കോഴിക്കോട്: (www.kasargodvartha.com 07.02.2022) അറസ്റ്റ് ചെയ്യുന്നതിനിടെ കോടതി വളപ്പിൽ നിന്ന് രക്ഷപ്പെട്ട കാസർകോട് സ്വദേശി കോഴിക്കോട്ട് പൊലീസ് പിടിയിലായി. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ശ്രീജിതിനെ (35) ആണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്.
കോട്ടപ്പറമ്പ് പാര്‍ക് റെസിഡന്‍സിക്ക് സമീപം ഭിന്നശേഷിക്കാരനായ തമിഴ്നാട് സ്വദേശിയുടെ പണം തട്ടിപ്പറിച്ചെന്ന കേസില്‍ ശ്രീജിതിനെ ഒന്നര മാസം മുമ്പ് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അറസ്റ്റ് ചെയ്യുന്നതിനിടെ കോഴിക്കോട് കോടതി വളപ്പില്‍വച്ച് പൊലീസുകാരെ വെട്ടിച്ച് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ശ്രീജിതിനെ രക്ഷപെടാന്‍ സഹായിച്ചെന്നതിന് അഭിഭാഷകനായ മോഹന്‍ലാല്‍ എന്നയാൾക്കെതിരെയും ടൗണ്‍ പൊലീസ് കേസെടുത്തിരുന്നു.
ഒളിവിലായിരുന്ന ശ്രീജിതിനെ പരാതിക്കാർവഴി തന്ത്രപൂർവം കോഴിക്കോട് മാവൂർ റോഡിലേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്. കസബ, നടക്കാവ്, മെഡികൽ കോളജ്, ചേവായൂർ, മാവൂർ എന്നീ പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ നിരവധി കേസുകളുണ്ടെന്നും മാന്യമായ വേഷവിധാനത്തിൽ ബസിൽ കയറി യാത്രക്കാരുടെ പണം തട്ടുകയാണ് രീതിയെന്നും പൊലീസ് പറഞ്ഞു. ബസ് യാത്രക്കാരുടെ പണം മോഷ്ടിക്കുന്നത് ഇയാളുടെ പതിവാണെന്നും പൊലീസ് വ്യക്തമാക്കി. ചോദ്യം ചെയ്യലിന് ശേഷം തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.