മംഗ്ളുറു: (www.kasargodvartha.com 14.02.2022) കര്‍ണാടക നിയമസഭയുടേയും ലെജിസ്ലേറ്റീവ് കൗൻസിലിന്റേയും 10 ദിവസം നീളുന്ന സംയുക്ത സമ്മേളനം തിങ്കളാഴ്ച മുതൽ. സംസ്ഥാനത്ത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ദലിതുകള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍, ഹിജാബ്-കാവിഷോള്‍ വിവാദങ്ങളിലൂടെ സാമുദായിക വിഭാഗീയത സൃഷ്ടിക്കുന്ന സര്‍കാര്‍ സ്‌പോണ്‍സേഡ് സമരങ്ങള്‍, അഴിമതി തുടങ്ങി പ്രതിപക്ഷ നിരക്ക് ആയുധങ്ങള്‍ ഏറെയാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ സി എം ഇബ്രാഹിം പാര്‍ടി നല്‍കിയ എം എല്‍ സി സ്ഥാനം ഒഴിഞ്ഞ് ജെ ഡി എസിലേക്ക് മടങ്ങുന്ന രാഷ്ട്രീയ പ്രക്രിയക്കും സഭ വേദിയായേക്കാം.
ഷിവമോഗ്ഗ ബാപ്പുജി നഗറിലെ ഗവ. ഫസ്റ്റ് ഗ്രേഡ് കോളജിലെ കൊടി മരത്തില്‍ നിന്ന് ദേശീയ പതാക അഴിച്ചുമാറ്റി പകരം കാവിക്കൊടി കെട്ടിയ കാവിഷോള്‍ ധാരികളായ ഹിജാബ് വിരുദ്ധ സമരക്കാര്‍ക്കെതിരെ പൊലീസ് നിസംഗത പുലര്‍ത്തുന്നതിനെതിരെ പ്രതിഷേധം ഉയരുന്ന വേളയില്‍ കര്‍ണാടക സാക്ഷിയായത് കാവിക്കൊടി ഇന്‍ഡ്യയുടെ ദേശീയ പതാകയായി ചെങ്കോട്ടയില്‍ പാറും എന്ന മുതിര്‍ന്ന ബി ജെ പി നേതാവായ മന്ത്രി കെ എസ് ഈശ്വരപ്പയുടെ പ്രഖ്യാപനത്തിനായിരുന്നു.
ഹിജാബ് ധരിക്കുന്ന വിദ്യാര്‍ഥികളെ തടയുന്ന കൂട്ടര്‍ക്ക് നിയമസഭയില്‍ തനിക്കെതിരെ അങ്ങനെയൊരു ഉപരോധത്തിന് ചങ്കൂറ്റമുണ്ടോ എന്ന് പരസ്യ പ്രസ്താവനയില്‍ വെല്ലുവിളിച്ച കോണ്‍ഗ്രസ് എം എല്‍ എ ഖനീസ് ഫാത്വിമ ആര്‍ജവം ഒട്ടും ചോരാതെ സഭാ സമ്മേളനത്തില്‍ എത്തുന്നുണ്ട്. ഓരോ മതവിഭാഗത്തിന്റേയും ഇഷ്ടവേഷം ആരുടേയും ഔദാര്യമല്ല, രാജ്യത്തിന്റെ ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശമാണെന്നും ഈ വിഷയത്തില്‍ ഏതറ്റം വരേയും പോവാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഒപ്പമുണ്ടാവുമെന്നുമാണ് അവര്‍ പറഞ്ഞത്.
വിദ്യാഭ്യാസ മേഖലയില്‍ അരാജകത്വവും ക്രമസമാധാന ഭീഷണിയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ കോളജുകള്‍ക്ക് മുഴുവന്‍ അടഞ്ഞു തന്നെ കിടക്കുന്ന അന്തരീക്ഷത്തിലാണ് സഭ ചേരുന്നത്. എന്നാല്‍ ബി ജെ പി നേതൃത്വം അവരുടെ എം എല്‍ എമാര്‍ക്കും എം എല്‍ സിമാര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയത് മന്ത്രിസഭ വികസനം സംബന്ധിച്ച് സഭയിലോ പുറത്തോ സമ്മേളനം തീരുംവരെ മിണ്ടിപ്പോവരുതെന്നാണ്.
ലൗജിഹാദ്, ദേശദ്രോഹ പ്രവര്‍ത്തനം എന്നിവ പ്രതിപക്ഷ ആക്രമണങ്ങള്‍ക്കെതിരെ പരിചയാക്കാനാണ് ബി ജെ പിയുടെ നീക്കം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം എല്‍ എയുമായിരുന്ന ഇദ്ദീനബ്ബയുടെ പേരക്കുട്ടിയെ മംഗ്ളുറു ഉള്ളാളില്‍ നിന്ന് എന്‍ ഐ എ അറസ്റ്റ് ചെയ്തത് മുതല്‍ ഒടുവിലത്തെ ഹിജാബ് വരെ പ്രതിരോധ ആയുധമാക്കാനാണ് പരിപാടി. ബി ജെ പിയുടെ മുഖ്യശത്രുവായ എസ് ഡി പി ഐ അവരുടെ വിദ്യാര്‍ഥി സംഘടനയായ ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്‍ഡ്യയെ ഉപയോഗിച്ച് നടപ്പാക്കുന്ന ദേശവിരുദ്ധ പ്രവര്‍ത്തനമായി ഹിജാബ് വിഷയം അവതരിപ്പിക്കുന്നതിലൂടെ എതിര്‍ശബ്ദങ്ങള്‍ നേരിടാനാവും എന്നാണ് കണക്കുകൂട്ടല്‍.
കാവിഷോള്‍ ശിരോവസ്ത്രത്തിന് പകരമായ മതവേഷമായി അവതരിപ്പിക്കാനും ഹൈകോടതിയുടെ നിരീക്ഷണം ആ ദിശയിലാക്കാനും കഴിഞ്ഞ ബുദ്ധികേന്ദ്രങ്ങളാണ് സര്‍കാറിനും ഉപദേശം നല്‍കുന്നത്. മതംമാറ്റ നിരോധ ബില്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങളുടെ കൂടി പിന്തുണയോടെ നിയമമാക്കുകയാണ് ബി ജെ പിയുടെ മുഖ്യ അജൻഡ.
നിയമസഭ പ്രതിപക്ഷനേതാവ് സിദ്ധാരമയ്യയേയും കോണ്‍ഗ്രസിനേയും ക്ഷീണിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ പാര്‍ടി വിടാനുറച്ച സി എം ഇബ്രാഹിം നടത്തിയേക്കുമെന്നാണ് നിരീക്ഷണം. തന്നേക്കാര്‍ ഏറെ ജൂനിയറായ ബി കെ പ്രസാദിനെ ലെജിസ്ലേറ്റീവ് കൗൻസില്‍ പ്രതിപക്ഷ നേതാവാക്കിയതില്‍ ക്ഷുഭിതനായാണ് ഇബ്രാഹിം കോണ്‍ഗ്രസ് വിടുന്നത്.
ഗവര്‍ണര്‍ താവര്‍ ചന്ദ് ഗെഹ്ലോട് പ്രഥമ ദിനം സംയുക്ത സഭയെ സംബോധന ചെയ്യും. സംയുക്ത സമ്മേളന ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്പീകര്‍ വിശേശ്വര്‍ ഹെഗ്‌ഡെ കഗേരി അറിയിച്ചു. ഈ മാസം 25ന് സമ്മേളനം അവസാനിക്കും. 2062 ചോദ്യങ്ങള്‍, 81/31ശ്രദ്ധക്ഷണിക്കല്‍ നോടീസുകളാണ് അംഗങ്ങള്‍ നല്‍കിയത്.
Keywords: Karnataka Legislature session from monday, Karnataka, News, Mangalore, Top-Headlines, BJP, Congress, College, Education, Religion, Political party, Governor, assembly.