പാലക്കാട്: (www.kasargodvartha.com 30.01.2022) പാലക്കാട് ഉമ്മിനിയില്‍ കുളിക്കാന്‍ പോയ കോളജ് വിദ്യാര്‍ഥിനിയെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സുബ്രഹ്മണ്യന്‍-ദേവകി ദമ്പതികളുടെ മകള്‍ ബീന(20)യെയാണ് ഞായറാഴ്ച രാവിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പാലക്കാട്ടെ സ്വകാര്യ കോളജില്‍ മൂന്നാംവര്‍ഷ ബി.കോം വിദ്യാര്‍ഥിനിയാണ് ബീന.
ഞായറാഴ്ച രാവിലെ കുളിക്കാനായി കുളിമുറിയില്‍ കയറിയ ബീനയെ ഏറെനേരം കഴിഞ്ഞിട്ടും പുറത്തുകാണാത്തതിനാല്‍ വീട്ടുകാര്‍ ചെന്ന് പരിശോധിച്ചപ്പോഴാണ് ജനലില്‍ തൂങ്ങിനില്‍ക്കുന്നനിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ വീട്ടുകാരും അയല്‍ക്കാരും ചേര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അതേസമയം കോളജില്‍ പരീക്ഷാ ഫീസ് അടയ്ക്കാന്‍ കഴിയാത്തതിനാല്‍ മനംനൊന്താണ് ബീന ജീവനൊടുക്കിയതെന്നാണ് സഹോദരന്റെയും കുടുംബത്തിന്റെയും ആരോപണം. കഴിഞ്ഞദിവസം ബീനയുടെ അമ്മ കോളജില്‍ ഫീസ് അടയ്ക്കാനായി പോയിരുന്നു. എന്നാല്‍ കോളജിലെ ട്യൂഷന്‍ ഫീസ് മാത്രമാണ് കോളജ് അധികൃതര്‍ സ്വീകരിച്ചത്.
പരീക്ഷാഫീസിന്റെ ലിങ്ക് സര്‍വകലാശാലയ്ക്ക് അയച്ചുനല്‍കിയെന്നും ഇനി അടയ്ക്കാനാകില്ലെന്നുമായിരുന്നു കോളജ് ജീവനക്കാരുടെ മറുപടി. തുടര്‍ന്ന് അമ്മ തിരികെ വീട്ടിലെത്തി ഇക്കാര്യം ബീനയോട് പറഞ്ഞു. ഫീസ് അടയ്ക്കാന്‍ കഴിയില്ലെന്നറിഞ്ഞതോടെ ബീന ഏറെ അസ്വസ്ഥയായിരുന്നുവെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് ബന്ധുക്കളുടെ പരാതി.
Keywords: Palakkad: Student hangs self over delay in payment of exam fees, Palakkad, News, Top-Headlines, Hanged, Kerala.