നീലേശ്വരം നഗരത്തിലും പരിസരങ്ങളിലും നിരവധി ഡ്രൈവിംഗ് സ്കൂളുകളാണ് അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നത്. അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന ഡ്രൈവിംഗ് സ്കൂളിൽ ചേർന്ന നിരവധി പഠിതാക്കൾ കബളിപ്പിക്കപ്പെട്ടതോടെയാണ് റാശിദ് കലക്ടറെ പരാതിയുമായി സമീപിച്ചത്.
കലക്ടർക്ക് പരാതി നൽകുന്നതിന് മുമ്പ് റാശിദ് പൂമാടം കാഞ്ഞങ്ങാട് ആർ ടി ഒ ക്കും പരാതി നൽകിയിരുന്നു. അംഗീകാരമുള്ളതും ഇല്ലാത്തതും തിരിച്ചറിയുവാൻ കഴിയാത്ത സാഹചര്യത്തിൽ പഠിതാക്കൾ പലപ്പോഴും വഞ്ചിതരാവുകയാണ്. ഒരു ഘട്ടം കഴിയുമ്പോഴാണ് അംഗീകാരമില്ലാത്ത വിവരം പഠിതാക്കൾ അറിയുന്നത്.
അംഗീകാരമില്ലാത്തത് തിരിച്ചറിയാതിരിക്കാൻ ഇത്തരം ഡ്രൈവിംഗ് സ്കൂളുകൾ പഠിതാക്കൾ അറിയാതെ ഇടനിലക്കാർ വഴി പഠിതാക്കളുടെ ഫയൽ പുതുക്കി നൽകുകയാണ് പതിവ്. ഇത്തരം സ്കൂളുകൾ ഡ്രൈവിംഗ് പഠിക്കുവാൻ ചേരുമ്പോൾ ഉറപ്പിക്കുന്ന കാശ് ആയിരിക്കില്ല പിന്നീട് ആവശ്യപ്പെടുന്നത്.
തുടക്കത്തിൽ 6,000 രൂപയിൽ ഉറപ്പിക്കുമെങ്കിലും പിന്നീട് പല കാരണങ്ങൾ പറഞ്ഞു തുക വീണ്ടും വീണ്ടും ആവശ്യപ്പെടും. നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിസരത്ത് ഇത്തരത്തിൽ പ്രവർത്തിക്കുന്ന ഡ്രൈവിംഗ് സ്കൂളിനെതിരെയാണ് റാശിദ് പൂമാടം പരാതിയുമായി ജില്ലാ കലക്‌ടറെ സമീപിച്ചത്.
ഈ ഡ്രൈവിംഗ് സ്കൂളിനെതിരെ നിരവധി പരാതി ഉയർന്നത് കാരണം നേരെത്തെ തന്നെ കാഞ്ഞങ്ങാട് ആർ ടി ഒ അംഗീകാരം റദ്ധാക്കിയിരുന്നു. അംഗീകാരം റദ്ധാക്കിയിട്ടും ഈ സ്കൂൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്കൂളിൽ നിന്നും പഠിക്കുമ്പോൾ വാഹനം അപകടത്തിൽ പെട്ടാൽ നഷ്ടപരിഹാരവും ഇൻഷുറൻസും ലഭിക്കില്ല.
ഇത്തരം സ്കൂളിലെ വാഹനങ്ങൾ ആർ ടി ഒ പരിശോധിക്കാത്തതിനാൽ സുരക്ഷയും ഉറപ്പും കുറവായിരിക്കും.
ഡ്രൈവിംഗ് സ്കൂളുകൾ തങ്ങളുടെ പരിധിയിലല്ലാത്തതിനാൽ അന്വേഷിച്ച് റിപോർട് സമർപ്പിക്കാൻ കലക്ടറുടെ ഉത്തരവ് കാസർകോട് ആർ ടി ഒ ക്ക് കൈമാറിയതായി എൻഫോഴ്‌സ്‌മെന്റ് ആർ ടി ഒ ഡേവിസ് എം ടി അറിയിച്ചു.
Keywords: Nileshwaram, Kasaragod, Kerala, News, District Collector, Driver, Complaint, Investigation, Report, School, District Collector orders to investigate and submit report on unauthorized driving schools.