city-gold-ad-for-blogger

Eid-ul-Fitr | റമദാൻ പടിയിറങ്ങി, പെരുന്നാൾ വരുമ്പോൾ

മുഹമ്മദലി നെല്ലിക്കുന്ന്

(www.kasargodvartha.com) നീണ്ട മുപ്പതു നാളുകൾ ദാഹവും വിശപ്പും വെടിഞ്ഞ് വ്രതമനുഷ്ഠിച്ച് ദേഹം സൃഷ്ടാവിന് മുന്നിൽ സമർപ്പിച്ച മാസമാണ് റമദാൻ. പ്രഭാതം മുതൽ പ്രദോഷം വരെ അന്ന പാനീയങ്ങളില്ലാതെ അല്ലാഹുവിന് മുന്നിൽ കൈകൾ നീട്ടി, ചെയ്തു പോയ പാപങ്ങളെല്ലാം പൊറുത്തു തരണമേ എന്ന് മനം നൊന്ത് പ്രാർത്ഥിച്ച മാസം. ആ മാസം വിട പറഞ്ഞു പടിയിറങ്ങുമ്പോൾ മനസ്സിന്റെ കോണുകളിൽ തേങ്ങലുകളുടെ കണിക ബാക്കിയാവുകയാണ്. ദാനധർമവും ആരാധനയുമായി സൃഷ്ടാവിന് മുന്നിൽ ശിരസ്സ് കുനിച്ച് ചെറു ദോഷങ്ങളും വൻദോഷങ്ങളും പൊറുത്തു കിട്ടുവാൻ പശ്ചാത്തപ്പിച്ചും മുപ്പതു നാളുകൾ കഴിയുമ്പോൾ മനസ്സും ശരീരവും കറകളഞ്ഞു വൃത്തിയായി വെടിപ്പായി മാറുകയാണ് ചെയ്തത്.
                            
Eid-ul-Fitr | റമദാൻ പടിയിറങ്ങി, പെരുന്നാൾ വരുമ്പോൾ

ശരീരവും മനസ്സും ഒരു തൂവെള്ള തൂവലാവുകയാണ്. റമളാൻ മാസം വിടപറഞ്ഞു പോകുമ്പോൾ ഹൃദയത്തിന്റെ തേങ്ങൽ അലയടിക്കുകയാണ്. റമളാനിലെ അവസാനത്തെ വെള്ളിയാഴ്ച ഖത്വീബ് മിമ്പറിൽ നിന്നും ഖുതുബക്കിടയിൽ നിന്നും പൊട്ടിക്കരഞ്ഞു കൊണ്ട് റമളാനിനെ യാത്രയയക്കുമ്പോൾ അതു കേൾക്കുന്ന ഓരോ മുസ്ലീമും തേങ്ങലടയ്ക്കുവാൻ കഴിയാതെ കണ്ണീർ വാർക്കുകയാണ്. അത്രയ്ക്കും പുണ്യമാക്കപ്പെട്ടതാണ് ആ മാസം. ലൈലത്തുൽ ഖദ്റിന്റെ രാവിനെ പ്രതീക്ഷിച്ച് പള്ളികളിലും, വീടുകളും 'ഇഅ്ത്തികാഫ്' ഇരിക്കുന്നവരുമുണ്ട്. വളരേ പ്രാധാന്യമുള്ള രാവാണ് ലൈലത്തുൽ ഖദ്ർ. ചെയ്തു പോയ പാപങ്ങളിൽ നിന്നും മോചനങ്ങൾ ലഭിക്കുവാൻ അള്ളാഹുവിനോട് കരഞ്ഞു തേടുന്ന രാവ്. ദിക്റിലും സ്വലാത്തിലും പ്രാർത്ഥനയിലും മുഴുകി ഇബാദത്തുകൾ വർദ്ധിപ്പിക്കലാണ് ഈ രാവ് കൊണ്ട് ഉദ്ദേശിക്കുന്നത്.

റമളാൻ വല്ലാത്ത വേദനയോടെ വിടപറഞ്ഞു പോകുമ്പോൾ ശവ്വാൽ മാസം നമുക്കിടയിലേക്ക് കടന്നു വരികയാണ്. റമളാൻ പോയ് മറയുമ്പോൾ ശവ്വാൽ പിറവിയിലൂടെ സന്തോഷം പകരുകയാണ്. മുപ്പത് ദിവസങ്ങളിൽ പകൽ മുഴുവനും പട്ടിണി കിടന്ന് അള്ളാഹുവിനോടടുത്ത് ചെയ്തു പോയ തെറ്റുകുറ്റങ്ങളെല്ലാം ദൈവത്തിന്റെ മുന്നിൽ ഇറക്കി വെച്ചവർക്ക് ആഘോഷിക്കുവാനുള്ള മാസമാണ് ശവ്വാൽ ഒന്ന്. അന്നത്തെ ദിവസം പുതു വസ്ത്രങ്ങളണിഞ്ഞ് അത്തറ് പൂശി പള്ളിയിലേക്ക് പോയി നിസ്കരിച്ച് പ്രാർത്ഥനകളെല്ലാം കഴിഞ്ഞ് ബന്ധു മിത്രാദികളുടെ വീടുകളിൽ കയറിയിറങ്ങി സന്തോഷങ്ങൾ പരസ്പരം കൈമാറുന്ന ദിവസമാണത്.

ആ ദിവസം പെരുന്നാളായി ആഘോഷിക്കുകയാണ്. പെരുന്നാൾ രാത്രിയിൽ കൊച്ചു കുട്ടികളും തരുണീമണികളും മൈലാഞ്ചി ചാർത്തുകയും സന്തോഷം പങ്കിടുകയും ചെയ്യുന്നു. അപ്പത്തരങ്ങളുടെ കൂമ്പാരമായി ഓരോ വീട്ടിലെ അടുക്കളയും പൊടി പൊടിക്കുകയാണ്. പെരുന്നാൾ ദിവസം കൊച്ചു കുട്ടികൾ പുത്തനുടുപ്പുകൾ ധരിച്ച് പൂമ്പാറ്റകളായി പാറി കളിക്കുകയും, ഓരോ വീടുകൾ തോറും കയറിയിറങ്ങുകയും, പൈസ സ്വരൂപിക്കാനുള്ള അവരുടെ കുസൃതികളും മറ്റും കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു കുളിരാണ്.

ഓരോരു വീടുകളിലും ബിരിയാണിയും നെയ്ച്ചോറും ഇറച്ചിക്കറിയും പലതരം അപ്പങ്ങളും വിളമ്പി ബന്ധുക്കളേയും അയൽ വാസികളേയും കാത്തിരിക്കുന്നവർ. ഒരു മാസം വ്രതങ്ങളിലും, പ്രാർത്ഥനകളിലും മുഴുകി പരസ്പരം ഒന്നും പറയാനും മിണ്ടാനും കഴിയാത്തവർ കുശലങ്ങളാൽ സന്തോഷം പങ്കിടുന്നു. പലരും ഫോണിലൂടെ പെരുന്നാൾ ആശംസകളർപ്പിക്കുന്നു, മറ്റു ചിലർ വാട്സ് ആപ്പിലൂടേയും. വീണ്ടുമൊരു റമളാൻ മാസത്തെ പ്രതീക്ഷയോടെ കാത്തിരിക്കുന്നതോടൊപ്പം നല്ലതായ കാര്യങ്ങളിൽ പ്രവൃത്തികളിൽ മുഴുകി നല്ലതിനു വേണ്ടി പ്രാർത്ഥിക്കാം.

Keywords: News, Kerala, Article, Ramadan, Eid-Al-Fitr, Fast,Masjid, Celebration, Islam, Festival, After a month of fasting comes eid.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia