മംഗ്ളുറു: (www.kasargodvartha.com 27.02.2022) മർദനമേറ്റ ദലിത് യുവാവ് മംഗ്ളുറു ഗവ.വെന്റ്ലോക് ആശുപത്രിയിൽ മരിച്ചു. ധർമസ്ഥല കന്യാഡി പട്ടികജാതി കോളനിയിലെ ദിനേശ് (33) ആണ് മരിച്ചത്. സംഭവത്തിൽ ബിജെപി നേതാവ് കൃഷ്ണ എന്ന കിട്ട (42) യെ ധർമസ്ഥല പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു. ദിനേശിന്റെ മാതാവ് ബെൽത്തങ്ങാടി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയനുസരിച്ചാണ് പൊലീസ് കേസെടുത്തത്.
ദിനേശിന്റെ മാതാവ് പത്മാവതിയുടെ പരാതിയിൽ പറയുന്നത് ഇങ്ങനെ: 'കന്യാഡി രാമ മന്ദിരത്തിന് മുന്നിൽ കട നടത്തുന്നയാളാണ് കൃഷ്ണ. ഇദ്ദേഹം ബിജെപി നേതാവുകൂടിയാണ്. കഴിഞ്ഞ ബുധനാഴ്ച തന്റെ മകൻ ദിനേശ് കൃഷ്ണയുടെ കടയുടെ മുന്നിൽ നിന്ന് ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരസ്യമായി സംസാരിച്ചു.
ക്ഷുഭിതനായ കൃഷ്ണ, തന്നെ റോഡിലൂടെ വലിച്ചിഴച്ച് മൈതാനത്തേക്ക് കൊണ്ടുപോവുകയും വയറ്റിൽ ശക്തിയായി ഇടിക്കുകയും ചെയ്തുവെന്ന് ദിനേശ് വീട്ടിൽ വന്നപ്പോൾ പറഞ്ഞു. മകന് കഠിനമായ വയറുവേദന അനുഭവപ്പെട്ടു. ചികിത്സിക്കാൻ പണമില്ലാത്തതിനാൽ കൃഷ്ണയോട് വിവരം പറഞ്ഞു. അയാളും ദിനേശിന്റെ ഭാര്യ കവിതയും കൂടി മംഗ്ളുറു വെന്റ്ലോക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സ ഫലിക്കാതെ ദിനേശ് മരിച്ചുപോയി'.
പൊലീസ് നടത്തിയ സിസിടിവി പരിശോധനയിൽ കൃഷ്ണ ദലിത് യുവാവിനെ അക്രമിക്കുന്ന ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്.
Keywords: Mangalore, Karnataka, News, Top-Headlines, BJP, Leader, Arrest, Youth, Attack, Death, Police, Investigation, Hospital, Death of young man; one arrested.