കാസർകോട്: (www.kasargodvartha.com 10.02.2022) വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നുമായി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്ന കേസിൽ രണ്ടുപേർ പിടിയിലായി. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ താജുദ്ദീൻ (48), ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുൽ മുനീർ (48) എന്നിവരാണ് അറസ്റ്റിലായത്. കാസർകോട്ടെ ഗ്ലോബൽ ഇൻഡ്യ എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി. ഇവരിൽ നിന്ന് ആറ് പാസ്‌പോർടും എടിഎം കാർഡുകളും പൊലീസ് പിടികൂടിയിട്ടുണ്ട്.
നീലേശ്വരം ഉപ്പിലക്കൈയിലെ പി അരുൺകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ആദ്യം കേസെടുത്തത്. ക്രൊയേഷ്യയിലെ വൈൻ കംപനിയിൽ ജോലി വാഗ്ദാനം നൽകി അരുൺകുമാർ, സുഹൃത്തുക്കളായ സിനിത് കൃഷ്‌ണൻ, രാകേഷ്, രാജേഷ് എന്നിവരിൽ നിന്ന് മൊത്തം 12.61 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. അരുൺകുമാറിൽ നിന്ന് 2021 ജൂലൈയിൽ പലതവണയായി 3.45 ലക്ഷം രൂപ വാങ്ങിയതായി പരാതിയിൽ പറയുന്നു.
കേസെടുത്തതിനെ തുടർന്ന് ഒളിവിലായിരുന്ന രണ്ടുപേരെയും സരിത വിഹാർ പൊലീസിന്റെ സഹായത്തോടെ ഡെൽഹിയിൽ നിന്നാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. നേരത്തെ പരാതി നൽകിയവരിൽ പെടാത്ത പണം നഷ്‌ടമായ നെല്ലിക്കുന്നിലെ റിയാസ്, ഫസൽ റഹ്‌മാൻ എന്നിവരോട് രേഖകൾ ശരിയാക്കി തരാമെന്ന് പറഞ്ഞുകൊണ്ട് പ്രതികൾ ഡെൽഹിയിലേക്ക് വിളിപ്പിച്ചതായി പറയുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡെൽഹിയിൽ നിന്ന് പൊലീസ് പ്രതികളെ പിടികൂടാനായത്.
റിയാസിൽ നിന്ന് 2.55 ലക്ഷം രൂപയും ഫസൽ റഹ്‌മാനിൽ നിന്ന് 2.80 ലക്ഷം രൂപയും പ്രതികൾ വാങ്ങിയിരുന്നുവെന്നാണ് പറയുന്നത്. ന്യൂസിലാൻഡ്, പോർചുഗൽ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ ജോലി വാഗ്ദാനം നൽകിയാണ് പലരിൽ നിന്നും പണം തട്ടിയെടുത്തതെന്നാണ് പരാതി. കാസർകോട് സ്റ്റേഷൻ എ എസ് ഐ മനോജ്, എസ് സി പി ഒ ശ്രീജിത്, ഷാജു എന്നിവരാണ് രണ്ടുപേരെയും അറസ്റ്റ് ചെയ്തത്. പൊലീസ് ഇൻസ്‌പെക്ടർ പി അജിത് കുമാറിന്റെ നിർദേശ പ്രകാരം എസ്ഐ വിഷ്ണുപ്രസാദ് ആണ് കേസന്വേഷിക്കുന്നത്. കൂടുതൽ പേര് ഇത്തരത്തിൽ വഞ്ചിതരാക്കപ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നു.
Keywords: Complaint that looting money offering job; two arrested, Kerala, Kasaragod, News, Top-Headlines, Job, Fraud, Arrest, Nileshwaram, Complaint, Police, Passport, Delhi, Cash.