city-gold-ad-for-blogger

എന്‍ഡോസള്‍ഫാന്‍: ഒരു കുട്ടി കൂടി കാസര്‍കോട്ട് മരിച്ചു; നൊമ്പരമായി സൗപര്‍ണിക

പെരിയ: (www.kasargodvartha.com 16.04.2022) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ ഒരു കുട്ടി കൂടി കാസര്‍കോട്ട് മരിച്ചു. പെരിയാട്ടടുക്കത്തെ റീനയുടെ ഏകമകള്‍ സൗപര്‍ണിക (10) ആണ് മരിച്ചത്. അച്ഛന്‍ രതീഷ് നേരത്തെ മരിച്ചിരുന്നു. കുട്ടിയുടെ ചികിത്സ കൃത്യമായി നടത്താന്‍ സാമ്പത്തിക പ്രയാസവും സൗകര്യമില്ലായ്മയും കാരണം മാതാവിന് കഴിഞ്ഞിരുന്നില്ല.
                          
എന്‍ഡോസള്‍ഫാന്‍: ഒരു കുട്ടി കൂടി കാസര്‍കോട്ട് മരിച്ചു; നൊമ്പരമായി സൗപര്‍ണിക

പെരിയ പ്ലാന്റേഷന്റെ പനയാല്‍ തോട്ടത്തിന് സമീപത്താണ് കുട്ടിയുടെ വീട്. സാമൂഹിക പ്രവര്‍ത്തക ദയാബായി അടക്കമുള്ളവര്‍ കുട്ടിയുടെ വീട് സന്ദര്‍ശിച്ച് അവസ്ഥ കണ്ട് വിങ്ങിപ്പൊട്ടിയിരുന്നു. ജന്മനാ കിടപ്പിലായിരുന്ന സൗപര്‍ണികയ്ക്ക് ഇടയ്ക്ക് വേദന കലശലാവുമ്പോള്‍ പെരിയ മഹാത്മാ ബഡ്‌സ് സ്‌കൂളിലെത്തിച്ച് ഫിസിയോതെറാപി നടത്തുന്നത് മാത്രമാണ് ചികിത്സയായി നടത്തിയിരുന്നത്.

എന്‍ഡോസള്‍ഫാന്‍ ഭീകരതയുടെ അടയാളമായിരുന്നു സൗപര്‍ണിക. മന:സാക്ഷിയുള്ള ആരെയും നോവിച്ച മുഖമായിരുന്നു കുട്ടിയുടേത്. മകളുടെ ചികിത്സയ്ക്കു മുമ്പില്‍ സ്വന്തം രോഗാവസ്ഥയെ മറച്ചുവെച്ചാണ് പിതാവ് അസുഖബാധയെ തുടര്‍ന്ന് പിന്നീട് മരിച്ചത്. സൗപര്‍ണികയും ആവശ്യമായ ചികിത്സ കിട്ടാതെ മരണപ്പെട്ടവരുടെ പട്ടികയില്‍ തന്നെയാണ്.

ഭരണകൂടം ഒരു കുട്ടിയെ കൂടി ആവശ്യമായ ചികിത്സ നല്‍കാതെ കൊലപ്പെടുത്തി എന്ന ആക്ഷേപമാണ് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രവര്‍ത്തകരും എയിംസ് ആക്ഷന്‍ കമിറ്റി പ്രവര്‍ത്തകരും പറയുന്നത്. സൗപര്‍ണികയുടേയും അടുത്തിടെ മരിച്ച നിരവധി കുട്ടികളുടേയും മുതിര്‍ന്നവരുടേയും മരണം കണക്കിലെടുത്തെങ്കിലും കാസര്‍കോട് ജില്ലയ്ക്ക് എയിംസ് അനുവദിക്കാനുള്ള നടപടി സ്വീകരിക്കണമെന്നുമുള്ള ആവശ്യമാണ് ശക്തമായിരിക്കുന്നത്.

2010ല്‍ ദേശീയ മനുഷ്യാവകാശ കമീഷനും 2017ലും, 19ലും, 22ലും, സുപ്രീം കോടതിയും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് വേണ്ടി നിരവധി വിധികള്‍ പുറപ്പെടുവിച്ചിരുന്നെങ്കിലും അതൊന്നും പാലിക്കാന്‍ ഭരണകൂടം തയ്യാറായിട്ടില്ല. ഇതിനിടയിലും കുട്ടികള്‍ ഇപ്പോഴും മരിച്ചു കൊണ്ടിരിക്കുന്നു. മരണം കാത്ത് കിടക്കുന്നവര്‍ക്ക് വേണ്ടിയെങ്കിലും കേന്ദ്ര-സംസ്ഥാന സര്‍കാര്‍ കണ്ണ് തുറക്കണമെന്നാണ് ജില്ലയുടെ ജനങ്ങള്‍ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നത്.

സൗപര്‍ണികയുടെ മരണത്തില്‍ ഉത്തരം പറയേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമായി മാറിയിരിക്കുകയാണ്.

Keywords:  Kasaragod, Kerala, News, Top-Headlines, Endosulfan, Endosulfan-victim, Death, Treatment, Government, Court, Court Order, Souparnika, an endosulfan victim dies in Kasargod.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia