കേന്ദ്ര സര്‍കാരില്‍ നിന്ന് സംസ്ഥാനം തിരിച്ചുവാങ്ങിയ ശേഷം പുനരുദ്ധാരണം നടക്കുന്ന ഭെല്‍ ഇഎംഎലിന് 10 കോടി രൂപ അനുവദിച്ചത് ആശ്വാസമാണ്. കാസര്‍കോട് ബീച് റോഡില്‍ ആസ്ട്രല്‍ വാച് കംപനി പ്രവര്‍ത്തിച്ചിരുന്ന കെ എസ് ഐ ഡി സിയുടെ 1.99 ഏകര്‍ സ്ഥലത്ത് വ്യവസായം തുടങ്ങാന്‍ പ്രാഥമികമായാണ് 2.5 കോടി രൂപ അനുവദിച്ചത്. കാസര്‍കോട് നഗരസഭയ്ക്ക് പുതിയ കെട്ടിടത്തിന് 60 ലക്ഷവും കന്നഡ മഹാകവി കയ്യാര്‍ കിഞ്ഞണ്ണ റൈയുടെ പേരില്‍ കന്നഡ അകാഡെമിക്ക് 40 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. മറ്റു ചില പ്രവര്‍ത്തികള്‍ക്ക് ടോകന്‍ തുക അനുവദിച്ചതായി കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്ന് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
ബി ആര്‍ ഡി സിക്ക് എല്ലാ ബജറ്റിലേയും പോലെ ഇപ്രാവശ്യവും ഒരു കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. പെരിയ എയര്‍സ്ട്രിപ്, ബാവിക്കര തടയണ ടൂറിസം എന്നിവയെ ഉപയോഗപ്പെടുത്താനാണ് ബി ആര്‍ ഡി സിക്ക് ഒരു കോടി രൂപ അനുവദിച്ചത്. കെല്‍ അടക്കമുള്ള സ്ഥാപനങ്ങളെ കൂട്ടിയോജിപ്പിച്ച് ഇലക്ട്രിക് വാഹനങ്ങളുടെ ഭാഗങ്ങള്‍ വികസിപ്പിക്കുന്ന ഗ്രീന്‍ മൊബൈലിറ്റി ടെക്നോളജി ഹബ് രൂപപ്പെടുത്തുമ്പോള്‍ ഇഎംഎലും അതിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷ. പോക്സോ കേസുകള്‍ക്കായുള്ള 28 അതിവേഗ കോടതികളില്‍ രണ്ടെണ്ണം ജില്ലയ്ക്ക് ലഭിക്കും.
പൊതുവായി അനുവദിച്ച പദ്ധതികളുടെ പ്രയോജനം ജില്ലയ്ക്കും ലഭിക്കുമെങ്കിലും കാസര്‍കോട് ജില്ലയെ സംബന്ധിച്ചിടത്തോളം നിരാശാജനകമാണ് ബജറ്റെന്ന് മഞ്ചേശ്വരം എംഎല്‍എ എകെഎം അശ്‌റഫും കാസര്‍കോട് എംഎല്‍എ എന്‍ എ നെല്ലിക്കുന്നും പറഞ്ഞു. ബജറ്റ് കണ്ണൂരില്‍ അവസാനിച്ചതായും കാസര്‍കോടിന് അര്‍ഹിക്കുന്ന ഒരു പരിഗണനയും നല്‍കിയിട്ടില്ലെന്നും ഇരുവരും പറഞ്ഞു.
അടിയന്തിര പ്രാധാന്യമുള്ള മഞ്ചേശ്വരം സിവില്‍ സ്റ്റേഷന്‍ പോലും സര്‍കാര്‍ പണം വകയിരുത്തിയിട്ടില്ല. ചില റോഡുകള്‍ക്ക് തുക അനുവദിച്ചതും പൊതുവായുള്ള ചില പദ്ധതികളും അല്ലാതെ മഞ്ചേശ്വരം മണ്ഡലത്തെ സംബന്ധിച്ചിടത്തോളം ഒരു പരിഗണനയും കിട്ടിയിട്ടില്ല. പലവട്ടം ധനമന്ത്രിയെ കണ്ട് മണ്ഡലത്തിന്റെ ആവശ്യങ്ങള്‍ റിപോര്‍ടായി സമര്‍പിച്ചിട്ടും അവഗണനയായിരുന്നെന്നും എംഎല്‍എ കുറ്റപ്പെടുത്തി. ഭരണ കക്ഷിയിലെ കാസര്‍കോട് ജില്ലയിലെ എംഎല്‍എമാരുടെ മണ്ഡലത്തോട് പോലും അവഗണന കാട്ടിയതായും എകെഎം അശ്‌റഫ് ആരോപിച്ചു.
Keywords: Kasaragod, Kerala, News, Top-Headlines, Budget, Kerala-Budget, Development project, N.A.Nellikunnu, MLA, Minister, Government, Cash, Manjeshwaram, 2.5 crore for new business on the site of the closed Astral Watch Company.