Join Whatsapp Group. Join now!
Aster MIMS 10/10/2023

അകക്കണ്ണിലെ വെളിച്ചങ്ങള്‍; അറിയുമോ കാസർകോട്ടെ ഇങ്ങനെയൊരു വിദ്യാലയത്തെ

Lights in the inner eye#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
/ ഇബ്രാഹിം ചെര്‍ക്കള

(www.kasargodvartha.com 18.01.2022)
കണ്ണുകള്‍ ഉണ്ടെങ്കിലും കാണാനും കാതുകള്‍ ഉണ്ടെങ്കിലും കേള്‍ക്കാനും സമയമില്ലാത്ത ഒരു കാലത്താണ് നാം ജീവിക്കുന്നത്. നമ്മിലേക്ക് തന്നെ ചുരുങ്ങുന്ന ലോകം. മൊബൈല്‍ ഫോണിന്‍റെ കൊച്ചു സ്ക്രീനില്‍ അലിഞ്ഞ് തീരുന്ന ജീവിതം. ഇവിടെയാണ് അകക്കണ്ണിന്‍റെ വെളിച്ചംകൊണ്ട് ലോകം കീഴടക്കുന്ന കാഴ്ച പരിമിതിയുള്ളവരുടെ ജീവിതവഴികള്‍ നമുക്ക് അത്ഭുതം പകരുന്നത്. സമൂഹത്തിന്‍റെ സഹതാപവും അവഗണനയും അല്ല ഞങ്ങള്‍ക്ക് വേണ്ടത്; പ്രോത്സാഹനവും അംഗീകാരവുമാണെന്ന് ഉറക്കെപ്പറയുന്ന കാഴ്ചാപരിമിതിയുടെ അതിജീവനത്തിന്‍റെ ശബ്ദം.

  
Kasaragod, Kerala, Article, Education, School, Mobile Phone, Family, Development project, Karnataka, Ibrahim Cherkala, School For the Blind, Government, Lights in the inner eye.പലപ്പോഴും വഴിയോരങ്ങളിലും റെയില്‍വേ- ബസ് യാത്രകളിലും യാചനയുടെ ദയനീയ സ്വരമായി നാം അന്ധന്മാരെ കാണാറുണ്ട്. നാണയത്തുട്ടുകള്‍ കൊടുത്ത് സഹതാപത്തോടെ നോക്കി അകലുന്നതോടെ നമ്മള്‍ അവരെ മറക്കുന്നു. എന്നാല്‍ കാഴ്ചാപരിമിതിയുടെ മനസ്സ് കാണാന്‍ നാം ശ്രമിക്കാറില്ല. അവര്‍ ജനിച്ച കുടുംബത്തിന്‍റെ ദു:ഖത്തെപ്പറ്റിയും ചിന്തിക്കാന്‍ സമയം കിട്ടാറില്ല.

  

എന്നാല്‍ അവരില്‍ അധികം പേര്‍ക്കും ചെറിയ പ്രായത്തില്‍ തന്നെ ലക്ഷ്യബോധവും വിദ്യാഭ്യാസവും നല്‍കി വളര്‍ത്തിയാല്‍, അതിജീവനപാതയില്‍ക്കൂടി സമൂഹത്തിന്‍റെ മുഖ്യധാരയില്‍ ഇവരെ എത്തിക്കാന്‍ കഴിയും എന്നത് വലിയ സത്യമാണ്. നമ്മുടെ കാസര്‍കോട് ജില്ലയില്‍ തന്നെ വളരെ നല്ല നിലയില്‍ പ്രവര്‍ത്തിച്ച് ധാരാളം കാഴ്ചാപരിമിതരായ കുട്ടികളെ ഉന്നതങ്ങളില്‍ എത്തിച്ച ഒരു സര്‍ക്കാര്‍ സ്ഥാപനമാണ് 'സ്കൂള്‍ ഫോര്‍ ദി ബ്ലൈന്‍റ്'.

താന്‍ അധിവസിക്കുന്ന ഭൂമിയുടെ ഓരോ കാഴ്ചകളും ഏറെ ആസ്വദിച്ച് നടക്കുന്ന നമുക്ക് ഒരിക്കലും സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത അന്ധതയുടെ ഇരുട്ടുമൂടിയ ജന്മം. പ്രകൃതിയുടെ പച്ചപ്പും പുഴയും കടലും മഴയും വെയിലും എല്ലാ വിസ്മയകാഴ്ചകളും സങ്കല്‍പത്തില്‍ മാത്രം നിറയുന്ന മനസ്സുമായി നമുക്ക് മുന്നില്‍ എത്തുന്ന കാഴ്ചാപരിമിതിയുള്ള കുട്ടികള്‍ക്ക് സാധാരണ കുട്ടികളെപ്പോലെ ജീവിതത്തിന്‍റെ എല്ലാ പാഠങ്ങളും പകര്‍ന്നുനല്‍കി അവര്‍ക്ക് പുതുജീവന്‍ നല്‍കുന്ന സ്കൂളിനെപ്പറ്റിയുള്ള കാര്യങ്ങള്‍ നമ്മില്‍ പലര്‍ക്കും അറിയില്ല എന്നത് വലിയ സത്യമാണ്.

കാസര്‍കോട് വിദ്യാനഗറില്‍ നഗരസഭാ സ്റ്റേഡിയത്തിന്‍റെ അടുത്ത് ഇന്ന് എല്ലാവിധ സൗകര്യങ്ങളോടുകൂടിയ സ്കൂള്‍ കെട്ടിടങ്ങളും ഹോസ്റ്റല്‍ കെട്ടിടവും ഉണ്ട്. എന്നാല്‍ 1963ല്‍ സ്കൂള്‍ ആരംഭിക്കുമ്പോള്‍ ഇവിടെ വിജനമായ പ്രദേശമായിരുന്നു. ഇന്ന് ചുറ്റും ധാരാളം സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വകാര്യ കെട്ടിടങ്ങളും റോഡും എല്ലാം വന്നു. സ്ഥാപനത്തിന്‍റെ തുടക്കം 1950ല്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷനടുത്ത് വാടക കെട്ടിടത്തിലായിരുന്നു. അന്ന് കാസര്‍കോട് ഉള്‍പ്പെടുന്ന പ്രദേശം മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്നു. കുറച്ചുകാലം കാസര്‍കോട് പഴയബസ്സ്റ്റാന്‍റിനടുത്തുള്ള ഒരു വാടക കെട്ടിടത്തിലും സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നു.

ആദ്യത്തെ ഹെഡ്മിസ്ട്രസ് കുമാരി എല്‍ പോള്‍ എന്ന കര്‍ണ്ണാടക സ്വദേശിയായിരുന്നു. അവര്‍ക്ക് ശേഷം ചാത്തുക്കുട്ടി മാഷായിരുന്നു പ്രധാന അധ്യാപകന്‍. അന്നത്തെ അധികം വിദ്യാര്‍ത്ഥികളും പാലക്കാട് ഭാഗത്തുനിന്നുള്ളവരായിരുന്നു. പാലക്കാട്ടുകാരനായ സാമൂഹ്യ പ്രവര്‍ത്തകന്‍ യൂസഫ് മാസ്റ്റര്‍ വഴിയാണ് കുട്ടികള്‍ ഇവിടെ എത്തിയത്. ചാത്തുക്കുട്ടി മാസ്റ്ററും പാലക്കാട് അത്തിപ്പറ്റ് സ്വദേശിയായിരുന്നു. കന്നഡ, മലയാളം തുടങ്ങിയ ഭാഷ പഠിപ്പിച്ചിരുന്നത് കുഞ്ഞിക്കണ്ണന്‍ മാഷ്, ക്രാഫ്റ്റ് അധ്യാപകന്‍ പങ്കോട മാഷ്, സംഗീതാധ്യാപിക ജാനകി ടീച്ചര്‍ ബ്രയിലും മറ്റ് വിഷയങ്ങളും പഠിപ്പിച്ചിരുന്ന എം വി ഔസേപ്പ് മാഷ്, പഴയകാലത്തെ അധ്യാപകരുടെ മഹത്തായ സേവനങ്ങളെക്കുറിച്ച് ഇവിടെ പഠിച്ച് വളര്‍ന്ന് ഇവിടെ തന്നെ അധ്യാപകനായി ജോലി ചെയ്തിരുന്ന രാജന്‍ മാസ്റ്ററാണ് വിവരിച്ചത്.

തുടക്കത്തില്‍ ഒന്ന് മുതല്‍ അഞ്ച് വരെയായിരുന്നു ക്ലാസ്സുകള്‍ 1963 മുതല്‍ ഏഴാം ക്ലാസ് ആരംഭിച്ചു. കന്നട, മലയാളം, മീഡിയങ്ങളിലായിരുന്നു പഠനം. അഞ്ചാം ക്ലാസ്സ് മുതല്‍ ഇംഗ്ലീഷും, ആറാം ക്ലാസ് മുതല്‍ ഹിന്ദിയും പഠിപ്പിക്കുന്നു. ഏഴാം ക്ലാസ്സുവരെ ഇവിടെ പഠിക്കുന്ന കുട്ടികള്‍ എട്ടാം ക്ലാസ്സ് മൂതല്‍ സാധാരണ സ്കൂളിലാണ് തുടര്‍ പഠനം- കാസര്‍കോട് ഗവര്‍മെന്‍റ് ഹൈസ്കൂളില്‍. മറ്റു കുട്ടികള്‍ക്ക് ഒപ്പം തന്നെ ഇവരും പഠിക്കുന്നു. കാഴ്ചയില്ലായെന്നത് മാത്രമാണ് ഇത്തരം വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രശ്നം. പഠനകാര്യങ്ങളില്‍ ഇവര്‍ വളരെ മിടുക്കന്മാരാണ്. കാസര്‍കോട് സ്കൂള്‍ ഫോര്‍ ദി ബ്ലൈന്‍റില്‍ നിന്നും ഇതുവരെ 400ല്‍പരം കാഴ്ചാപരിമിതിയുള്ളവര്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. അതില്‍ നൂറിലധികം പേര്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു.

1950ല്‍ സ്കൂള്‍ മദ്രാസ് ഡിപിഐയുടെ കീഴിലായിരുന്നു. സൗത്ത് കാനറയായിരുന്നു. ഡി.ഇ.ഒ. ഓഫീസ് കോയമ്പത്തൂര്‍ ഇന്‍സ്പെക്ടര്‍ ഓഫ് സ്കൂളിന്‍റെ കീഴിലായിരുന്നു. 1956ല്‍ തിരുവനന്തപുരം ഡി.പി.ഐ രൂപീകരിക്കപ്പെട്ടപ്പോള്‍ അധികാരകേന്ദ്രം അവിടേക്ക് മാറി. അന്ന് നോര്‍ത്ത് മലബാര്‍ തലശ്ശേരിയായിരുന്നു. ഇന്നു കാണുന്ന ക്ലാസ്സ് മുറികളും പ്രധാന കെട്ടിടമായ മെസും ഹോസ്റ്റലും പ്രവര്‍ത്തിക്കുന്ന കെട്ടിടവുമുള്‍പ്പെടെ ആദ്യകാലത്ത് നിര്‍മ്മിക്കപ്പെട്ടവയാണ്. 1989ലാണ് പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ കെട്ടിടം നിര്‍മ്മിക്കപ്പെട്ടത്. അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാരാണ് ഉദ്ഘാടനം ചെയ്തത്. 1998ല്‍ പുതിയ സ്കൂള്‍ കെട്ടിടം വിദ്യാഭ്യാസ മന്ത്രി പി ജെ ജോസഫ് ഉദ്ഘാടനം ചെയ്തു.

2012ല്‍ പുതിയ ഹോസ്റ്റല്‍ കെട്ടിടം വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. ഏഴാംക്ലാസിന് ശേഷം തുടര്‍ വിദ്യാഭ്യാസം പൊതുവിദ്യാലയത്തിലാണെങ്കിലും ഹോസ്റ്റല്‍ സൗകര്യങ്ങളും ഭക്ഷണവും എല്ലാം ബ്ലൈന്‍റ് സ്കൂളില്‍ തന്നെയാണ്. സമൂഹത്തിലെ മറ്റുള്ള വിദ്യാര്‍ത്ഥികളെപ്പോലെ വിദ്യാഭ്യാസവും അതുപോലെ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികച്ച നിലവാരം പുലര്‍ത്താനുള്ള പരിശീലനവും നല്‍കിവരുന്നു. സംഗീതത്തിലും അതുപോലെ മറ്റു കായിക മത്സരങ്ങളിലും അവരുടെ കഴിവ് വളര്‍ത്തി എടുക്കാന്‍ വേണ്ട സാഹചര്യം ഒരുക്കുന്നു. സംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ കലോത്സവത്തില്‍ വര്‍ഷങ്ങളായി ഉന്നതവിജയം കരസ്ഥമാക്കാന്‍ ഈ സ്ഥാപനത്തിനു സാധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ തലത്തില്‍ കേരളത്തില്‍ നാലു ബ്ലൈന്‍റ് സ്കൂള്‍ പ്രവര്‍ത്തിച്ചുവരുന്നു. കേരളത്തില്‍ മൊത്തം പന്ത്രണ്ട് സ്കൂള്‍ പ്രവര്‍ത്തിച്ചുവരുന്നു.

സാമൂഹ്യപുരോഗതിയില്‍ വിദ്യാഭ്യാസത്തിന് നിര്‍ണ്ണായകപങ്കാണുള്ളത്. മനുഷ്യമനസ്സുകളെ രൂപപ്പെടുത്താനും അതുവഴി നല്ല ഒരു സമൂഹത്തെ വാര്‍ത്തെടുക്കാനും ഇതിലൂടെ കഴിയുന്നു. വിദ്യാഭ്യാസം ഒരു യാന്ത്രിക പ്രക്രിയയല്ല. ഓരോ കുട്ടികളെ വികസിപ്പിക്കുന്നതില്‍ അവന്‍റെ ശാരീരിക, മാനസിക, സാമൂഹിക പശ്ചാത്തലങ്ങളും ഗൃഹാന്തരീക്ഷവുമെല്ലാം സ്വാധീനം ചെലുത്തുന്നു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികള്‍ക്കും നല്‍കുക എന്നത് സമൂഹത്തിന്‍റെ ബാധ്യതയാണ്. വിദ്യാഭ്യാസം അനുദിനം സമൂല മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. ഈ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു മാത്രമേ കാഴ്ച വെല്ലുവിളി നേരിടുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിനും മുന്നോട്ടുപോകാന്‍ കഴിയുകയുള്ളൂ. ഇന്ന് രണ്ട് രീതിയിലുള്ള വിദ്യാഭ്യാസ സമ്പ്രദായങ്ങളാണ് കാഴ്ചാപരിമിതിതര്‍ക്കുള്ളത്.

വൈകല്യമുള്ള കുട്ടികള്‍ക്ക് സാധാരണകുട്ടികളുടെ കൂടെ ഒരുമിച്ചിരുന്ന് അവരുമായി ഇണങ്ങി വീടിന്‍റെ തൊട്ടടുത്ത സ്കൂളില്‍ പഠിക്കാന്‍ അവസരം ലഭിക്കുന്നു. വൈകല്യമുള്ള കുട്ടികള്‍ക്ക് പരിശീലനം ലഭിച്ച റിസോഴ്സ് അധ്യാപകരുടെ സഹായം ലഭിക്കും. നിലവില്‍ രണ്ട് സ്കൂളുകള്‍ക്ക് ഒരധ്യാപകന്‍റെ സേവനം എസ്.എസ്.എ വഴി നല്‍കുന്നുണ്ട്. കാഴ്ചാ പരിമിതി ഒരു വ്യക്തിയില്‍ മാനസികവും സാമൂഹികവുമായ പ്രശ്നങ്ങളുണ്ടാക്കുന്നു. തനിക്ക് ലഭിക്കുന്ന അനുഭവങ്ങള്‍ കുറയുക, സ്വതന്ത്രമായി സഞ്ചരിക്കാന്‍ പ്രയാസം അനുഭവപ്പെടുക, തന്‍റെ ചുറ്റുപാടുകളെ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടനുഭവിക്കുക തുടങ്ങിയവ അതില്‍ ചിലതാണ്. ഇത്തരം പ്രശ്നങ്ങളെ മറികടക്കാന്‍ പ്രാപ്തമാക്കലാണ് പ്രത്യേക വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത്. കാഴ്ച വെല്ലുവിളി നേരിടുന്നവരുടെ വിദ്യാഭ്യാസ പ്രക്രിയയിലൂടെ, വിജ്ഞാനം എന്ന പോലെ തന്നെ സമൂഹത്തില്‍ മറ്റുള്ളവരെപ്പോലെ ജീവിക്കാനുള്ള മാനസികമായ ശക്തി പകര്‍ന്നുകൊടുക്കുക കൂടിയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഉന്നതമായ പഠനങ്ങള്‍ക്കൊപ്പം സമൂഹത്തില്‍ ഉന്നതമായ ജീവിതസാഹചര്യങ്ങളില്‍ എത്തിപ്പെടാനുള്ള പരിശീലനം കൂടി ഇവര്‍ക്ക് ലഭിക്കുന്നു.


Keywords: Kasaragod, Kerala, Article, Education, School, Mobile Phone, Family, Development project, Karnataka, Ibrahim Cherkala, School For the Blind, Government, Lights in the inner eye.


< !- START disable copy paste -->

1 comment

  1. Dear Sir, thank you for the great report of KSD blind school. We did one day programme on 1999,i was studying 9th std - Technical school -Mogral Puthoor, cant forget that day. What a talented students. I'm wondered because of students performance, behave, respect, happiness. Anyway thank you for remember ones again after 20+ years. What a great nostalgia. Thank you ones again.Have a great day.