കാസർകോട്: (www.kasargodvartha.com 18.01.2022) ജില്ലയിൽ എല്ലാ തരത്തിലുള്ള സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, മത സാമൂദായിക പൊതു പരിപാടികളിലും വിവാഹ മരണാനന്തര ചടങ്ങുകളിലും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം പരമാവധി 50 ആയി പരിമിതപ്പെടുത്തി ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ഉത്തരവിട്ടു. ജില്ലയിൽ കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി സർകാറിൽ നിന്ന് കർശന നിർദേശങ്ങളുടെ ഭാഗമായാണ് ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപെടുത്തുന്നത്.
ജില്ലയിൽ ജനുവരി 15, 16, 17 തീയതികളിൽ റിപോർട് ചെയ്യപ്പെട്ട ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ ശരാശരി 23 ശതമാനമാണ്. കഴിഞ്ഞ മൂന്ന് ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ൽ കൂടുതലുള്ള ജില്ലകളിൽ അധിക നിയന്ത്രണം ഏർപെടുത്താൻ സർകാർ ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണ് ദുരന്ത നിവാരണ നിയമത്തിലെ സെക്ഷൻ 26, 30, 34 പ്രകാരം കലക്ടർ നിയന്ത്രണമേർപെടുത്തിയത്.
ക്ലസ്റ്ററുകളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ 15 ദിവസം അടച്ചിടണം. ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പ്രിൻസിപൽ / ഹെഡ് മാസ്റ്റർ ആരോഗ്യ വകുപ്പിനെ ഉടൻ വിവരമറിയിക്കേണ്ടതാണ്. മാർകെറ്റുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ബീചുകൾ തുടങ്ങി ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ നേരിട്ട് നടത്തുന്ന യോഗങ്ങൾക്കും പൊതുപരിപാടികൾക്കും ഉത്തരവ് കർശനമായി പാലിക്കണമെന്ന് കലക്ടർ അറിയിച്ചു. നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് പൊലീസ്, സെക്ടറൽ മജിസ്രേറ്റുമാർ, തദ്ദേശ ഭരണ സ്ഥാപനങ്ങൾ എന്നിവർ ഉറപ്പു വരുത്തും.
സർകാർ, അർധ സർകർ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിൽ എല്ലാ ചടങ്ങുകളും യോഗങ്ങളും പരിപാടികളും ഓൺലൈനിൽ മാത്രം നടത്തേണ്ടതാണ്. മത, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക, പൊതുപരിപാടികളും പരമാവധി ഓൺലൈനായി സംഘടിപ്പിക്കേണ്ടതും അടിയന്തര സാഹചര്യങ്ങളിൽ നേരിട്ട് സംഘടിപ്പിക്കേണ്ടി വന്നാൽ 50 പേരിൽ കൂടാതിരിക്കാനും കോവിഡ് നിയന്ത്രണ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതുമാണ്.
എല്ലാ പരിപാടികളിലും മാസ്ക് ധരിക്കുന്നതിനും സാമൂഹിക അകലം ഉറപ്പു വരുത്തുന്നതിനും സംഘാടകർ ജാഗ്രത പാലിക്കണം. പൊതു ചടങ്ങുകള്‍ മാര്‍ഗനിര്‍ദേശ പ്രകാരം മാത്രം നടത്തേണ്ടതാണ്. എല്ലായിടത്തും ആളുകളെ പരമാവധി കുറയ്ക്കണം. പനിയും രോഗലക്ഷണങ്ങളുള്ളവരും മറച്ചുവച്ച് പൊതുയിടങ്ങളില്‍ ഇറങ്ങരുത്. രോഗലക്ഷണങ്ങളുള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശമനുസരിച്ച് കോവിഡ് പരിശോധന നടത്തണം.
ഓഫീസുകളിലും സ്ഥാപനങ്ങളിലും എല്ലാവരും ശരിയായ വിധം മാസ്‌ക് ധരിക്കണം. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കൈ കഴുകുന്ന സ്ഥലങ്ങളിലും തിരക്ക് കൂട്ടരുത്. അടച്ചിട്ട സ്ഥലങ്ങള്‍ കോവിഡ് വ്യാപനത്തിന് കാരണമായതിനാല്‍ ജനാലുകളും വാതിലുകളും തുറന്നിടണം. കടകളിലും ഷോപിംഗ് മാളുകളിലും പോകുന്നവര്‍ ഒരിക്കലും മാസ്‌ക് താഴ്ത്തരുത്. എല്ലാവരും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കലക്ടർ കൂട്ടിച്ചേർത്തു.
Keywords: Kerala, Kasaragod, News, Top-Headlines, COVID-19, District Collector, Festival, Report, Result, Mask, Shop, Wedding, Food, Office institutions, Last 3 days, test positivity rate above 20 in Kasaragod.
< !- START disable copy paste -->
കാസർകോട്ട് കഴിഞ്ഞ 3 ദിവസങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ന് മുകളിൽ; പരിപാടികളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം 50 ആക്കി ചുരുക്കി കലക്ടറുടെ ഉത്തരവ്; ക്ലസ്റ്ററുകളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ 15 ദിവസം അടച്ചിടണം
Last 3 days, test positivity rate above 20 in Kasaragod
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ