്ധരിച്ച് ഉല്‍പാദനം ആരംഭിക്കുകയാണ്. ആദ്യഘട്ടത്തില്‍ ന്യൂസ്പ്രിന്റ് മാത്രം ഉല്‍പ്പാദിപ്പിക്കുവാനാണ് പദ്ധതി. കാലതാമസം കൂടാതെ പ്രിന്റിംഗിനാവശ്യമായ എല്ലാവിധത്തിലുള്ള പേപറുകളും ഉല്‍പ്പാദിപ്പിക്കാന്‍ കെപിപിഎലിനെ പ്രാപ്തമാക്കണം. ഇതിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന ഉപദേശക സമിതിയില്‍ കേരള പ്രിന്റേഴ്‌സ് അസോസിയേഷന്റെ പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

വാർത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് മുജീബ് അഹ്‌മദ്, സെക്രടറി റെജി മാത്യു, വൈസ് പ്രസിഡണ്ട് വി ബി അജയകുമാര്‍, സംസ്ഥാന വൈസ് പ്രസിഡണ്ട് എം ജയറാം, കാസര്‍കോട് മേഖലാ സെക്രടറി മൊയ്‌നു കാസര്‍കോട്, കാഞ്ഞങ്ങാട് മേഖലാ സെക്രടറി ശംസീര്‍ ബി തുടങ്ങിയവര്‍ സംബന്ധിച്ചു.Keywords: Kerala Printers Association's dharna on Thursday in Vidyanagar, Kerala, Kasaragod, News, Top-Headlines, Protest, Vidya Nagar, District, Road, MLA, India, Lockdown, Social-Media, COVID-19, Newspaper, Print, President, Secretary.
< !- START disable copy paste -->

Post a Comment