മംഗ്ളുറു: (www.kasargodvartha.com 16.02.2022) വന്യജീവി സംരക്ഷണ നിയമപ്രകാരം നിരോധിച്ച 2.20 കോടി രൂപ വിലമതിക്കുന്ന 2.2 കിലോ തിമിംഗല ഛർദി (ആംബർഗ്രിസ്) യുമായി രണ്ട് കാസർകോട് സ്വദേശികളടക്കം നാല് പേർ മംഗ്ളൂറിൽ അറസ്റ്റിലായി. കാസർകോട്ടെ അസീർ വി പി (36), ശരീഫ് എൻ (32), കുടക് ജില്ലയിലെ ജാബിർ എം എ (35), ശഹബാദ് എൽ കെ (27) എന്നിവരെയാണ് കങ്കനാടി പൊലീസ് അറസ്റ്റ് ചെയ്തത് .
കോഴിക്കോട്ടെ ഒരാളിൽ നിന്നാണ് യുവാക്കൾ തിമിംഗല ഛർദി വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു. ഇവർ മംഗ്ളൂറിലെ ജെപിനമൊഗറിൽ വിൽപന നടത്താൻ ശ്രമിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ റെയ്ഡ് നടത്തി വസ്തു പിടിച്ചെടുക്കുകയായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേർത്തു.
ഇവരിൽ നിന്ന് അഞ്ച് മൊബൈൽ ഫോണുകളും ഒരു കാറും 1070 രൂപയും പൊലീസ് പിടിച്ചെടുത്തു. വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ 2(32), 2(36), 39 (ബി), 44, 48 (എ), 49 (എ), 49 (ബി), 50, 51 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് പൊലീസ് തിമിംഗല ഛർദി പിടികൂടുന്നത്. ഫെബ്രുവരി എട്ടിന് കൊണാജെ പൊലീസ് 3.48 കോടി രൂപ വിലമതിക്കുന്ന 3.480 കിലോഗ്രാം ഛർദിയുമായി ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു. പെർഫ്യൂം വ്യവസായത്തിലാണ് ഇവ കൂടുതലായി ഉപയോഗിക്കുന്നത്.
Keywords: Ambergris worth Rs 2.2 crore seized; 4 held, Karnataka, Mangalore, News, Top-Headlines, Kasaragod, Seized, Police, Arrest, Raid, Perfume.