Join Whatsapp Group. Join now!
Aster MIMS 10/10/2023

കടത്തനാടിന്റെ ഹരിതക്കളരിയാശാന് വെള്ളിയാഴ്ച നാദാപുരത്ത് ആദരം

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ Panarath Kunhi Muhammad Haji will be honored on Friday
/ സൂപ്പി വാണിമേൽ

(www.kasargodvartha.com 24.03.2022) 
മുൻ എംഎൽഎയും മുസ്‌ലിം ലീഗ് നേതാവുമായ പണാറത്ത് കുഞ്ഞി മുഹമ്മദ് സാഹിബിനെ വെള്ളിയാഴ്ച നാദാപുരത്ത് ആദരിക്കുമ്പോൾ പ്രഭാഷണ വൈഭവത്തിലൂടെ വേദികളേയും സദസ്സിനേയും ചൂണ്ടുവിരലിൽ കോർത്ത കടത്തനാടൻ രാഷ്ട്രീയക്കളരിയാശാനാണ് ആവിഷ്കരിക്കപ്പെടുന്നത്. വാക്കൂക്കിന് ചേർന്ന ശരീര ഭാഷയിലൂടെ രാഷ്ട്രീയ എതിരാളികൾക്ക് നേരെ ശരവർഷം നടത്തിയ പണാറത്ത് സാമുദായിക, രാഷ്ട്രീയ സൗഹൃദ നിയോഗങ്ങളിൽ സൗമ്യ സാന്നിധ്യവുമായിരുന്നു.

  
Kasaragod, Kerala, Article, Muslim-league, MLA, Leader, School, President, Committee, Panarath Kunhi Muhammad Haji will be honored on Friday.



മികച്ച പാർലിമെന്റേറിയൻ, സംഘാടകൻ, പദവികൾ അറിഞ്ഞ് ഉപയോഗിക്കുന്ന നേതാവ് തുടങ്ങി സവിശേഷതകൾ ഏറെയുണ്ട് എൺപത്തിയഞ്ചിന്റെ ശാരീരിക അലട്ടുകൾക്കിടയിലും രാഷ്ട്രീയ ചിന്തകൾ ചടുലമായ കുഞ്ഞിമുഹമ്മദിന്. ദേശീയ തലത്തിൽ വീശിയ കോൺഗ്രസ് വിരുദ്ധ തരംഗത്തിൽ നിന്ന് മാറി ചിന്തിച്ച കേരളം ഐക്യജനാധിപത്യ മുന്നണിക്ക് ഐതിഹാസിക വിജയം സമ്മാനിച്ച 1977ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് പണാറത്ത് മേപ്പയൂർ മണ്ഡലം പ്രതിനിധീകരിച്ച് എംഎൽഎയായത്. ആ സഭയിൽ സി എച്ച് മുഹമ്മദ് കോയ, ഇ അഹമ്മദ്, യു എ ബീരാൻ, പി എം അബൂബക്കർ, കൊരമ്പയിൽ അഹ്മദ് ഹാജി തുടങ്ങി മുസ്‌ലിം ലീഗിനേയും പിന്നീട് ലയിച്ച അഖിലേന്ത്യ ലീഗിനേയും പ്രതിനിധീകരിച്ചവരിൽ പണാറത്ത് മാത്രമേ ജീവിച്ചിരിപ്പുള്ളൂ.

ടി എ ഇബ്രാഹിം, ബി എം അബ്ദുറഹ്മാൻ, പിപിവി മൂസ്സ, ഇ അഹ്മദ്, പി എം അബൂബക്കർ, കെ പി രാമൻ, എംപിഎം അബ്ദുല്ല കുരിക്കൾ, സി എച്ച് മുഹമ്മദ് കോയ, പി സീതി ഹാജി, അവുഖാദർ കുട്ടി നഹ, യു എ ബീരാൻ, പി ടി കുഞ്ഞുട്ടി ഹാജി, ചാക്കീരി അഹ്മദ് കുട്ടി, കൊരമ്പയിൽ അഹ്മദ് ഹാജി, കെ കെ എസ് തങ്ങൾ, ബി വി സീതി തങ്ങൾ എന്നിവരായിരുന്നു സമകാലികർ.

നാദാപുരം മണ്ഡലത്തിൽ 1960ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് എംഎൽഎയും അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമുന്നത സഖാവുമായിരുന്ന സി എച്ച് കണാരനെ പരാജയപ്പെടുത്തി മുസ്‌ലിം ലീഗ് രംഗത്തിറക്കിയ കാസർകോട് സ്വദേശി അഡ്വ. ഹമീദലി ഷംനാട് ചരിത്രം കുറിച്ചതിന് പിന്നാലെയായിരുന്നു പണാറത്തിന്റെ കന്നിയങ്കം. 1965ൽ നാദാപുരത്ത് ജനവിധി തേടിയ കടുത്ത ത്രികോണ മത്സര ഗോദയിൽ അദ്ദേഹം മൂന്നാം സ്ഥാനത്ത് തള്ളപ്പെടുകയാണുണ്ടായത്. സിപിഎം സ്ഥാനാർത്ഥിയായ സി എച്ച് കണാരൻ മണ്ഡലം തിരിച്ചു പിടിച്ച ആ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ കെ പി പത്മനാഭനായിരുന്നു രണ്ടാം സ്ഥാനത്ത്. 1977ൽ മേപ്പയൂർ മണ്ഡലത്തിൽ പച്ചയും പച്ചയും തമ്മിൽ നടന്ന നേർക്കുനേർ പോരാട്ടത്തിൽ അഖിലേന്ത്യ ലീഗ് സ്ഥാനാർഥി എ വി അബ്ദുറഹ്മാൻ ഹാജിയെ (34808) പരാജയപ്പെടുത്തി പണാറത്ത് കന്നി വിജയം (40642) നേടി.

എന്നാൽ പെരിങ്ങളം മണ്ഡലത്തിൽ അഖിലേന്ത്യാ ലീഗ് എംഎൽഎയായിരുന്ന എൻഎഎം പെരിങ്ങത്തൂർ 1984 ഡിസംബർ 20ന് അന്തരിച്ചതിനെത്തുടർന്ന് 1985 ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മുസ് ലിം ലീഗ് സ്ഥാനാർത്ഥിയായി മത്സരിച്ച പണാറത്ത് വീണ്ടും പരാജയത്തിന്റെ കയ്പറിഞ്ഞു. അഖിലേന്ത്യ ലീഗ് രംഗത്തിറക്കിയ ഇ ടി മുഹമ്മദ് ബഷീർ 42410 വോട്ടുകൾ നേടി വിജയിച്ച ആ തെരഞ്ഞെടുപ്പിൽ പണാറത്തിന് 30668 വോട്ടുകളാണ് നേടാനായത്.

ഹൈസ്കൂൾ പഠന കാലം മുസ്‌ലിം വിദ്യാർത്ഥി ഫെഡറേഷനിലൂടെയാണ് എടച്ചേരി സ്വദേശിയായ കുഞ്ഞിമുഹമ്മദ് പൊതുപ്രവർത്തനം തുടങ്ങിയത്. സോഷ്യലിസ്റ്റ് പാർട്ടിക്ക് വേരോട്ടവും നേതൃത്വവും ഉണ്ടായിരുന്ന കാലം പണാറത്തിനേയും ആ ചിന്താധാര സ്പർശിക്കാതിരുന്നില്ല. എന്നാൽ തന്റെ സ്വത്വം ഹരിത രാഷ്ട്രീയമാണെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം സി എച്ച് മുഹമ്മദ് കോയയുടെ പിന്നിൽ അടിയുറച്ചുനിന്നു. പാർട്ടി പിളർപ്പിന്റെ ഒന്നിലധികം ഘട്ടങ്ങൾ നേരിട്ടപ്പോഴും പണാറത്തിന് ചാഞ്ചാട്ടമുണ്ടായില്ല.

മൂന്ന് ദശാബ്ദം നാദാപുരം മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട്, രണ്ടു വർഷം വടകര താലൂക്ക് പ്രസിഡണ്ട് തുടങ്ങിയ ചുമതലകൾ വഹിച്ചു. നിലവിൽ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗമാണ്. വെള്ളിയാഴ്ച പി ശാദുലി നഗറിൽ മുസ് ലിം ലീഗ് നാദാപുരം മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന സംഗമ വേദിയിലാണ് പണാറത്തിനെ ആദരിക്കുന്നത്. പണാറത്തിന്റെ പൊതുപ്രവർത്തനം ആവിഷ്കരിച്ച ഡോക്യുമെന്ററി പ്രകാശനം വേദിയിൽ നടക്കും.

Keywords: Kasaragod, Kerala, Article, Muslim-league, MLA, Leader, School, President, Committee, Panarath Kunhi Muhammad Haji will be honored on Friday. 
< !- START disable copy paste -->

Post a Comment