ന്യൂഡെല്‍ഹി: (www.kasargodvartha.com 10.03.2022) രാജ്യം ഉറ്റുനോക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള വോടെണ്ണല്‍ പുരോഗമിക്കുന്നു. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പുര്‍, ഗോവ എന്നീ സംസ്ഥാനങ്ങളിലെ വാശിയേറിയ പോരാട്ടത്തിന്റെ ആദ്യഫല സൂചനകള്‍ വന്നുതുടങ്ങി.
ഉത്തര്‍പ്രദേശില്‍ 403 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന വോടെടുപ്പിന്റെ ആദ്യ ഫലങ്ങളില്‍ 220ലേറെ സീറ്റുകളില്‍ ബിജെപി മുന്നിലാണ്. എസ് പി 82 സീറ്റിലാണ്. പൂര്‍വാഞ്ചലിലും അവധിലും ബിജെപി മുന്നിലാണ്, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ എസ്പിയില്‍ നിന്ന് കടുത്ത മത്സരമാണ് ബിജെപി നേരിടുന്നത്. കോണ്‍ഗ്രസിനും കനത്ത തകര്‍ചയാണ് ലീഡ് നില കാണിക്കുന്നത്.
പഞ്ചാബില്‍ ആം ആദ്മി പാര്‍ടി മുന്നേറുന്ന കാഴ്ചയാണ് കാണുന്നത്. 9.45 വരെ എഎപി 53 സീറ്റിലും കോണ്‍ഗ്രസ് 36 സീറ്റിലും ലീഡ് ചെയ്യുന്നു. ശിരോമണി അകാലിദള്‍ സഖ്യത്തിന് 21 സീറ്റില്‍ ലീഡുണ്ട്. മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി ബദൗറില്‍ മുന്നിട്ടുനില്‍ക്കുമ്പോള്‍ മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പട്യാലയില്‍ പിന്നിലാണ്.
പഞ്ചാബില്‍ കേവല ഭൂരിപക്ഷത്തിന് 59 സീറ്റുകളാണ് വേണ്ടത്. െഡല്‍ഹിക്ക് പുറത്ത് ആദ്യമായി ഒരു സംസ്ഥാനത്ത് ആംആദ്മി പാര്‍ടി അധികാരം പിടിക്കുമോ എന്ന ആകാംക്ഷയിലാണ് ദേശീയ രാഷ്ട്രീയം.
ഉത്തരാഖണ്ഡില്‍ ബിജെപി മുന്നിലാണെങ്കിലും മലയോരമേഖലയില്‍ കോണ്‍ഗ്രസ് കൂടുതല്‍ ശക്തമായ പ്രകടനമാണ് നടത്തുന്നത്. രാവിലെ 9.45 വരെ, ബിജെപി 41 സീറ്റുകളിലും കോണ്‍ഗ്രസ് 21 സീറ്റുകളിലും മുന്നിലാണ്. 70 സീറ്റുകളുള്ള സംസ്ഥാനത്ത് ആം ആദ്മി പാര്‍ടി, ബഹുജന്‍ സമാജ് പാര്‍ടി എന്നിവ ഓരോ സീറ്റിലും ലീഡ് ചെയ്യുന്നു.
ഗോവയില്‍ 40 സീറ്റുകളിലെ വോടുകളാണ് എണ്ണുന്നത്. ബിജെപിയും കോണ്‍ഗ്രസും തമ്മിലായിരുന്നു മുഖ്യ മത്സരം. കോണ്‍ഗ്രസ് ശക്തമായ മത്സരം കാഴ്ചവച്ചെങ്കിലും ഒടുവില്‍ ഗോവയില്‍ ബിജെപി മുന്നേറുകയാണ്. 9.45 വരെ കോണ്‍ഗ്രസ് 12 സീറ്റിലും ബിജെപി 21 സീറ്റിലും ലീഡ് ചെയ്യുന്നു. മണിപ്പൂരിലും ബിജെപി 21 സീറ്റുമായി മുന്നിലാണ്. കോണ്‍ഗ്രസിന് 14 സീറ്റില്‍ ലീഡുണ്ട്.
മണിപ്പുരില്‍ 60 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. 24 സീറ്റുമായി ബിജെപി മുന്നിലാണ്. 14 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നേറ്റം. എന്‍പിപി 9 സീറ്റില്‍ ലീഡ് ചെയ്യുന്നു. മറ്റുള്ളവര്‍ 13 സീറ്റുകളില്‍ മുന്നിലാണ്.
Keywords: News, National, India, Politics, Political party, Top-Headlines, Assembly Election, Election, Trending, Election Results 2022: BJP ahead in UP, Goa and Uttarakhand, Manipur; AAP leads in Punjab