Join Whatsapp Group. Join now!
Aster MIMS 10/10/2023

മലയോരത്ത് 'ആർമി റിക്രൂട്മെന്റ് ക്യാംപ്'; പച്ചക്കറി സാധനങ്ങൾക്കായി വ്യാപാരിക്ക് വിളിയെത്തി; കിട്ടിയത് മുട്ടൻ പണി; പിന്നിൽ മാവോയിസ്റ്റ് സംഘം ആണെന്ന് സംശയം

Vegetable trader cheated in the name of Army Camp #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
 സുധീഷ് പുങ്ങംചാൽ

വെള്ളരിക്കുണ്ട്: (www.kasargodvartha.com 05.01.2022)
ബളാലിൽ നടക്കുന്ന ആർമി റിക്രൂട്മെന്റ് ക്യാംപിലേക്ക് ആവശ്യമായ പച്ചക്കറി സാധനങ്ങൾ എത്തിച്ചു നൽകണമെന്ന സന്ദേശം ലഭിച്ച വെള്ളരിക്കുണ്ടിലെ പച്ചക്കറി വ്യാപാരിക്ക് കിട്ടിയത് എട്ടിന്റെ പണി. പാത്തിക്കരയിൽ ഹൃദ്യ വെജിറ്റബിൾ എന്ന പച്ചക്കറി വ്യാപാരം കേന്ദ്രം നടത്തുന്ന വെള്ളരിക്കുണ്ട് കായക്കുന്നിലെ ബേബിക്കാണ് ആർമിയിൽ നിന്നെന്ന വ്യാജേന ലഭിച്ച ഫോൺ സന്ദേശം നഷ്ടങ്ങളുടെ കുരുക്കിലാക്കിയത്.
 
Vegetable trader cheated in the name of Army Camp


ചൊവ്വാഴ്ച രാവിലെയാണ് ആർമി ഓഫീസറെന്ന പേരിൽ ഒരാൾ വിളിച്ച് ബേബിയോട് പച്ചക്കറി സാധനങ്ങൾ ഓർഡർ ചെയ്തത്. ജനുവരി അഞ്ച് മുതൽ ബളാൽ ഗവ. ഹയർ സെകൻഡറി സ്കൂളിൽ ആർമി റിക്രൂട്മെന്റ് ക്യാംപ് നടക്കുന്നുവെന്നും അവിടേക്ക് ആവശ്യമായ അഞ്ച് കിലോ പച്ചമുളക്, 10 കിലോ തക്കാളി, 10 കിലോ ഉരുള കിഴങ്ങ്, വെണ്ടയ്ക്ക, പച്ചക്കായ, കപ്പ, കറിവേപ്പില, മല്ലിയില, സാമ്പാർ കൂട്ടുകൾ തുടങ്ങിയ സാധനങ്ങൾ ആവശ്യപ്പെട്ടായിരുന്നു വിളി.

ഹിന്ദിയിലായിരുന്നു സംസാരം. പ്രവാസി കൂടിയായിരുന്ന ബേബിക്ക് ഹിന്ദി സംസാരിക്കാൻ അറിയാവുന്നത് കൊണ്ട് സാധങ്ങളുടെ ലിസ്റ്റ് കൃത്യമായി പറഞ്ഞു കൊടുക്കുകയും വാട്സ് ആപിൽ ലിസ്റ്റ് അയച്ചുകിട്ടുകയും ചെയ്തു. ഈ കടയിൽ നിന്നും ഇതിന് മുൻപ് സാധനങ്ങൾ വാങ്ങിയിട്ടുണ്ടെന്നും ബുധനാഴ്ച്ച ഉച്ചയോടെ ആർമി വാഹനം പാത്തിക്കരയിൽ എത്തി സാധനങ്ങൾ ശേഖരിക്കുമെന്നും ഫോണിൽ വിളിച്ചയാൾ ബേബിയോട് പറഞ്ഞു.

സാധനങ്ങളുടെ ക്യാഷ് നൽകുന്നതിന് ആവശ്യമായ ബാങ്ക് വിവരങ്ങളും ആരാഞ്ഞു. തെളിവിനായി സന്ദീപ് റാവത്ത്‌ എന്ന് പേരുള്ള 'ആർമി ഓഫീസറുടെ' പേരിലുള്ള തിരിച്ചറിയൽ കാർഡും ബേബിയുടെ വാട്സപിലേക്ക് അയച്ചു നൽകി. കോവിഡ് കാലത്തെ പ്രതിസന്ധിക്ക്‌ ശേഷം നല്ലൊരു കച്ചവട ഓർഡർ ലഭിച്ച ബേബി 'ആർമി ഓഫീസർ' ആവശ്യപ്പെട്ട സാധനങ്ങൾ റെഡിയാക്കി വെക്കുകയും ചെയ്തു.

ആവശ്യപ്പെട്ട സാധനങ്ങൾ കെട്ടി വെക്കുന്നതിന് മുന്നോടിയായി 'ആർമി ഓഫീസറെ' വീണ്ടും ബന്ധപ്പെട്ടപ്പോൾ ലഭിച്ച മറുപടിയിൽ പന്തികേട് തോന്നിയതോടെയാണ് താൻ കബളിപ്പിക്കപ്പെട്ടുവെന്ന് ബേബിക്ക് സംശയം തോന്നിയത്.

വളരെ രഹസ്യമായി നടക്കുന്ന ആർമി റിക്രൂട്മെന്റ് ക്യാംപ് എന്നാണ് പറഞ്ഞത്. സംശയം തോന്നിയ ബേബി പൊതുപ്രവർത്തകനും പരപ്പ ബ്ലോക് പഞ്ചായത്ത്‌ അംഗവുമായ ഷോബി ജോസഫിനെ വിളിച്ച് കാര്യം പറഞ്ഞു. ഷോബി ഉൾപെടെയുള്ളവരുടെ സാന്നിധ്യത്തിൽ സാധനങ്ങൾ ഓർഡർ ചെയ്യാൻ വിളിച്ച ആർമി ഓഫീസറെ ബേബി വീണ്ടും വിളിച്ചപ്പോൾ മറുപടി തെറി അഭിഷേകമായിരുന്നു.

ആർമി റിക്രൂട്മെന്റ് ക്യാംപിലേക്കായി ബേബി കൊണ്ടു വച്ച പച്ചക്കറി സാധനങ്ങൾ പാത്തിക്കരയിലെ കടയിൽ ഇപ്പോഴും കെട്ടി കിടക്കുന്നുണ്ട്.. മാവോയിസ്റ്റ് സംഘമാണോ ബേബിയെ ഫോണിൽ വിളിച്ച് സാധനങ്ങൾ ഓർഡർ ചെയ്‌തതെന്ന സംശയവും നിലനിൽക്കുന്നു.



Keywords: Kerala, Kasaragod, News, Vellarikundu, Vegitable, Army, Camp, Cheating, Balal, Phone-call, Bank, Vegetable trader cheated in the name of Army Camp

Post a Comment