Join Whatsapp Group. Join now!
Aster MIMS 10/10/2023

മൊയ്തീൻ അബ്ബ; മാതൃഭാഷയ്ക്ക് വേണ്ടി പോരാടുന്ന ഒറ്റയാൻ

Moideen Abba; To be alone in fighting for the mother tongue, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ലേഖനം
കുട്ടിയാനം മുഹമ്മദ്കുഞ്ഞി

(www.kasargodvartha.com 23.03.2022) കേരളത്തിൻ്റെ മാതൃഭാഷയായും സംസ്ഥാനത്തിൻ്റെ ഭരണഭാഷയായും മലയാളത്തെയാണ് ഭരണതലത്തിൽ അംഗീകരിച്ചിരിക്കുന്നത്. അതിന്ശ്രഷ്ഠ ഭാഷ പദവി ലഭിക്കുകയും ചെയ്തു. കേരളത്തിലുടനീളമുള്ള സർക്കാർ ഓഫീസുകളിൽ ഉപയോഗിക്കേണ്ട ഭരണഭാഷയായി മലയാളത്തെ ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തു. അങ്ങിനെ നിർബ്ബന്ധമായും എല്ലായിടത്തം മലയാളം ഉപയോഗിക്കണമെന്ന നിയമം പ്രാബല്യത്തിൽ വന്നിട്ട് വർഷങ്ങളായി. എന്നാൽ ഈ കേരളിത്തിനകത്ത് തന്നെയുള്ള കാസർകോട് ജില്ലയുടെ വടക്കേ അറ്റത്തുള്ള മഞ്ചേശ്വരം താലൂക്കിലെ ഒട്ടുമിക്ക വിദ്യാലങ്ങളിലും പ്രത്യേകിച്ച് കേരള- കർണാടക അതിർത്തി പ്രദേശങ്ങളിലെ വിദ്യാലങ്ങളിൽ മലയാള ഭാഷക്ക് കല്പിച്ചിരിക്കുന്ന അയിത്തത്തിന്ന് ഇപ്പോഴും മാറ്റങ്ങളൊന്നുമില്ലാതെ തുടരുകയാണ്.
                          
News, Kerala, Kasaragod, Article, Man, State, Malayalam, Government, District, President, People, Moideen Abba, Mother Tongue, Moideen Abba; To be alone in fighting for the mother tongue.

മലയാളം, തുളു, കന്നഡ തുടങ്ങിയ ഏഴിലധികം ഭാഷകൾ സംസാരിക്കുന്ന ബഹുഭാഷാ സംസ്കാര ഭൂമിക സ്വാതന്ത്രത്തിന്ന് മുമ്പ് മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന സൗത്ത് കനറ ജില്ലയിലായിരുന്ന കാസർകോട് താലൂക്കിൽ പെട്ട ഈ പ്രദേശങ്ങളിലുള്ള ധാരാളമാളുകളുടെ സംസാരഭാഷ മലയാളമായിരുന്നെങ്കിലും എഴുത്ത് കന്നഡയിലായിരുന്നു. ആധാരം പോലുള്ള ആധികാരിക രേഖകളെല്ലാം കന്നഡയിലായിരുന്നു എഴുതി സൂക്ഷിച്ചിരുന്നത്. മാത്രമല്ല ഉന്നത വിദ്യാഭ്യാസത്തിന്നും മേത്തരം ചികിത്സാ സൗകര്യങ്ങൾക്കും വേണ്ടി ഈ വടക്കൻ പ്രദേശത്തുകാർ മംഗലാപുരം നഗരത്തെയായിരുന്നു കൂടുതലായും ആശ്രയിച്ചിരുന്നത്.

സ്വാതന്ത്ര ഇന്ത്യയിൽ ഭരണനിർവ്വാഹണം സുതാര്യമാക്കുന്നതിന്ന് വേണ്ടി 1956 നവംബർ ഒന്നിന് ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപം കൊണ്ടപ്പോൾ കൂടുതലാളുകളും മലയാളം സംസാരിച്ചിരുന്ന ചില ഗ്രാമങ്ങൾ കേരളത്തിനോട് ചേർത്തുവെങ്കിലും ഈ ഭാഗങ്ങളിലുണ്ടായിരുന്ന വിദ്യാലങ്ങളത്രയും സ്വകാര്യ മാനേജ്മെൻ്റ്ന്ന് കീഴിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന കന്നഡ മീഡിയം വിദ്യാലങ്ങളായിരുന്നു. അതത്രയും ഭൂവുടമകളയ ഉന്നതകുലക്കാരുടെ ഉടമസ്ഥതയിലുള്ളവയും അത് കൊണ്ട് തന്നെ അവരുടെ വാക്കുകൾക്കും ആജ്ഞകൾക്കോ മറു വാക്കുമില്ലായിരുന്നു. അത് കൊണ്ടാണ് ഭാഷാ സംസ്ഥാനങ്ങൾ നിലവിൽ വന്നിട്ട് കാലമിത്രയുമായിട്ടും ഇങ്ങനെയുള്ള പള്ളിക്കൂടങ്ങൾ മലയാളത്തെ അംഗീകരിക്കാനോ നാട്ടുകാരുടെ ആഗ്രഹങ്ങൾക്കോ സർക്കാറിൻ്റെ ഉത്തരവുകൾക്കോ ഒരു വിലകൽപ്പിക്കാൻ കൂട്ടാക്കാതെ പഴയ സമ്പ്രദായത്തിൽ കന്നഡ ഭാഷയിൽ തന്നെ പഠനം തുടർന്നു കൊണ്ടേയിരിക്കുന്നത്.

ഭാഷാന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടി നമ്മുടെ സർക്കാർ കന്നഡ ഭാഷയെ ഇവിടത്തെ രണ്ടാം ഭാഷയായെടുത്ത് നിലനിർത്തുകയല്ല ഇവിടെ ചെയ്യുന്നത്, പകരം ഈ പ്രദേശങ്ങളിൽ കന്നഡ ഭാഷയെ ഒന്നാം സ്ഥാനത്ത് തന്നെ നിർത്തിക്കൊണ്ട് മലയാളത്തെ തീർത്തും അവഗണിച്ചു കേരളത്തിനകത്തുനിന്നു പോലും പുറം തള്ളിക്കളയുന്നെരു വിചിത്ര സംഭവമാണു ഇവിടങ്ങളിൽ കാണാനാവുന്നത്. വിദ്യാഭ്യാസപരമായി മാത്രമല്ല സാമ്പത്തികമായും പിന്നോക്കം നിന്നിരുന്ന ഈ മലയാള ഭാഷാസ്നേഹികൾക്ക് ഇതൊരു കനത്ത പ്രഹരം തന്നെയാണ്. ഏത് ഭാഷയും പഠിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ ഒരു പ്രദേശത്ത് അധിവസിക്കുന്നുണ്ടെങ്കിൽ ആ ഭാഷ പഠിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിക്കൊടുക്കുന്ന കേരളക്കരയിൽ തന്നെയാണ് സ്വന്തം ജനതക്ക് മതൃഭാഷ പഠിക്കാനുള്ള ആഗ്രഹത്തിനെതിരെ കണ്ണു ചിമ്മി ഇരുട്ടാക്കുന്നത്.

മലയാളംപഠിക്കാനുള്ള തങ്ങളുടെ അടങ്ങാത്ത ആഗ്രഹങ്ങൾ അധികൃതർക്ക് മുമ്പിൽ എങ്ങിനെ അവതരിപ്പിക്കണമെന്ന വഴിയറിയാതെ നട്ടം തിരിഞ്ഞവർക്ക് ഒത്താണിയായി ഇവർക്കിടയിൽ നിന്നും മലയാളത്തിൻ്റെ കാവൽക്കാരനായി ഉയർന്നു വന്ന ആളാണ് മൊയ്തീൻ അബ്ബ. അദ്ദേഹം തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദിക്കാൻ സധൈര്യം മുന്നോട്ടുവന്നു. കാസർകോട്ടെ എഇഒ, ഡിഇഒ, എംഎൽഎ, എംപി തുടങ്ങി അങ്ങകലെ അനന്തപുരിയിൽ ചെന്ന് വിദ്യാഭ്യാസ ഡയറക്ടർക്കും വിദ്യാഭ്യാസ മന്ത്രിക്കും, റവന്യുമന്ത്രിക്കും, മുഖ്യമന്ത്രിക്കുമെല്ലാം നിരന്തരം നിവേദനങ്ങൾ നൽകി ഇക്കാര്യം ഉന്നതാധികാരികളുടെ ശ്രദ്ധയിൽ പെടുത്തി മലയാളത്തിൻ്റെ മധുരിമ നുകരാനുള്ള ഭാഗ്യം തനിക്കോ തൻ്റെ തലമുറയിൽ പെട്ടവർക്കോ കിട്ടിയില്ല എങ്കിലും വരും തലമുറക്കെങ്കിലും നമ്മുടെ മാതൃഭാഷ എഴുതാനും പഠിക്കാനും മലയാളക്കരയുടെ ഭാഗമായ സ്വന്തം നാട്ടിൽ ജനിച്ച മക്കൾക്ക് സൗകര്യമൊരുക്കിക്കൊടുക്കണമെന്ന ആവശ്യവുമായി നിരന്തരം പോരാട്ടം നടത്തിക്കൊണ്ടിരിക്കയാണ്.

മാതൃഭാഷ തങ്ങൾക്കും അന്യമായിക്കൂടാ, ഇവിടെ ഒരു മലയാള പള്ളിക്കൂടം കൂടിയേ തീരൂ എന്ന വാശിയോടെ ഇതിന്ന് വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്ന ഒരാളാണ് മൊയ്തീൻ അബ്ബ. മംഗലാപുരത്തെ കാത്തോലിക്ക സഭയുടെ കീഴിൽ കൃസ്ത്യൻ മിഷണറിമാരാൽ വോർക്കാടി പഞ്ചായത്തിലെ പാവൂർ എന്ന സ്ഥലത്ത് പ്രവർത്തിച്ചിരുന്ന യുപി സ്കൂളിൽ നാലാം ക്ലാസ് വരെ കന്നഡ പഠിച്ചു. തുടർവിദ്യാഭ്യാസത്തിന് പോവാൻ അടുത്തൊന്നും സ്കൂളില്ലാതെ വഴിമുട്ടി നിൽക്കുമ്പോഴാണ് ഏലക്കച്ചവടക്കാരനായ ബാപ്പ പന്ത്രണ്ടു വയസ്സുകാരനായ തൻ്റെ മകനെയും കൂടെ കൂട്ടി കൊടകിലേക്ക് വണ്ടി കയറിയത്. അവിടെ ചെന്ന മൊയ്തീന്ന് സ്പൈസി (കോഡമൻ) ബോർഡിലെ ഉയർന്ന ഉദ്യോഗസ്ഥനായ പ്രഭാകരൻ എന്ന മലയാളിയുമായുണ്ടായ അടുപ്പമായിരുന്നു മാതൃഭാഷ ഹൃദിഷ്ടമാക്കാനുള്ള അവസരം സാധിച്ചത്. അദ്ദേഹത്തിൻ്റെ പക്കലുണ്ടായിരുന്ന മലയാള പത്രമാസികൾ മറിച്ചു നോക്കി, ഇതിലെ ഉള്ളടക്കം അറിയില്ല.

നിരാശയോടെ പറഞ്ഞപ്പോഴാണ് ആ സാറ് ഈ അക്ഷര സ്നേഹിയെ മലയാളത്തിൻ്റെ ഹരിശ്രീ കുറിച്ചു കൊടുത്തത്. അദ്ദേഹത്തിൻ്റെ പക്കലുണ്ടായിരുന്ന പത്രമാസികകൾ നൽകി വായനയുടെ ലോകത്തേക്ക് കൈപിടിച്ചു കൊണ്ടുപോയ ആ നല്ല മനുഷ്യനെ വർഷങ്ങൾ ഏറെക്കഴിഞ്ഞിട്ടും അബ്ബ ഇപ്പോഴും നന്ദിയോടെ ഓർത്തെടുക്കുന്നു. തലശ്ശേരിക്കാരനായ ഒരു കച്ചവടക്കാരനിൽ നിന്നും ചന്ദ്രിക ദിനപത്രം പതിവായി വായിക്കാൻ തുടങ്ങിയതോടെയാണ് മലയാളത്തോടുള്ള ഇഷ്ടാനിഷ്ടങ്ങൾ കൂടി വന്നതും നാട്ടിലെ വിദ്യാലയത്തിൽ മലയാളം കൂടി പഠിപ്പിക്കാൻ വേണ്ടിയുള്ള വഴി തേടുന്നതും. ആ വിദ്യാലയം നിന്നിരുന്ന സ്ഥലം പുറംപോക്കിലായിരുന്നതിനാൽ കെട്ടിടം പൊളിച്ചുമാറ്റണമെന്ന സർക്കാർ നീക്കത്തെ തുടർന്ന് ആ സ്കൂളിനെ ഉടമസ്ഥർ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു.

ഈ അവസരത്തിൽ നാട്ടിലെ ഭാഷാ പ്രേമികളെ സംഘടിപ്പിച്ചു മൊയതീനബ്ബ ഇവിടെ ഒരു മലയാള വിദ്യാലയം കൊണ്ടുവരാനുള്ള നീക്കങ്ങളാരംഭിച്ചു. എന്നാൽ ആ സ്ഥലം സ്കൂളിന് അനുവദിച്ചു തരില്ലെന്നും ഈ സ്ഥലം സീറോ ലാൻറാണെന്നും ഇത് അമ്പത്തിമൂന്ന് കുടുംബങ്ങൾക്ക് പതിച്ചു നൽകുമെന്നുള്ള റവന്യൂ വകുപ്പിൻ്റെ നിലപാടിനെതിരെയുള്ള നീക്കങ്ങളുമായി മുന്നോട്ടു പോയ മൊയ്തീനബ്ബയും കൂട്ടരും മുട്ടാത്ത വാതിലുകളില്ല. ഇങ്ങനെയുള്ള ഒരു ഊരാക്കുടുക്കിൽ നിന്നും തങ്ങൾക്ക് അനുകൂല നിലപാടുണ്ടാക്കുന്നതിന് വേണ്ടി സിപിഐ നേതാവായിരുന്ന വി വി രാജൻ്റെ പിന്തുണയും സഹകരണവും ഏറെയുണ്ടായിട്ടുണ്ടെന്നും മൊയ്തീനബ്ബ പറഞ്ഞു.

അങ്ങിനെ സന്ധിയില്ലാ സമരങ്ങളുടെ പലമായി ഇതേ സ്ഥലത്ത് 2013 ൽ യു.പി സ്കൂളിന്ന് വേണ്ടിയും 2016 ൽ ഹൈസ്കൂളിന് വേണ്ടിയും പെർമിഷൻ നേടിയെടുത്തു. മാത്രമല്ല വോർക്കാടി അടക്കമുള്ള അതിർത്തി പഞ്ചായത്തുകളിൽ താലൂക്ക് മാതൃഭാഷാ സമിതി എന്ന പേരിൽ അലി മാഷ് പ്രസിഡൻ്റും വിനായകൻ മാഷ് സെക്രട്ടറിയും മുഹമ്മദലി, മൊയ്തീനബ്ബ ജീവനാഡിയുമായ സംഘടനഫലമായി മഞ്ചേശ്വരം താലൂക്ക് ഭരണഭാഷാ സമിതിക്ക് രൂപം നൽകി പ്രവർത്തനമാരംഭിച്ചു. നിലവിലെ എല്ലാ വിദ്യാലയങ്ങളിലും മലയാളം പഠിപ്പിക്കണമെന്നും മലയാളത്തിന്നു അർഹമായ പരിഗണന ൽ കണമെന്നുമുള്ള ആവശ്യത്തിന് ശക്തി പകരാനും ഇത് വഴി സാധിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ എല്ലാ വിദ്യാലയങ്ങളിലും മലയാളം നിർബന്ധമാക്കിക്കൊണ്ടുള്ള സർക്കാറിൻ്റെ സർക്കുലർ ഇറക്കുക മാത്രമല്ല അതിനാവശ്യമായി പുസ്തകങ്ങളും ഓരോ സ്കൂളുകളിലും വന്നെത്തിയിട്ടുണ്ട്.

കന്നഡ മാനേജ്മെൻ്റും ഇവിടത്തെ കന്നഡ ഭാഷാസ്നേഹികളായ ഉദ്യോഗസ്ഥന്മാരുടെ അനങ്ങാപാറാ നയവും കാരണം ഇത് വരെയും പഠനം തുടർന്നിട്ടില്ല. കാരണം ഉദ്യോഗസ്ഥന്മാരിൽ ചിലർ ഇവിടെത്തെ സ്കൂൾ മാനേജ്മെൻ്റ് നൽകുന്ന ചില്ലിക്കാശും കർണാടക സർക്കാർ കന്നട ഭാഷയ്ക്ക് നൽകിവരുന്ന ചില ആനുകൂല്യങ്ങളും നഷ്ടപ്പെട്ടു പോകാതിരിക്കാൻ കാണിക്കുന്ന ഇരട്ടത്താപ്പ് നയങ്ങളെ തുടർന്നാണ് കാര്യങ്ങളൊന്നും എളുപ്പത്തിൽ നീങ്ങാതിരിക്കുന്നത്. കാസർകോട്ടെ സാഹിത്യ സാംസ്കാരിക സംഘടനകളുടെയൊക്കെ തലപ്പത്തിരിക്കുന്നവരും കേരള സർക്കാറിൻ്റെ ഉദ്യോഗത്തിലിരിക്കുന്നവരും ഇവരുടെയൊക്കെ മക്കൾക്ക് കർണാടയിൽ കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ നഷ്ടപ്പെട്ടു പോകാതിരിക്കാൻ വേണ്ടിയാണ് മലയാളത്തോട് ഈ കൊലച്ചതി ചെയ്യുന്നതെന്ന കാര്യം ഇവിടത്തുകാർക്ക് നന്നായറിയാം. എന്നാലും മൊയ്തീൻ അബ്ബയെപ്പോലെ മലയാള ഭാഷക്ക് വേണ്ടിയുള്ള സേവനങ്ങളെ ഇപ്പോൾ ഇവിടത്തെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളും ഏറ്റെടുത്തിരിക്കയാണെന്ന് വോർക്കാടിയിൽ നടന്ന കഴിഞ്ഞ തവണത്തെ മലയാളം സമ്മേളനം സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.

മാതൃഭാഷ പഠിച്ചില്ലങ്കിൽ ഏതെങ്കിലും ആവശ്യങ്ങൾക്കായി തലസ്ഥാനത്തേക്കോ കേരളത്തിനകത്തെവിടെയെങ്കിലും ഔദ്യോഗിക കൃത്യനിർവ്വഹണത്തിനോ പോകേണ്ടി വരുമ്പോൾ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ തന്നെയാണ് ബഹുഭൂരിപക്ഷത്തിനും മലയാളം പഠിക്കണമെന്ന ചിന്താഗതിയും താല്പര്യവും കൂടി വന്നത്. അത് കൊണ്ട് തന്നെയാണ് വോർക്കാടി പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഭാരതി അടക്കമുള്ള ജനപ്രതിനിധികളും പല സർക്കാർ ജീവനക്കാരും മലയാളം പഠിക്കാനും വരും തലമുറയ്ക്ക് മാതൃഭാഷ പകർന്നു കൊടുക്കാൻ ഇവിടെത്തെ വിദ്യാലയങ്ങളിൽ മലയാളം പഠിപ്പിക്കാനുള്ള സൗകര്യം ഒരുക്കണമെന്നും പാവൂർ എന്ന സ്ഥലത്ത് സർക്കാർ സ്കൂൾ അനുവദിച്ചു നൽകണമെന്നും പറയാൻ കന്നഡക്കാരടക്കമുള്ളവർ താല്പര്യപ്പെടുമ്പോൾ മലയാള പഠനത്തിന് വേണ്ടി പ്രവർത്തിച്ചാൽ തങ്ങൾക്കു വീഴുന്ന പേട്ടകൾ മാറിപ്പോകുമോ എന്ന ചില രാഷ്ടിയ നേതാക്കളുടെ ചിന്താഗതിയും ഈ പ്രദേശങ്ങളിൽ മലയാള ഭാഷാ പഠനങ്ങൾക്ക് വിലങ്ങുതടിയാവുന്നു എന്നതും ഒരു യാഥാർത്ഥ്യമാണ്. ഉത്തര മലബാരിൻ്റെ വടക്കേ അറ്റത്തുള്ള ഈ ബഹുഭാഷാ സാംസ്കാരിക ഭൂമികയിൽ എല്ലാ ജനവിഭാഗങ്ങളേയും സംസ്ഥാനത്തിൻ്റെ മാതൃഭാഷയായ മലയാളത്തിൻ്റെ മധുരിമ നുകരാൻ പ്രേരണയും പ്രചോദവും നൽകാൻ വേണ്ടി നാട്ടുകാർക്കിടയിൽ നിരന്തരം പ്രവർത്തിച്ചു കൊണ്ടേയിരിക്കുന്ന മൊയതിൻ അബ്ബ എന്ന മനുഷ്യൻ നാട്ടുകാർക്കിടയിൽ പ്രിയങ്കരനായി മാറുന്നു.

Keywords: News, Kerala, Kasaragod, Article, Man, State, Malayalam, Government, District, President, People, Moideen Abba, Mother Tongue, Moideen Abba; To be alone in fighting for the mother tongue.
< !- START disable copy paste -->

Post a Comment