ഉദുമ: (www.kasargodvartha.com 01.02.2022) ഉദുമ മണ്ഡലത്തിലെ വിവിധ പ്രവൃത്തികളുടെ നിര്‍മാണ പുരോഗതി അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന മണ്ഡല വികസന മേൽനോട്ട സമിതി (സിഎംടി) യോഗം വിലയിരുത്തി. എടപ്പറമ്പ, കോളിച്ചാല്‍ ഹില്‍ ഹൈവേയില്‍ വരുന്ന കാവുങ്കാല്‍, പള്ളഞ്ചി ഒന്ന്, പളളഞ്ചി രണ്ട് പാലങ്ങള്‍, തെക്കില്‍-ആലറ്റി റോഡിലെ പുളിഞ്ചാല്‍ പാലം എന്നിവയുടെ എസ്റ്റിമേറ്റ് പ്രത്യേക തയ്യാറാക്കി അനുമതിക്കായി സമര്‍പിക്കും. തെക്കില്‍-ആലറ്റി റോഡില്‍ ബേഡകം വളവിലെ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടി ത്വരിതപ്പെടുത്തും.
ചൊട്ട പാലത്തിന്റെ അപ്രോച് റോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഫെബ്രുവരി 10ന് മുമ്പ് തയ്യാറാക്കി തരാന്‍ ഊരാളുങ്കൽ സൊസൈറ്റി അധികൃതരോട് അവശ്യപ്പെട്ടു. ചെര്‍ക്കള-ജാല്‍സൂര്‍ റോഡ് പ്രവൃത്തിയില്‍ ബോവിക്കാനം ടൗണ്‍ റോഡ് പൂര്‍ണമായി പുതുക്കും. ഇതിനുള്ള നിർദേശം ബന്ധപ്പെട്ടവർക്ക് നൽകി. അരമനപ്പടി പാലത്തിന്റെ സ്ഥലം ലഭ്യമാക്കാനുള്ള യോഗം ഫെബുവരി നാലിനും അഞ്ചിനും പാലം പ്രദേശത്ത് ചേരും. മുനമ്പം പാലത്തിന്റെ ഡിസൈന്‍ വേഗത്തില്‍ ലഭ്യമാക്കാനും ആവശ്യപ്പെട്ടു.
കുറ്റിക്കോല്‍ ഐടിഐ ബില്‍ഡിംഗ്‌സ് ഈ ആഴ്ച ടെൻഡർ ചെയ്യും. ഉദുമ ഗവ. ആര്‍ട്സ് ആൻഡ് സയന്‍സ് കോളജ് മൈതാന നിര്‍മാണത്തില്‍ നിലവിലുള്ള മാസ്റ്റര്‍ പ്ലാനില്‍ മാറ്റം വരുത്തി ക്യാംപസിന്റെ നടുവിലായി തന്നെ മൈതാനം നിർമിക്കും. ജിയുപിഎസ് തെക്കില്‍ പറമ്പ, ജിയുപിഎസ് കേളിയടുക്കം, ജിഎച്എസ് ബാര കെട്ടിടങ്ങളുടെ നിര്‍മാണ പ്രവൃത്തി എത്രയും വേഗം ടെൻഡർ ചെയ്യാൻ ബില്‍ഡിംഗ്‌സ് എക്‌സിക്യൂടീവ് എൻജിനീയര്‍ക്ക് നിര്‍ദേശം നല്‍കി.
സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഓരോ നിയോജക മണ്ഡലത്തിലേയും വിവിധ പൊതുമരാമത്ത് പ്രവൃത്തികളുടെ പുരോഗതിക്കായി നോഡല്‍ ഓഫീസറുടെ ചുമതലയില്‍ രൂപീകരിച്ചതാണ് മണ്ഡല വികസന മേൽനോട്ട സമിതി. യോഗത്തിൽ നോഡല്‍ ഓഫീസര്‍ പിഡബ്ല്യുഡി എക്‌സിക്യൂടീവ് എൻജിനീയര്‍ വിനോദ് കുമാര്‍, ബില്‍ഡിംഗ് എക്‌സിക്യൂടീവ് എൻജിനീയര്‍ മുഹമ്മദ് മുനീര്‍, എക്‌സിക്യൂടീവ് എൻജിനീയര്‍ രവികുമാര്‍, കെആര്‍എഫ്ബി അസിസ്റ്റന്റ് എക്‌സിക്യൂടീവ് എൻജിനീയര്‍ സി ജെ കൃഷ്ണന്‍ മജരേക്കര്‍, അസിസ്റ്റന്റ് എക്‌സിക്യൂടീവ് എൻജിനീയര്‍ രാജീവന്‍, വിവിധ വകുപ്പിലെ അസി: എൻജിനീയര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. നിരവധി കിഫ്ബി പ്രവൃത്തികളുടെ എസ്പിവി ആയ കെആര്‍എഫ്ബി-യുടെ എക്‌സിക്യൂടീവ് എൻജിനീയര്‍ സീനത് ബീഗം യോഗത്തില്‍ പങ്കെടുക്കാതിരുന്നതില്‍ എംഎല്‍എ അതൃപ്തി രേഖപ്പെടുത്തി. പല നിര്‍ണായക മീറ്റിങ്ങിലും ഈ ഉദ്യോഗസ്ഥയുടെ പങ്കാളിത്തമില്ലായ്മ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും എംഎല്‍എ അറിയിച്ചു.
Keywords: Kerala, Uduma, Kasaragod, News, Top-Headlines, Road, Kifbi, Committee, Develepment, Consistuency, PWD, MLA, Bridge, Reviewed progress of various works in Uduma constituency.